കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ വ്യാപക അക്രമം. പ്രചാരണ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായി പോളിങ് ദിനത്തിലും അക്രമം കത്തിക്കയറുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂണ്‍ 9 മുതല്‍ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളില്‍ ബംഗാളില്‍ കൊല്ലപ്പെട്ടത്. ഇന്നത്തെ അക്രമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് അടക്കം മൂന്നോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തില്‍ പരം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നു എന്ന അപൂര്‍വതയുമുണ്ട്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00 മണിക്കാണ് അവസാനിക്കുന്നത്. തൃണമൂലുകാരുടെ ആക്രമണത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ അഭയം തേടി എത്തി. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ് വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. നോര്‍ത്ത് 24 പര്‍ഗാനയിലെ ബസുദേബ്പുരിലെത്തിയ ഗവര്‍ണര്‍ക്ക് മുന്നില്‍, അക്രമങ്ങളില്‍ ആവലാതികളുമായി സിപിഎം നേതാക്കള്‍ വീണ്ടും എത്തി. അവരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേട്ട ഗവര്‍ണര്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് അറിയിച്ചു.
തിരഞ്ഞെടുപ്പിനിടെ കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പോള്‍ ചെയ്ത വോട്ടുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയുമായി കുതിരപ്പുറത്ത് വന്ന അജ്ഞാതന്‍ കടന്നുകളഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കടകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ചില്‍ കഴിഞ്ഞ രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ വീടുകള്‍ തകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി അക്രമങ്ങള്‍ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജില്ലാ പരിഷത്തുകളിലേക്ക് 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലേക്ക് 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലേക്ക് 63, 229 സീറ്റുകളിലുമാണ് 5.67 കോടി വരുന്ന സമ്മതിദായകര്‍ വിധിയെഴുതുന്നത്. ഫലപ്രഖ്യാപനം 11-ന് ഉണ്ടാവും. ബി.ജെ.പി., സി.പി.എം.-കോണ്‍ഗ്രസ് സഖ്യം എന്നിവയാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: