ലഖ്നൗ: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതിയെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന് പിന്നാലെ ആ ആദിവാസി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ആദിവാസി യുവാവായ രാവത്തിനെ ക്ഷണിച്ച് വരുത്തിയ ശേഷമാണ് പാദങ്ങള്‍ കഴുകിയത്.
മാലയിട്ട് സ്വീകരിച്ച ശേഷം രാവത്തിന് വിഭവസമൃദ്ധമായ ഭക്ഷണവും നല്കി.ഇതിന് മുന്‍പേ രാവത്തിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതിയായ പ്രവേഷ് ശുക്ലയുടെ അറസ്റ്റും മുഖ്യമന്ത്രി ശിവരാജ് ചൗഹന് ഉറപ്പുവരുത്തിയിരുന്നു.
ആദിവാസി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന മുഖ്യമന്ത്രി ശിവരാജ് ചൗഹാന്:
പ്രതി മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയെന്ന് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. “അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റം. ഏറ്റവും ശിക്ഷ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കു ലഭിക്കുന്ന ശിക്ഷ ഇത്തരം പ്രവൃത്തി ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള പാഠമായിരിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശിവരാജ് ചൗഹാനെതിരെ ഒരു ആയുധമായി എടുത്തുപയോഗിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. പട്ടികവര്‍ഗ്ഗക്കാര്‍ സംസ്ഥാനത്ത് 20 ശതമാനത്തോളമുണ്ട്. ആകെയുള്ള 230 നിയമസഭാ സീറ്റുകളില്‍ 47 ശതമാനം പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളാണ്. മധ്യപ്രദേശിലെ ആകെയുള്ള 29 ലോക്സഭാ സീറ്റുകളില്‍ ആറെണ്ണം പട്ടികവര്‍ഗ്ഗ സംവരണസീറ്റുകളാണ്.
നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയികളില്‍ പ്രചരിച്ചിരുന്നു. ദേശീയ സുരക്ഷാ വകുപ്പ്, എസ്സി,എസ്ടി വകുപ്പ്, മറ്റു വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്.
ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. വിഡിയോ വ്യാജമാണെന്നും ശുക്ലയെ പെടുത്താനായി ആരോ ചെയ്തതാണെന്നുമായിരുന്നു രാവത്തിന്റെ വാദം. എന്നാല്‍ രാവത്തിനെ ഭീഷണിപ്പെടുത്തി കള്ളമൊഴി നിര്‍ബന്ധിച്ച പറയിച്ചതാണെന്നും സൂചനയുണ്ട്. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും വ്യാജ ആരോപണമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
മധ്യപ്രദേശിലെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവാണ് ശിവരാജ് ചൗഹാന്. 2005 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്നു. വീണ്ടും 2020 മുതല്‍ മുഖ്യമന്ത്രിയാണ്. 2006 മുതല്‍ ബുധനി നിയമസഭാ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി ജയിച്ചു. 2023 നവമ്പറിന് മുമ്പായി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: