Categories: India

ബംഗ്ലാദേശി യുവതിക്കായി മതംമാറി; സ്വാധീനിക്കാന്‍ സക്കീര്‍ നായിക്കിന്റെ വീഡിയോ; സന്യാസി ശ്രേഷ്ഠന്റെ ഇടപെടലില്‍ ഒടുവില്‍ മാതൃധര്‍മ്മത്തിലേയ്‌ക്ക് മടക്കം

ചേലാ കര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതിനായി രണ്ട് മുസ്ലീം യുവാക്കളോടൊപ്പം ജേത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ അഷീഷ് ഗോസ്വാമി അവിടെ ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. അതാണ് സംഭവം വെളിച്ചത്തു വരാന്‍ കാരണമായത്. വിഷയം പോലീസിനു മുന്നിലെത്തിയതോടെ കൂടുതല്‍ അന്വേഷണത്തിന് വിധേയമാവുകയായിരുന്നു.

Published by

അഹമ്മദാബാദ്: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ഹിന്ദു യുവാക്കളെ മതം മാറ്റാനുള്ള ഒരു പദ്ധതി സമീപകാലത്ത് വെളിച്ചത്തു വന്നിരുന്നു. അതിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം ജേത്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്‌ക്കുന്നു; ഇത്തവണ ഇന്‍സ്റ്റാഗ്രാം ആണ് വേദി. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കാന്‍ വേണ്ടി ഒരു ഹിന്ദു യുവാവ് ഇസ്ലാമിലേക്ക് മതം മാറുകയായിരുന്നു. സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ കൊടുത്ത് യുവാവിനെ സ്വാധീനിയ്‌ക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ യുവാവിന്റെ കഥ ശുഭ പര്യവസായി ആയി തീരുകയാണ് ഉണ്ടായത്. ജേത്പൂരിലെ ഹിന്ദു സംഘടന പ്രവര്‍ത്തകരും ഒരു ശ്രേഷ്ഠ സന്യാസിയും ഒരുമിച്ച് നടത്തിയ പരിശ്രമത്തിനൊടുവില്‍ യുവാവ് തെറ്റ് തിരിച്ചറിഞ്ഞ് സനാതന ധര്‍മ്മത്തിലേക്ക് മടങ്ങി വന്നു. 

ജേത്പൂരിലെ ഈ യുവാവിന്റെ ഇസ്ലാമിലേക്കുള്ള മതംമാറ്റ വാര്‍ത്ത പരക്കെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പുതിയ വിശ്വാസത്തില്‍ ചേര്‍ന്നതിന്റെ ഭാഗമായി ആഷീഷ് ഗോസ്വാമി എന്ന പേര് മാറ്റി ഷെയ്ഖ് മുഹമ്മദ് അല്‍സാമി എന്ന പുതിയ പേരും അയാള്‍ സ്വീകരിച്ചിരുന്നു. ചേലാ കര്‍മ്മം നിര്‍വ്വഹിയ്‌ക്കുന്നതിനായി രണ്ട് മുസ്ലീം യുവാക്കളോടൊപ്പം ജേത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ അഷീഷ് ഗോസ്വാമി അവിടെ ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. അതാണ് സംഭവം വെളിച്ചത്തു വരാന്‍ കാരണമായത്. വിഷയം പോലീസിനു മുന്നിലെത്തിയതോടെ കൂടുതല്‍ അന്വേഷണത്തിന് വിധേയമാവുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെ പ്രാദേശിക ഹിന്ദു സംഘടനകളുടെ ശ്രദ്ധയില്‍ പെട്ട വാര്‍ത്ത, ഗൗരവത്തിലെടുക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഹിന്ദു ധര്‍മ്മ സേനയുടെ നേതാവും ജേത്പൂര്‍ നരസിംഹ ക്ഷേത്രത്തിലെ മഹന്തുമായ കനൈയ്യാനന്ദ് മഹാരാജ് യുവാവിനെ മതം മാറ്റത്തില്‍ നിന്ന് രക്ഷിയ്‌ക്കാന്‍ ഉറച്ച് ഉടനടി പുറപ്പെട്ടു. അദ്ദേഹം തന്റെ അനുയായികളേയും കൂട്ടി അന്ന് രാത്രിതന്നെ ചെറുപ്പക്കാരന്റെ വീട്ടിലെത്തി കണ്ടു.

തുടര്‍ന്ന് നടന്ന രണ്ടു മണിയ്‌ക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവില്‍ ആഷീഷ് ഗോസ്വാമി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു. താന്‍ ഇസ്ലാമിസ്റ്റ് സ്വാധീനത്തില്‍ പെട്ടു പോയത് അയാള്‍ തുറന്നു സമ്മതിച്ചു. മാതൃധര്‍മ്മത്തിലേക്ക് മടങ്ങിവരാന്‍ തയ്യാറായ ആശീഷിന്റെ നെറ്റിയില്‍ പ്രതീകാത്മകമായി മഹന്ത് കനൈയ്യാനന്ദ് ചന്ദനം പൂശി. ഇസ്ലാമിലേക്ക് ചേരുന്നതിന്റെ ഭാഗമായി നീട്ടി വളര്‍ത്തിയിരുന്ന താടി, തന്റെ പരാവര്‍ത്തനത്തിന് അടിവരയിട്ടു കൊണ്ട് നീക്കം ചെയ്യാന്‍ ആശീഷ് തയ്യാറായി.

ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമം ജേത്പൂരില്‍ നിന്നുള്ള ആ ചെറുപ്പക്കാരനെ സനാതന ധര്‍മ്മത്തിലേക്ക് തിരികെ കൂട്ടിയിണക്കുന്നതില്‍ വിജയിച്ചു. സക്കീര്‍ നയിക്കിന്റെ സ്വാധീനത്തിലായിരുന്നു അയാള്‍ മതം മാറാന്‍ തയ്യാറായത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം ഭേരികള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ആശീഷിനോടൊപ്പം ഹനുമാന്‍ ചാലീസ ജപവും കഴിഞ്ഞാണ് പിരിഞ്ഞത്.

‘ഈ വാര്‍ത്ത എനിക്ക് കിട്ടുമ്പോള്‍ ഞാന്‍ ഗാന്ധി നഗറിലായിരുന്നു. വിഷയത്തിന്റെ ഗൗരവം എനിയ്‌ക്ക് ബോദ്ധ്യപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ ഞാനും സഹപ്രവര്‍ത്തകരും ജേത്‌നഗറിലേക്ക് തിരിച്ചു. രാത്രി ഒമ്പത് മണിയോടെ ചെറുപ്പക്കാരന്റെ വീട്ടിലെത്തി. അയാളുടെ തെറ്റ് മനസ്സിലക്കിക്കാനുള്ള ശ്രമം തുടങ്ങി’. ഓപ്ഇന്ത്യക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മഹന്ത് കനൈയ്യാനന്ദ് മഹാരാജ് പറഞ്ഞു. അഖില ഭാരതീയ സന്ത് സമിതിയുടെ സൗരാഷ്‌ട്ര പ്രന്തത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

‘ഏതാണ്ട് 11 മണിയോടെ അയാള്‍ മാനസിക സന്തുലനം വീണ്ടെടുക്കാനും, നമ്മുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാനും തുടങ്ങി. പശ്ചാത്താപം കൊണ്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ക്ക് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് സനാതന ധര്‍മ്മത്തിലേക്കുള്ള മടങ്ങി വരവിന്റെ പ്രതീകമായി ഞാന്‍ അയാളുടെ നെറ്റിയില്‍ ചന്ദനം പൂശി’ മഹന്ത് കനൈയ്യാനന്ദ് പറഞ്ഞു.

തുടര്‍ന്ന് ദിവസേന ഭഗവദ് ഗീത പാരായണം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു കൊണ്ട് മഹന്ത് ആ ചെറുപ്പക്കാരന് വേണ്ട മാര്‍ഗ്ഗദര്‍ശനവും നല്‍കി. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടായാല്‍ ഉത്തരം നല്കാന്‍ താനെപ്പോഴും ഉണ്ടാകുമെന്നുള്ള വാഗ്ദാനവും മഹന്ത് കനൈയ്യാനന്ദ് നല്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക