Categories: Kerala

ബാലഗോകുലം സംസ്ഥാന വാര്‍ഷികത്തിന് തുടക്കം; അമ്പതാം വര്‍ഷത്തില്‍ ലക്ഷ്യം 5000 ഗോകുലം

ബാലഗോകുലത്തിന്റെ അമ്പതാം വര്‍ഷം 2025ല്‍ വിപുലമായി ആഘോഷിക്കാനുള്ള രൂപരേഖ നിര്‍വാഹക സമിതി യോഗം തയാറാക്കി. 50-ാം വര്‍ഷം അയ്യായിരം ഗോകുലം എന്നതാണ് ലക്ഷ്യം

Published by

കോട്ടയം: ബാലഗോകുലത്തിന്റെ അമ്പതാം വര്‍ഷം 2025ല്‍ വിപുലമായി ആഘോഷിക്കാനുള്ള  രൂപരേഖ നിര്‍വാഹക സമിതി യോഗം തയാറാക്കി. 50-ാം വര്‍ഷം അയ്യായിരം ഗോകുലം എന്നതാണ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്കരണങ്ങളില്‍  സജീവമാകാനും  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും  സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായുള്ള  നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ഭാഷയും സംസ്‌കാരവും പരസ്പരപൂരകമായി കൊണ്ടുപോയ കുഞ്ഞുണ്ണി മാഷിനെ പോലുള്ളവരെ മാതൃകയാക്കിയ ബാലഗോകുലം സമൂഹത്തിന്റെ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യത്തില്‍ ആരംഭിച്ച്, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ ബാലഗോകുലത്തിന് ഇപ്പോള്‍ അംഗീകാരത്തിന്റെ കാലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ. രെഞ്ചുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പഠന ശിബിരം ഇന്ന്

കോട്ടയം: ബാലഗോകുലം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പഠന ശിബിരം ഇന്ന് രാവിലെ 9.30ന് സംബോധ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍ മുഖ്യപ്രഭാഷണം നടത്തും. 11.30ന് പ്രതിനിധി സഭ, 2.30ന് സംഘടനാ ചര്‍ച്ച, വൈകിട്ട് നാലിന് ഗോകുല കാര്യകര്‍ത്താവ് എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍ പ്രഭാഷണം നടത്തും.  5.30ന്  ഗുരുപൂജാപരിപാടിയില്‍  സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. സി.ഐ. ഐസക് അദ്ധ്യക്ഷനാകും. ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം തിരുവനന്തപുരം മേഖലാ രക്ഷാധികാരി ഡി. നാരായണ ശര്‍മ പ്രഭാഷണം നടത്തും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, കോട്ടയം മെഡി. കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കോട്ടയം ബസേലിയസ് കോളജ് സംസ്‌കൃത വിഭാഗം മുന്‍ മേധാവി ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. സിറിയക് തോമസ്, സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി പി.എ. ഷെരീഫ് മുഹമ്മദ്, ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍കുമാര്‍ രാഘവന്‍, ഭാരത് ഹോസ്പിറ്റല്‍ എംഡി ഡോ. വിനോദ് വിശ്വനാഥന്‍ തുടങ്ങിയവരെ ആദരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക