ദുബായ്: ഷാര്‍ജ എമിറേറ്റിലുള്ള അല്‍ മദാമിലെ മണലാരണ്യങ്ങളില്‍ മൂടി കിടക്കുന്ന ഗ്രാമത്തെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഷാര്‍ജ ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ ‘അടക്കം ചെയ്ത ഗ്രാമം’ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.
അല്‍ മദാമില്‍ നിന്ന് 2 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടാണ് മരുഭൂമിയില്‍ ഭൂരിഭാഗവും മൂടപ്പെട്ട നിലയില്‍ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനങ്ങള്‍ ഇവിടം പ്രേത നഗരമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഒരുകാലത്ത് ഏറെ അഭിവൃദ്ധിയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ നിന്നും സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് പുതിയ പാര്‍പ്പിട സൗകര്യം ഒരുക്കിയതിനെ തുടര്‍ന്ന് 1999 ല്‍ ഇവിടെയുണ്ടായിരുന്നവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.
പിന്നീട് ഇവിടം ആരും വരാതെ ആകുകയും മണല്‍ കൊണ്ട് മൂടപ്പെടുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് നിരവധി സഞ്ചാരികളും മറ്റ് സാഹസികതരും ഇവിടെ സന്ദര്‍ശനത്തിനായിട്ടെത്താന്‍ തുടങ്ങി. പതിയെ പതിയെ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ തുടങ്ങുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തില്‍ രണ്ട് നിര സമാന വീടുകളും റോഡിന്റെ അറ്റത്ത് ഒരു മുസ്ലിം പള്ളിയും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കൊടും വേനല്‍ച്ചൂട് പോലും സന്ദര്‍ശകരെ ഗ്രാമത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.
1970 കാഘട്ടത്തിലാണ് ഈ ഗ്രാമത്തിന്റെ നിര്‍മാണം തുടങ്ങിയതെന്നും നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം 1980 ല്‍ ജനങ്ങള്‍ താമസം തുടങ്ങിയെന്നും ഇവിടെ മുന്‍പ് താമസിച്ചിരുന്ന അബു ഖല്‍ഫാന്‍ അല്‍ കുത്ബി ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവിടെ മണലിന്റെ അളവ് കൂടുകയും ഗ്രാമത്തിന്റെ വലിയ പ്രദേശങ്ങള്‍ ക്രമേണ മൂടപ്പെടുകയായിരുന്നെന്ന് കുത്ബി പറഞ്ഞു.
അതേസമയം വീണ്ടെടുക്കല്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ എത്ര സമയമെടുക്കുമെന്നോ എന്നതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ഷാര്‍ജയില്‍ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ഇതിന്‍ പ്രകാരം അല്‍ ഹംരിയ ബീച്ചിന്റെ ഒരു ഭാഗം സ്ത്രീകള്‍ക്കായി അനുവദിക്കാനും ഷാര്‍ജ ഭരണാധികാരി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, കല്‍ബയിലും ഖോര്‍ഫക്കാനിലും സ്ത്രീകള്‍ക്കായി രണ്ട് ബീച്ചുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: