കോട്ടയം: ബാലഗോകുലത്തിന്റെ ഉദാത്തമായ ആശയങ്ങള്‍ക്ക് ഇന്ന് വളരെ പ്രസക്തിയുണ്ടെന്നും ബാലഗോകുലം സ്പര്‍ശിക്കുന്ന കുട്ടികള്‍ വഴിപിഴച്ചു പോകില്ല എന്നതാണ് സംഘടനയുടെ പ്രത്യേകതയെന്ന് സംബോധ് ഫൗണ്ടേഷന് ചെയര്മാന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. ബാലഗോകുലം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലഗോകുലം എന്ന സാംസ്കാരിക സംഘടന അതിന്റെ 50-ാം പിറന്നാള്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഇനി വേണ്ടത് എടുത്ത തീരുമാനങ്ങളും ആശയങ്ങളും നടപ്പിലാക്കുവാനുള്ളതാണ് ഇനിയുള്ള ദിനങ്ങള്‍. ബാലഗോകുലത്തിന്റെ ഉദാത്തമായ ആശയങ്ങള്‍ക്ക് ഇന്ന് വളരെ പ്രസക്തിയുണ്ട്. കലാപങ്ങളും നിരാശകളും സമൂഹത്തെ കൈയ്യടക്കുമ്പോള്‍ ബാലഗോകുലം ഒരു ഉത്തരമായി എല്ലാവരുടെയും മുമ്പില്‍ നില്ക്കുന്നു. ഉത്തരമാകുന്നു എന്ന് പറയുമ്പോള്‍ അത് പ്രവര്‍ത്തകര്‍ക്ക് ഒരു ഉത്തരവാദിത്വം കൂടിയാണ്. ചിന്മയാനന്ദ സ്വാമിജി സൂചിപ്പിച്ചതുപോലെ പ്രാര്‍ത്ഥനകള്‍ ഇരുന്നുള്ളതാകുന്നത് നന്നായിരിക്കും എന്ന ഒരു ചിന്ത ഇവിടെ മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ കുട്ടികളെ – നമ്മിലെ കുട്ടികളെ എന്തു ചെയ്തു എന്നത് പ്രസക്തമായ ചോദ്യമാണ്. നമ്മള് ഉള്ളില്‍ കുട്ടികള്‍ ഇല്ലാത്തവരായി മാറിയിരിക്കുന്നു. അതിനര്‍ത്ഥം നമ്മുടെ ചിന്തകള്‍ കാലാനുസാരിയല്ലാത്തതും ശ്രേയസ്കരമല്ലാത്തുമായി മാറുന്നു എന്നതാണ്. കുട്ടികള്‍ ലഹരിയിലേക്ക് കടക്കുന്നതിന് ഒരു ഉത്തരം നമ്മളിലെ കുട്ടികള്‍ മറവുചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. നമ്മുടെ ഉള്ളിലെ കുട്ടിയെ സൂക്ഷിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് നമ്മള് നല്ല വ്യക്തികളാകുന്നത്. ‘നാച്ചുറല്‍ ചൈല്‍ഡ്’ ആണ് ആകേണ്ടത്. ‘അകക്കണ്ണുതുറക്കാന്‍ ആശാന് ബാല്യത്തിലെത്തണം’ സര്‍ഗ്ഗാത്മകത കൊണ്ട് സമ്പന്നമായ കുട്ടികള്‍ ആകണം നമ്മള് ഓരോരുത്തരും. അങ്ങനെയുള്ള കുട്ടികളെ കണ്ടെത്തുകയാണ് ബാലഗോകുലം ചെയ്യേണ്ടത്.
നമ്മുടെ ഉള്ളിലെ ഊര്‍ജ്ജസ്വലമായ കഴിവുള്ള കുട്ടികളാണ് ബാലഗോകുലം നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നത്. ‘വിഷുക്കാലമെത്തിയാല്‍ എനിയ്ക്കാവതില്ലേ’ എന്ന കവി വരികളെപ്പോലെ സ്വഭാവികമാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. സി. രാധാകൃഷ്ണന്റെ നോവലില്‍ പറഞ്ഞതുപോലെ ഭാഷ മനുഷ്യന് പലതും മറച്ചുവയ്ക്കാനുള്ള ഉപാധിയായി മാറരുത്. നാം സ്പര്‍ശിക്കുന്ന കുട്ടികള്‍ വഴിപിഴച്ചു പോകില്ല എന്നതാണ് ബാലഗോകുലത്തിന്റെ പ്രത്യേകത.
അതിന് ഗോകുലപ്രവര്‍ത്തകര്‍ കുട്ടികളുടെ ഹൃദയത്തെ സ്പര്ശിക്കുന്നവരാകണം. തങ്ങളുടെ പ്രവര്‍ത്തനം അപ്രകാരത്തിലുള്ളതാണോ എന്ന് ഓരോരുത്തരും ചിന്തിക്കണം. ഈ കാലഘട്ടത്തിലെ കുട്ടികള്‍ക്ക് പൊതുവെയുള്ള പരാതി ‘ആരും തങ്ങളെ മനസ്സിലാക്കുന്നില്ല’ എന്നതാണ്. അവരെ ‘ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്’ എന്ന് ബോധ്യപ്പെടുത്താന്‍ ഗോകുല പ്രവര്‍ത്തകര്‍ക്ക് കഴിയണം. അത് അവരോട് സമര്‍ത്ഥമായി സംവദിക്കണം. വസ്തുതകളെ ശ്രവിക്കുമ്പോഴല്ല വികാരങ്ങളെ മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴാണ് നമ്മള് വിജയിക്കുന്നത്. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് മാര്ഗ്ഗദര്ശകരാകണം. ബാലഗോകുലം ഒരു തപസ്സാകണം അതിന്റെ പ്രവര്‍ത്തകര്‍ക്ക്. എല്ലാത്തിനെയും എതിര്ക്കുന്നവരാകാതെ ശ്രേയസ്സിന്റെ പാതയില്‍ കുട്ടികള്‍ വളരണം. എല്ലാ കുട്ടികളിലും സംഘടനയുടെ സ്പര്‍ശമെത്തിക്കാന്‍ നാം നമ്മോടുതന്നെ നീതി പുലര്‍ത്തണം. മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും അവനവനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകണമെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി സരസ്വതി പറഞ്ഞു.
5000 സ്ഥലങ്ങളില്‍ ബാലഗോകുലം എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ആര്. പ്രസന്നകുമാര്‍
ദ്വാപരയുഗത്തിലെ പേമാരിയില്‍ ഭഗവാന് ശ്രീകൃഷ്ണന് ഗോവര്‍ദ്ധനത്തിനു കീഴെ എല്ലാവരെയും ഒരുമിച്ചുനിര്ത്തിയതുപോലെ ബാലഗോകുലത്തെ ഒരു കുടയായി കണ്ടുകൊണ്ട് ഈ പ്രതികൂല സാഹചര്യത്തിലും ഇവിടെ ഓരോരുത്തരും എത്തിചേര്‍ന്നത് മാതൃകാപരമാണെന്ന് ബാലഗോകുലം അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 5000 സ്ഥലങ്ങളില്‍ ഗോകുലം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആതിഥ്യമരുളുന്ന കോട്ടയം ജില്ലയുടെ പ്രസാദമാണ് ഇന്നിവിടെ വിരിയുന്ന മധുരമുള്ള പുഞ്ചിരി. ഓരോ ഉജ്ജ്വലമായ മുഹൂര്‍ത്തത്തിന്റെയും തൊട്ടുപിന്നിലുള്ള സമയമാണ് ഏറ്റവും മഹത്തായ സമയം. ആ സമയം കഠിന പരിശ്രമത്തിന്റേതാണ്. ഈ ഉജ്ജ്വലമുഹൂര്ത്തവേദി തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമാകണം. ശാന്തമായ പ്രവര്‍ത്തനനിരതമായ രണ്ടുവര്‍ഷമാണ് ഇനിയുള്ളത്. വിശ്രമമില്ലാത്ത വികാസവര്ഷം. 5000 സ്ഥലങ്ങളില്‍ ഗോകുലം എന്നതാണ് നമ്മുടെ ലക്ഷ്യം. 2023 കലോല്‍സവ വര്‍ഷം കൂടിയാണ് എന്നത് യാദൃശ്ചികതയാണ്. യാദൃശ്ചികത എന്നതിന് യാതൊന്നിന്റെ ഇച്ഛകൊണ്ട് സംഭവിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ അത് ഭഗവാന്റെ ഇച്ഛ തന്നെയാണ്. ഈ ഒരു ദിവസം പൂര്‍ണ്ണമായും പഠിക്കാനെടുത്തുകൊണ്ട് വാര്‍ഷിക സമ്മേളനം പൂര്‍ണ്ണമാക്കാം. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രകാശ പരത്തുന്ന ദീപങ്ങളായി മാറിക്കൊണ്ട് തെളിഞ്ഞ മനസ്സോടെ, നിറഞ്ഞ ബുദ്ധിയോടെ ഓരോ വ്യക്തിക്കും ഇവിടെനിന്നും മടങ്ങിപോകാന്‍ സാധിക്കണെന്നും പ്രസന്നകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: