കെ.എന്‍.സജികുമാര്‍
പൊതുകാര്യദര്‍ശി, ബാലഗോകുലം
ബാലഗോകുലം രൂപപ്പെട്ടത് ഇരുള് നിറഞ്ഞ ദിനങ്ങളിലായിരുന്നു. അടിയന്തിരാവസ്ഥവരെ എത്തിയ രാഷ്ട്രീയതിമിരം ജനതയെ ഭയപ്പെടുത്തി നിശബ്ദരാക്കിക്കൊണ്ടിരുന്നു. പൂര്‍വ സുകൃതങ്ങളെ പുച്ഛിച്ചുതള്ളുന്ന പൈതൃകനിന്ദയുടെ പ്രത്യയശാസ്ത്രം ചെറുപ്പക്കാരെ വശീകരിച്ചുകഴിഞ്ഞിരുന്നു. ധര്‍മ്മാധര്‍മ്മചിന്തകളൊന്നും ആരെയും അലട്ടിയിരുന്നില്ല. ഉപഭോഗത്തിനപ്പുറം മനുഷ്യജീവിതത്തിന് ലക്ഷ്യങ്ങളുണ്ടെന്ന് പാഠശാലകള്‍ പഠിപ്പിച്ചിരുന്നില്ല. ഏതാനും വൃദ്ധജനങ്ങളുടെ വിചാരവും വിലാപവും മാത്രമായി കേരളസംസ്ക്കാരം തളര്‍ന്നു തുടങ്ങിയിരുന്നു. ഈ ഇരുളിന്മേലാണ് ഗോകുലനാളങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്
കൊച്ചുകൈത്തിരികളായി അവ ഓരോ ഗ്രാമത്തിലും വെളിച്ചത്തിന്റെ ചെറുതുരുത്തുകള്‍ സൃഷ്ടിച്ചു. നാമം ചൊല്ലാനും നമസ്തേ പറയാനും ഗീത പഠിക്കാനും ഗോപൂജ ചെയ്യാനും മഞ്ഞപ്പട്ടും മയില്‍പ്പീലിയുമണിഞ്ഞു ശോഭായാത്ര നടത്താനും ശിബിരങ്ങളില്‍ പങ്കെടുക്കാനും പൊതിച്ചോറുകള്‍ പങ്കിട്ടുകഴിക്കാനും കിങ്ങിണികെട്ടിയ ബാല്യങ്ങള്‍ മുന്നോട്ടു വന്നു. കലോത്സവങ്ങളും ബാലമേളകളും കലായാത്രകളുമായി ഒഴുക്കു ശക്തമായി. വലിയ ബാലമഹാസമ്മേളനങ്ങള്‍ അരങ്ങേറി. സാംസ്ക്കാരികനായകരെല്ലാം വിവിധവേദികളില്‍ വന്നുനിന്നനുഗ്രഹിച്ചു. ഋഷികവികള്‍ മംഗളഗീതം ചൊല്ലി. അങ്ങനെ കേരളസമൂഹത്തില്‍ ബാലഗോകുലവൃക്ഷം വേരുറച്ചു വളര്‍ന്നു.
ഇന്ന് ബാലഗോകുലവും അതിന്റെ ഉപപ്രസ്ഥാനങ്ങളും ഏവര്‍ക്കും പരിചിതമാണ്. ഗോകുലശൈലിയുടെ നന്മയും സൗന്ദര്യവും പരക്കെ പ്രശംസിക്കപ്പെടുന്നു. അത് പ്രസരിപ്പിക്കുന്ന വെളിച്ചത്തെ ചിലരെങ്കിലും ഭയപ്പെടുന്നുമുണ്ട്. അവഗണനയുടെ തലം വിട്ട് എതിര്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്ന് അംഗീകാരത്തിലേക്കും സ്വാംശീകരണത്തിലേക്കും വളര്‍ന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ ബാലലീലകള്‍ അടിസ്ഥാനമാക്കി കേളികളിലൂടെയുള്ള പഠനരീതി പിന്തുടരുന്നു. ശ്രീകൃഷ്ണന്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നു. കൃഷ്ണവേഷം ധരിച്ച ലക്ഷക്കണക്കിനു കുട്ടികള്‍ അണിചേരുന്ന ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നു. ജന്മാഷ്ടമി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ നിറപ്പകിട്ടാര്‍ന്ന സമാജോത്സവമാണ്.
കുട്ടികളുടെ സര്വ്വതോന്മുഖമായ വളര്‍ച്ചയാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്. ഭാഷ, ചരിത്രം, സംസ്ക്കാരം എന്നീ വിഷയങ്ങളില്‍ അനൗപചാരികപഠനത്തിനും ഗവേഷണത്തിനുമുള്ള സ്വതന്ത്ര സര്‍വ്വകലാശാലയായി അമൃതഭാരതീ വിദ്യാപീഠം ബാലഗോകുലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി സൗരക്ഷിക എന്ന നിയമസഹായവേദിയുമുണ്ട്. മയില്‍പ്പീലി ബാലമാസികയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും ഒരു ലക്ഷം രൂപയുടെ യുവ സ്കോളര്‍ഷിപ്പ് നല്കിവരുന്നു. ജന്മാഷ്ടമി പുരസ്കാരം (കൃഷ്ണസന്ദേശം പ്രചരിപ്പിക്കുന്ന മഹദ് വ്യക്തികള്‍ക്ക്), കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്ക്കാരം (കുട്ടികള്‍ക്കു മാതൃകയായ വ്യക്തികള്‍ക്ക്), എന്‍.എന്‍.കക്കാട് പുരസ്കാരം (എഴുതിത്തുടങ്ങുന്ന ബാലപ്രതിഭകള്‍ക്ക്) എന്നീ മൂന്നു ശ്രദ്ധേയമായ പുരസ്ക്കാരങ്ങള്‍ ബാലഗോകുലം നല്കിവരുന്നു
ആ പശ്ചാത്തലത്തിലാണ് അന്‍പതാം വാര്‍ഷികം ആഘോഷിക്കുക. അന്‍പതാം വര്‍ഷം അയ്യായിരം ഗോകുലം എന്നതാണ് സംഘടനാപരമായ ലക്ഷ്യം. മലയാളക്കരയിലെ എല്ലാ സ്ഥലങ്ങളിലും ഗോകുലപ്രവര്‍ത്തനത്തിന്റെ മയില്‍പ്പീലിസ്പര്‍ശം എത്തിച്ചേരണം. ഓരോ യൂണിറ്റിലും അന്‍പതു ഗോകുലഭവനങ്ങളെങ്കിലും വേണം. എല്ലാ മണ്ഡലങ്ങളിലും ഒന്നിലേറെ വ്യവസ്ഥാപിതഗോകുലങ്ങള്‍ വരണം. ഓരോ താലൂക്കിലും അഞ്ചു കാര്യക്ഷമഗോകുലങ്ങള്‍. ജില്ലയില്‍ ഒന്നോ രണ്ടോ ഗോകുലഗ്രാമങ്ങള്‍. പ്രതിവാരഗോകുലത്തില്‍ ഒരു ലക്ഷം ബാലികമാരും അത്രതന്നെ ബാലന്മാരും പങ്കെടുക്കണം. ചെറുതല്ല ലക്ഷ്യം.
മറ്റാര്‍ക്കും ഭാവന ചെയ്യാന്‍ പോലും കഴിയാത്ത ഉദാത്തവും സുന്ദരവുമായ ആശയമാണ് ഗോകുലം. കുട്ടികള്‍ ഒത്തുചേരുന്ന ഒരിടം മാത്രമല്ലത്. ഹൃദയശുദ്ധി. നിഷ്ക്കളങ്കമായ സ്നേഹം, കരുതല്‍, ആദര്‍ശനിഷ്ഠ, സര്‍ഗ്ഗാത്മകത, സേവനസന്നദ്ധത അങ്ങനെ ഒട്ടേറെ നന്മകളുടെ ചേരുവയാണ് ഗോകുലം. ഈ നന്മയിലൂടെ ജീവിക്കാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും ഉണ്ടാവണം. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളിലാണ് എല്ലാവരുടേയും പ്രതീക്ഷ. അവര്‍ പഠിച്ചു നല്ല ജോലി നേടി കുടുംബം സംരക്ഷിക്കും. കലയിലോ കളികളിലോ പ്രതിഭകളായി നാടിനും വീടിനും അഭിമാനമുയര്‍ത്തും. ബുദ്ധിശക്തിയും സാമര്‍ത്ഥ്യവുംകൊണ്ട് അവര്‍ നാളെ സമൂഹത്തിന്റെ സങ്കടങ്ങള്‍ പരിഹരിക്കും. നമ്മുടെ രാജ്യത്തിനു തന്നെ മുതല്‍ക്കൂട്ടായി മാറും. അതേ! കുഞ്ഞുങ്ങള്‍ നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. എല്ലാവരും അവരെപ്പറ്റി നല്ലതു പറയണം. ആയുസ്സും ആരോഗ്യവും അറിവും ആചരണശീലവുമുള്ള ഉത്തമപൗരന്മാരായി മക്കള്‍ വളര്‍ന്നുവരുന്നതു കാണുന്നതിനേക്കാള്‍ എന്തു സ്വര്‍ഗ്ഗമാണ് അച്ഛനമ്മമാര്‍ക്കു ലഭിക്കാനുള്ളത്!
സമൂഹജീവിതത്തെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സമകാലീന പ്രതിസന്ധിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് ബാലഗോകുലം കരുതുന്നു. കുട്ടികളെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി സാമൂഹ്യനവോത്ഥാനം സാധ്യമാക്കുകയാണ് ബാലഗോകുലത്തിന്റെ രീതി. കുട്ടിയിലൂടെ-കുടുംബത്തിലൂടെ സമൂഹമുന്നേറ്റം-അതാണ് കാഴ്ചപ്പാട്. കുട്ടിയെ സംസ്കരിച്ചെടുക്കുകയും അവനെ സാമൂഹ്യജീവിതത്തിനു പ്രാപ്തനാക്കുകയും ചെയ്യുന്ന സാമൂഹ്യഘടകമാണ് കുടുംബം. അതിനാല്‍ കുടുംബ നവീകരണത്തിലൂടെ മാത്രമേ സാമൂഹ്യമാറ്റം സാധ്യമാകൂ. കുട്ടികള്‍ പരിഗണിക്കപ്പെടാത്ത വീടുകള്‍ അക്കാരണം കൊണ്ടുതന്നെ ഛിദ്രമായിത്തീരും. വീടിനകത്തുള്ള കുഞ്ഞുങ്ങളാണ് വീടിന്റെ ഐശ്വര്യം. ഈ തിരിച്ചറിവില്‍നിന്നുതന്നെ മനപരിവര്‍ത്തനം തുടങ്ങേണ്ടതുണ്ട്.
ബാലഗോകുലത്തിന് ഊടും പാവും നല്‍കിയത് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എം.എ. കൃഷ്ണന് എന്ന എംഎ സാര്‍ ആണെങ്കിലും കുട്ടികളുടെ കവി കുഞ്ഞുണ്ണി മാഷിനെയാണ് ബാലഗോകുലത്തിന്പ്രവര്‍ത്തനത്തിന്റെ വഴിവിളക്കായി കാണാനാവുക. സ്വരൂപം ചെറുത് മുന്നോട്ട് വെയ്ക്കുന്ന ആശയം വലുത് എന്നതില്‍ ബാലഗോകുലവും കുഞ്ഞുണ്ണിമാഷും പരസ്പര പൂരകമാണ്. ഗോകുലം ക്ലാസ് എടുക്കുന്നതിലും സംഘാടനത്തിലും ഉത്തമ മാതൃകായായിരുന്നു കുഞ്ഞുണ്ണിമാഷ്. കുഞ്ഞുണ്ണിമാഷിനെപ്പോലുള്ളവരെ മുന്നില്‍ വെച്ച് ഭാഷയും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് അരനൂറ്റാണ്ട് പിന്നിടുന്ന ബാലഗോകുലം ലക്ഷ്യം വെയ്ക്കുന്നത്. എതിര്‍ദിശയിലടിക്കുന്ന കാറ്റില്‍ അണഞ്ഞുപോകാതെ കാത്തും കരിന്തിരികളില്‍ സ്നേഹം പകര്‍ന്നു വളര്‍ത്തിയും ഗോകുലദീപങ്ങളെ സംരക്ഷിക്കേണ്ട കാലമാണിത്. പുതിയ ചെരാതുകളിലേക്കു ദീപനാളം പകര്‍ന്നു പടര്‍ത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: