കൊൽക്കത്ത: സംസ്ഥാനത്ത് തദ്ദേശ ഭരണതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഗവർണർ ഡോ സി.വി ആനന്ദബോസ് കർശന നിർദേശം നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്‌ച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
“ഞാൻ നിങ്ങളെ നിയമിച്ചു, നിങ്ങൾ ബംഗാളിലെ ജനങ്ങളെ നിരാശപ്പെടുത്തി,” തിരഞ്ഞെടുപ്പ് കമ്മീഷനോട് ഗവർണർ പറഞ്ഞു. ജനങ്ങൾ നിങ്ങളുടെ യജമാനന്മാരാണ്. നിങ്ങളത് മറക്കുന്നു. ഭരണഘടനയോടും നീതിനിർവഹണ സംവിധാനത്തോടുമുള്ള അവഹേളനമാണിത് – ആനന്ദബോസ് വാർത്താസമ്മേളന ത്തിൽ പറഞ്ഞു.
“തിരഞ്ഞെടുപ്പ് കാലത്ത് ജനജീവിതത്തിന്റെ കാവൽക്കാരൻ നിങ്ങളാണ്. പോലീസും മജിസ്‌ട്രേറ്റും ഭരണകൂട സംവിധാനവും നിങ്ങളുടെ കീഴിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ അധികാരങ്ങളും നിങ്ങളിൽ നിക്ഷിപ്തമാണ്. പിന്നെ എന്തുകൊണ്ടാണ് ക്രൂരമായ കൊലപാതകങ്ങളും അക്രമവും അടിച്ചമർത്താൻ കഴിയാത്തത് ?
“ഇവിടെ തെരുവുകളിൽ പൊലിഞ്ഞുവീഴുന്ന ഓരോ ജീവനും നിങ്ങൾ ഉത്തരവാദിയായിരിക്കും. അത് മറക്കാതിരിക്കുക. ഇനിയെങ്കിലും നിങ്ങൾ സ്വന്തം കടമ നിർവഹിക്കുമെന്ന് ബംഗാൾ ജനത പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 16 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിരവധിപേർക്ക് മാരകമായ പരിക്കും വസ്തുനഷ്ടവും സംഭവിച്ചു.
അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്സിൻഹയെ രാജ്ഭവനിലേക്ക് വിളിച്ചുവെങ്കിലും തിരക്കാണെന്ന കാര്യം പറഞ്ഞ് കമ്മീഷണർ ഒഴിഞ്ഞുമാറി. തുടർന്ന് ഗവർണർ അദ്ദേഹത്തിന് ചൊവ്വാഴ്ച തന്ത്രപ്രധാനമായ രേഖകൾ അടങ്ങിയ മുദ്രവച്ച കവർ അയച്ചിരുന്നു.
തെരഞ്ഞെടുപ്പിലെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ ബോസ് തിങ്കളാഴ്ച സിൻഹയ്‌ക്ക് 48 മണിക്കൂർ സമയം നൽകിയിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗ്, ഭംഗർ, ബസന്തി എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹത, സിതായ് എന്നിവിടങ്ങളും ഗവർണർ സന്ദർശിച്ചു.
ജില്ലാ പരിഷത്തുകൾ, പഞ്ചായത്ത് സമിതികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 74,000 സീറ്റുകളിലേക്ക് ജൂലൈ 8 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5.67 കോടി ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: