മുട്ടം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി(ഡിഎല്‍എസ്എ)യുടെ ഇടപെടലിനെ തുടര്‍ന്ന് തോട്ടുങ്കര ജങ്ഷനില്‍ ഭീഷണിയായി നിന്നിരുന്ന മരങ്ങളുടെ ശിഖരം മുറിക്കുന്ന അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.
തോട്ടുങ്കര ജങ്ഷനില്‍ വെയ്റ്റിംഗ് ഷെഡിന് സമീപത്തും ലക്ഷം വീട് കോളനി പാതയോരത്തുമുള്ള മരങ്ങളുടെ ദുരന്താവസ്ഥകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ സംഘടനകളും കളക്ടര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തൊടുപുഴ തഹസീല്‍ദാര്‍, പഞ്ചായത്ത്, വില്ലേജ് എന്നിങ്ങനെ അധികൃതര്‍ക്ക് വര്‍ഷങ്ങളായിട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് മുട്ടം ടൂറിസം ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരായ ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, പി.എം. സുബൈര്‍, എന്‍.എം. സമദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.
പിന്നാലെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം, മുട്ടം പഞ്ചായത്ത് അധികൃതര്‍ എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ഓഫീസില്‍ വിളിച്ച് വരുത്തി 7 ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാനവാസ് എ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സബ് ജഡ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയ പൊതുമരാമത്ത് പാലം വിഭാഗം, കെഎസ്ഇബി അധികൃതര്‍ തോട്ടുങ്കര വെയ്റ്റിംഗ് ഷെഡിന് സമീപത്തുള്ള രണ്ട് മരത്തിന്റെ ദുരന്താവസ്ഥകള്‍ ഭാഗികമായി പരിഹരിച്ചു.
എന്നാല്‍ ലക്ഷം വീട് കോളനിയിലേക്കുള്ള പാതയോരത്തെ ദുരന്താവസ്ഥയിലുള്ള മരം പഞ്ചായത്തിന്റെ അധീനയിലാണ് ഈ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലാണ് മരത്തിന്റെ ദുരന്താവസ്ഥ പരിഹരിക്കേണ്ടത് എന്ന നിലപാട് സ്വീകരിച്ചതോടെ പ്രശ്ന പരിഹാരം സ്തംഭിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസി. ഷേര്‍ളി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ സ്ഥലത്ത് എത്തുകയും കോളനിയിലേക്കുള്ള പാതയോരത്തെ മരത്തിന്റെ ദുരന്താവസ്ഥ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തില്‍ വൈദ്യുതി ലൈന്‍ അഴിച്ച് മാറ്റി തുടര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: