കണ്ണൂര്‍: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ വിജിലന്‍സ് നടത്തുന്ന അന്വേഷണം കണ്ണൂരിലെ ഒരു പ്രമുഖ നേതാവുള്പ്പെടെയുള്ളവരിലേക്കും. കണ്ണൂര്‍ കോണ്‍ഗ്രസിലെ ഒരു പ്രമുഖന്, വ്യവസായി എന്നിവരിലേക്കാണ് വിജിലന്‍സിന്റെ അന്വേഷണം നീളുന്നത്.
ഇതില്‍ ഒരാള്‍ തളിപ്പറമ്പില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസുള്പ്പെടെയുള്ളവ അന്വേഷിക്കും. അന്തരിച്ച ഒരു നേതാവില്‍ നിന്ന് പണം വാങ്ങി തിരിച്ചുനല്‍കാതെ ഇതിലൊരാള്‍ വഞ്ചിച്ചതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം കോണ്‍ഗ്രസിലും നേരത്തെ ചര്‍ച്ചയായിരുന്നു.
കെ. സുധാകരനുമായി അകലുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്. കെ. കരുണാകരന്റെ സ്മരണയാക്കായി ചിറക്കല്‍ രാജാസ് സ്കൂള്‍ വാങ്ങാനായുള്ള നീക്കത്തിന്റെ ഭാഗമായി ട്രസ്റ്റ് രൂപീകരിച്ച് സ്വരൂപിച്ച പണം ഇവരാണ് കൈകാര്യം ചെയ്തതെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.
ട്രസ്റ്റിന്റെ പേരില്‍ സ്കൂള്‍ വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങി മറ്റൊരു പേരില്‍ വാങ്ങാന്‍ നീക്കം നടന്നതോടെ ചിറക്കല്‍ കോവിലകം ഭാരവാഹികള്‍ പിന്‍വാങ്ങുകയും പിന്നീട് സ്കൂള്‍ ചിറക്കലിലെ സഹകരണ ബാങ്ക് വിലയ്ക്ക് വാങ്ങുകയുമായിരുന്നു. ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക സമാഹരണം നടന്നതായും തിരിമറി നടന്നതായും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ പേരിലേക്കെത്തുന്നതോടെ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: