ആലപ്പുഴ: മഴ കുറഞ്ഞിട്ടും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് പ്രതിസന്ധി. നിരവധി പാടശേഖരങ്ങളില്‍മടവീണ് കൃഷി നാശമുണ്ടായി. പ്രധാന റോഡുകളിലും, ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും നിലച്ചു.
2018ലെ മഹാപ്രളയത്തില്‍ ജലാശയങ്ങളില്‍ അടിഞ്ഞ എക്കലും മാലിന്യങ്ങളും നീക്കി ആഴം വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതാണ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഇത്രവേഗം വെള്ളപ്പൊക്കം അനുഭവപ്പെടാന്‍ കാരണം.
പെയ്ത്ത് വെള്ളത്തില്‍ പോലും ജലാശയങ്ങള്‍ കരകവിയുന്നു. ജലാശങ്ങളുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് കുട്ടനാട്ടുകാരും വിവിധ സംഘടനകളും പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ പെയ്താലും ആശങ്ക കുട്ടനാട്ടുകാര്‍ക്കാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ സ്കൂളുകളിലും മറ്റു കെട്ടിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതില്‍ തങ്ങളുടെ കടമ അവസാനിപ്പിക്കുകയാണെന്നാണ് വിമര്‍ശനം.
പള്ളാത്തുരുത്തി പ്രദേശം ഒഴിച്ച് കുട്ടനാട്ടിലെ മിക്ക മേഖലയിലും ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി. കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറിയത് ദുരിതം വര്‍ധിപ്പിച്ചു. പാടശേഖരങ്ങള്‍ക്കുള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പലരും തങ്ങളുടെ വാഹനങ്ങള്‍ പാലങ്ങള്‍ അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി.
വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച് 700 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന എസി റോഡിലും വെള്ളം കയറി. എണ്‍പത് ശതമാനത്തിലേറെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച എസി റോഡിലെ കിടങ്ങറ പൂവം ഭാഗത്താണിത്. മറ്റൊരു പ്രധാന റോഡായ അമ്പലപ്പുഴ-തിരുവല്ല റോഡിലും പല ഭാഗങ്ങളിലും വെള്ളം കയറി. നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാന്‍ കെഎസ്ആര്‍ടിസി സര്‍വീസും നിലച്ചു.
ജലാശയങ്ങളുടെ ആഴം കൂട്ടുക, കൈയേറ്റങ്ങളും, ഒഴുക്കിനുള്ള തടസ്സങ്ങളും നീക്കുക, എസി കനാല്‍ തുറക്കുക, തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവടങ്ങളിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുക, പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുക തുടങ്ങി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ കാലവര്‍ഷത്തെ നേരിട്ടതാണ് കുട്ടനാടിനെ വീണ്ടും കരകയറാനാകാത്ത വിധം വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.
ഇന്നലെ അപ്പര്‍ കുട്ടനാട്ടിലെ ചില ഭാഗങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങി. തലവടി ഭാഗങ്ങളിലാണ് ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നത്. മുട്ടാര്‍ ഭാഗങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുമ്പോള്‍ എടത്വ, വീയപുരം, തകഴി പ്രദേശങ്ങളില്‍ ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: