കാഞ്ഞാണി: ഏനാമ്മാവ് റെഗുലേറ്ററിന് മുന്‍വശത്തുള്ള താത്കാലിക ബണ്ട് നീക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്. കൃഷ്ണതേജ നിര്‍ദേശം നല്കി. കോഫര്‍ ബോക്സിനോട് ചേര്‍ന്ന് പര്യാപ്തമായ ഏറ്റവും കുറഞ്ഞ നീളത്തില്‍ താത്കാലിക ബണ്ട് നീക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സി. എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പാടശേഖരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാനാണ് നടപടി. തൃശൂര്‍ മേഖലയില്‍ നിന്നും കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന ഏനാമാക്കല്‍ റെഗുലേറ്ററിന് മുന്നിലുള്ള താല്‍ക്കാലിക ബണ്ടിന്റെ അപ്സ്ട്രീമിലെ ജലനിരപ്പ് 100 സെന്റിമീറ്ററാകുമ്പോള് ബണ്ട് നീക്കാന്‍ ജൂലൈ 6 ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് താല്‍ക്കാലിക ബണ്ട് തടസം സൃഷ്ടിക്കുമ്പോള്‍ തൃശൂര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. വെള്ളക്കെട്ടിനുള്ള സാധ്യത ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുമുതലിനും സംരക്ഷണം നല്‍കാനും ദുരന്തസാധ്യത ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: