കുറെ വരകള്‍ കുത്തുകളില്‍ നിന്ന് കുത്തുകളിലേക്ക് കൂട്ടിയോജിപ്പിക്കുമ്പോള്‍ കുരുക്ഷേത്ര ഭൂമിയിലെ മഹായുദ്ധം സംഭവിക്കുന്നു…രണ്ടോ മൂന്നോ പോറലുകള്‍ കൊണ്ട് അമ്മയുടെ ഒക്കത്ത് ഒരു കുഞ്ഞിനെ സൃഷ്ടിക്കുന്നു….നമ്പൂതിരി ചിത്രങ്ങള്‍ മറ്റെല്ലാ വരകളില്‍ നിന്നും വേറിട്ട അനുഭൂതിയാണ് പകര്‍ന്നു നല്‍കിയത്. കഥവായിക്കുന്നതിനുമുമ്പേ ചിത്രം വായിച്ച് നമ്മള്‍ കഥയറിഞ്ഞു കഴിയും. സൂക്ഷ്മമായ, മൂര്‍ച്ചയുള്ള രേഖകളാണ് ചിത്രീകരണത്തിന് നമ്പൂതിരി ഉപയോഗിക്കുക. അതില്‍ ഔചിത്യം കൂട്ടിച്ചേര്‍ക്കുമ്പോള്‍ വേറിട്ടൊരു സൗന്ദര്യമുണ്ടാകുന്നു ചിത്രങ്ങള്‍ക്ക്.
സാഹിത്യം വായിക്കുമ്പോള്‍, ഒപ്പമുള്ള നമ്പൂതിരിചിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ വായിച്ചതും അതിനപ്പുറവും ദൃശ്യങ്ങളായി തെളിഞ്ഞുവരുന്നു. എഴുത്തിനാണോ ചിത്രങ്ങള്‍ക്കാണോ മേല്‍ക്കൈ എന്ന് നമ്പൂതിരിയോട് ചോദിച്ചപ്പോള്‍ എഴുത്തിന് അലങ്കാരം മാത്രമാണ് വരകള്‍ എന്ന് അദ്ദേഹം വിനയാന്വിതനായിട്ടുണ്ട്. എന്നാല്‍ എഴുത്തിനെയും മറികടന്ന എത്രയെത്ര വരകള്‍ നമ്പൂതിരി സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരന് വാക്കുകളാല്‍ മനസ്സിലാക്കിക്കാന്‍ കഴിയാത്ത ഭാവപ്രപഞ്ചത്തെ മൂര്‍ച്ചയുള്ള വരകളാല്‍ നമ്പൂതിരി വായനക്കാരനിലേക്ക് സന്നിവേശിപ്പിച്ചു.
ആ ചിത്രങ്ങള്‍ നോക്കി ചിലര്‍ വികാരംകൊണ്ടു. അത്രയ്‌ക്ക് സൗന്ദര്യവത്തായിരുന്നു ആ മെയ്യളവുകള്‍. പുരുഷനെ വരയ്‌ക്കുന്നതുപോലെയായിരുന്നില്ല സ്ത്രീകളെ സൃഷ്ടിച്ച നമ്പൂതിരിയുടെ വരകള്‍ സഞ്ചരിച്ചത്. നമ്പൂതിരിച്ചിത്രങ്ങളുടെ ജനപ്രിയതയ്‌ക്കുള്ള പ്രധാനകാരണം അതാണെന്ന് ചിലര്‍ പറഞ്ഞത് വിമര്‍ശനവിധേയമായിട്ടുമുണ്ട്. രണ്ടാമൂഴത്തിലെ പാഞ്ചാലിയുടെ ചിത്രങ്ങള്‍ ഓരോ കാഴ്ചയിലും പരവശനാക്കുന്നു എന്നായിരുന്നു വാദം. നല്ല, ഒത്തപൊക്കമുള്ള ആകാരവടിവൊത്ത സ്ത്രീകള്‍ നമ്പൂതിരി വരയുടെ പ്രത്യേകത തന്നെയായിരുന്നു. സി.വി.ബാലകൃഷ്ണന്റെ കാമമോഹിതത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ വായനക്കാരനെ എന്നും മോഹിപ്പിച്ചുകൊണ്ടേയിരിക്കും.
സ്ത്രീകളെ മാത്രമായിരുന്നില്ല നമ്പൂതിരി ആകര്‍ഷകമാക്കിയത്. പുരുഷ സൗന്ദര്യത്തിന്റെ ആധികാരികതയും വരകളില്‍ ഉണ്ടായി. അധികാരം എന്ന വികെഎന്‍ കൃതിയില്‍ അതു ജ്വലിച്ചു നിന്നു. കസേരയില്‍ ശരീരം മുഴുവന്‍ ചേര്‍ത്തുവച്ച് തലയുയര്‍ത്തി, വിരല്‍ചൂണ്ടിയിരിക്കുന്ന നാണ്വാര് അധികാരത്തിന്റെ മൂര്‍ത്തിഭാവമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയിലെ സുഹറയുടെയും മജീദിന്റെയും പ്രണയ നിമിഷങ്ങളുടെ ചിത്രീകരണവും ഈ ശ്രേണിയില്‍ പെടുത്താവുന്നതാണ്. ബഷീറിന്റെ ജീവിതവും നമ്പൂതിരിയുടെ വരകള്‍ക്ക് വിധേയമായിട്ടുണ്ട്. പത്രക്കാരന്‍, പുസ്തകക്കച്ചവടക്കാരന്‍, കൈനോട്ടക്കാരന്‍, ഗുസ്തിക്കാരന്‍ എന്നിങ്ങനെ ബഷീര്‍ കെട്ടിയാടിയ വേഷപ്പകര്‍ച്ചകള്‍ നമ്പൂതിരി വരകളാക്കി.
മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം എന്ന കൃതിക്ക് നമ്പൂതിരിയുടെ വരകളില്ലാതെ അസ്തിത്വമില്ല. നീര്‍മാതളപ്പൂക്കളുടെ സുഗന്ധം, ഗൃഹാതുരത്വം ആ വരകളില്‍ നിന്ന് അനുഭവിക്കാനാകുന്നു എന്നാണ് എം.പി.അപ്പന്‍ എഴുതിയത്. എംടിയുടെ രണ്ടാമൂഴത്തിലെ ഭീമനെയും ദ്രൗപതിയെയും അടുത്തറിഞ്ഞത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളിലൂടെയാണ്. വികെഎന്നിന്റെ പയ്യനും പുനത്തില്‍ സൃഷ്ടിച്ച സ്മാരക ശിലകളിലെ തങ്ങളും മലയാറ്റൂരിന്റെ ബ്രിഗേഡിയറും മാധവിക്കുട്ടിയുടെ ജാനുവമ്മയും മനസില്‍ കുടിയിരിക്കുന്നത് നമ്പൂതിരി സൃഷ്ടിച്ച രൂപങ്ങളിലൂടെയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥകള്‍ വായിച്ചു തീരുന്നതിനു മുന്നേ ‘വരകള്‍ വായിച്ചിരുന്ന’ കാലം. പിന്നീടാവരകള്‍ കലാകൗമുദിയിലും മലയാളം വാരികയിലും ‘വായിച്ചു’. തകഴിയുടെയും ബഷീറിന്റെയും സേതുവിന്റെയും എന്‍.എസ്. മാധവന്റെയും മുതല്‍ പുതുതലമുറ എഴുത്തുകാരുടെ വരെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് നമ്പൂതിരിയുടെ മാന്ത്രിക വിരലുകളാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ നെട്ടൂര്‍മഠത്തിന് വരച്ച ചിത്രങ്ങളില്‍ നിന്ന് അച്ചാറിന്റെ ഗന്ധം പുറത്തേക്കുവന്നു. പാലക്കാടന്‍ അഗ്രഹാരവും കോലങ്ങളും മാമിമാരും തൈരുസാദത്തിന്റെയും സാമ്പാറിന്റെയും അച്ചാറിന്റെയും രുചിയുള്ള ചിത്രങ്ങളായിരുന്നു അവയെല്ലാം.
1961മുതല്‍ നമ്പൂതിരി, ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആര്‍ക്കും അതൊരിക്കലും മടുത്തില്ല. സാഹിത്യഭംഗി ഒട്ടും ഇല്ലാത്ത രചനകള്‍ പോലും നമ്പൂതിരി ചിത്രത്താല്‍ ഉദാത്ത സൃഷ്ടിയായിമാറി. നമ്പൂതിരിയുടെ രചനാ ശൈലിമാറിയിരുന്നില്ലെങ്കിലും ജീവിതസാഹചര്യങ്ങളും സമൂഹവും മാറുന്നത് സദാ നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വരച്ചിരുന്നത്. 1960ലോ 70ലോ വരച്ച ഒരാണ്‍രൂപത്തിലെ ഉടുപ്പോ നടപ്പോ ചിരിയോ ചലനമോ ആയിരിക്കില്ല ആധുനികകാലത്തെ ഒരു നമ്പൂതിരിച്ചിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുക. താന്‍ കഥയെഴുതുന്നത് നമ്പൂതിരിക്ക് വരയ്‌ക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു, വികെഎന്‍. വരയുടെ പരമശിവനെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിളിച്ചതും അദ്ദേഹം തന്നെ. വരയുടെ കൈലാസശൃംഗത്തിലായിരുന്നു നമ്പൂതിരിയുടെ ഇരിപ്പിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: