Categories: Samskriti

പ്രജ്ഞാമാന്ദ്യത്തില്‍ നിന്ന് മുക്തി തേടുക

ജ്ഞാനവാസിഷ്ഠത്തിലൂടെ

ഉപശമപ്രകരണം  

ചില രക്ഷികള്‍ മൂടിത്തുറക്കുന്നതു ലോകപ്രളയോദയങ്ങളായി ഭവിക്കുന്നു. താദൃശന്മാരായിടും പൂരുഷരുള്ളകാലം എന്നേപ്പോലുള്ളവര്‍ക്കു വിലയുണ്ട്, അത്രമാത്രം! അന്തമില്ലാത്ത സമ്പത്തുണ്ടെന്നാകിലും സ്വന്തം സമീപത്ത് സന്തോഷമുണ്ടെന്നാകില്‍ ഒക്കെയും സമ്പത്തുതന്നെ. സര്‍വസങ്കടങ്ങള്‍ക്കും ഉല്പത്തിസ്ഥാനം തന്നെ സംസാരമെന്നു വിദ്വജ്ജനം നിര്‍വാദം പറയുന്നു. അങ്ങനെയുളള സംസാരാംബുധിതന്നില്‍ സദാ മുങ്ങി വാണീടുന്നവര്‍ക്ക് എങ്ങനെ സൗഖ്യമുണ്ടാകും? അങ്കുരങ്ങളും പല്ലവങ്ങളും ഫലങ്ങളും അസംഖ്യം ചേര്‍ന്ന് പാരമായി വളരുന്ന സംസാരവൃക്ഷത്തിനു വേരായി നില്‍ക്കുന്നത് മാനസംതന്നെയെന്നു നിസ്സംശയം പറയാം. സങ്കല്പം തന്നെയാണു മാനസമാകുന്നത്. സങ്കല്പം നശിച്ചീടില്‍ മനസ്സും നശിച്ചീടും. മാനസം വേരാകയാല്‍ അതു നശിക്കുകില്‍ ഈ സംസാരമാകുന്ന വൃക്ഷം നിശ്ചയമായും ഉണങ്ങീടും.

അറഞ്ഞേനറിഞ്ഞേന്‍ ഞാന്‍, എന്നെക്കട്ടീടുന്നോരു, വിരുതേറ്റവുമേറും കള്ളനെക്കണ്ടേന്‍. മനസ്സെന്നാണു പേരിക്കള്ളനു ഹാ! ഞാന്‍ കുറേക്കാലം മനസാ ഹതനായേന്‍, കൊല്ലുന്നേന്‍ മനസ്സിനെ. ചിത്തമാകുന്ന നല്ല മുത്ത് ഇത്രനാളും തുളക്കപ്പെട്ടില്ല; ഇപ്പോള്‍ തുളക്കപ്പെട്ടു, ഇനി ചരടൊന്നുവേണം. സാധുക്കളായീടുന്ന, പ്രസിദ്ധരായ സിദ്ധന്മാരാല്‍ ഞാന്‍ ഇതുകാലം സാധുപ്രബോധിതനായി തീര്‍ന്നു. ആനന്ദസാധനമായീടുന്ന പരമായ ആത്മാവിനെ ഞാനിതാ വഴിപോലെ അനുഗമിക്കുന്നു. ഞാനാണ്, ഇതെന്റേതാണ് എന്നിങ്ങനെ ബലാല്‍ ഉള്ളിലൂന്നിയ അസത്യത്തെ ഇനി ദൂരത്തുകളഞ്ഞ്, അത്യന്തം ബലവാനായീടുന്ന മാനസമാകുന്ന പ്രത്യര്‍ത്ഥിതന്നെ കൂസല്‍കൂടാതെ വധിച്ച് ഉടന്‍ നല്ല ഒരു ശമസുഖം പ്രാപിച്ചുകൊള്ളുന്നു. അല്ലയോ വിവേകമേ! നിനക്കു നമസ്‌ക്കാരം. ഇങ്ങനെ ചിന്തിച്ച് ചിത്തചാഞ്ചല്യം വിട്ട് നല്ല ചിത്രമെന്നതുപോലെ ജനകരാജാവ്, ജനജീവനനായ ജനകന്‍ മൗനമാര്‍ന്ന് തനിയെ വളരെക്കാലം അവിടെ വാണു. പിന്നെ എഴുന്നേറ്റു ശമശാലിയാം മനസ്സുകൊണ്ട് സദ്ഗുണരത്‌നാകരനായ രാജാവ് ഇങ്ങനെ വിചാരിച്ചു-  യത്‌നം ചെയ്തു സാധിച്ചിടേണ്ടതെന്തിനെയാണു; അനന്തരം കൈക്കൊണ്ടീടേണ്ടതെന്തിനെയാണ്? ശുദ്ധനായി, സ്ഥിരനായി, സദ്രൂപനായി ഉള്ള എനിക്ക് ഉള്‍ത്താരിലോര്‍ത്തുകണ്ടാല്‍ എന്തു കല്പനയുള്ളു? കിട്ടീടാത്തതിനെ ഞാനാഗ്രഹിക്കുന്നില്ല. കിട്ടിയിട്ടുള്ളതു വിട്ടുകളയുന്നുമില്ല. സന്തതം ഞാന്‍ സ്വച്ഛനായി ആത്മാവിലിരിക്കുന്നു; എന്തോന്നു ഭവിക്കുമിങ്ങായതു ഭവിച്ചോട്ടെ. സൂര്യദേവനെ ദീനത്തെയെന്നപോലെ, ഇത്തരം നിരൂപിച്ച് ആ രാജാവ് അസക്തനായി എപ്പോഴും യഥാ പ്രാപ്തക്രിയയെ ചെയ്തുകൊണ്ടീടുന്നതിനായി തുടങ്ങി.  മേലില്‍ വന്നീടുന്നതും കീഴ്‌ക്കടക്കഴിഞ്ഞതും ആലോചിക്കാതെ നിത്യം സന്തുഷ്ടനായി വാഴുന്നു.  രാജാവ് തന്‍ വിചാരത്താല്‍ത്തന്നെ പ്രാപ്യമായതിനെ നന്നായി പ്രാപിച്ചു; വേറെവിധത്തിലല്ല.  സാരസേക്ഷണ! തന്റെ നല്ലോരു ബുദ്ധികൊണ്ടേ സാരമായുള്ള പരംപദം പ്രാപിച്ചീടുകയുള്ളു.

മനുഷ്യര്‍ ബാഹ്യാര്‍ത്ഥങ്ങളെ സമ്പാദിക്കാന്‍ നിത്യവും അപ്രകാരം പ്രയത്‌നം ചെയ്തീടുന്നു. ഒന്നാമതായി പ്രജ്ഞയെ വര്‍ദ്ധിപ്പിക്കാന്‍ അങ്ങനെ നന്നായിട്ടു യത്‌നിക്കണം. ദുഃഖങ്ങള്‍ക്കെല്ലാം നല്ലോരു ഉല്പത്തിസ്ഥാനം ഓര്‍ക്കുകില്‍ ആപത്തുകള്‍ക്കെല്ലാം ഉത്തമകോശമാണ്. ഘോരസംസാരമാകുന്ന വൃക്ഷത്തിന്റെ ബീജമാകുന്ന ഈ പ്രജ്ഞാമാന്ദ്യം ശ്രീരാമ! കഴിയുന്ന വേഗത്തില്‍ കളയണം. മികവുറ്റ വിവേകിയുടെ പ്രജ്ഞ ഹൃത്‌കോശസ്ഥമായ നല്ലോരു ചിന്താമണിയാകുന്നു. കല്പലതയെന്നതുപോലെ ചിന്തിതമായ ഫലം അതു നല്‍കീടുമെന്ന് നീ അറിയുക. അറിവില്ലായ്മ നീങ്ങി, പ്രാജ്ഞനായി, വിവേകിയായി മരുവുന്ന മാന്യനാകുന്ന മനുഷ്യനെ ആശാസഞ്ചയത്താലുണ്ടാകുന്ന ദോഷങ്ങള്‍ അല്പംപോലും ബാധിച്ചീടുകയില്ല. കോടക്കാര്‍വര്‍ണ! നല്ല കവചം ധരിച്ച പുരുഷനെ അസ്ത്രങ്ങളെന്നപോലെ, പരമാര്‍ക്കനെ മറയ്‌ക്കുന്നതായി ജഡരൂപമായ പാരിച്ച അഹങ്കാരമാകിയ വന്‍കാറിനെ പ്രജ്ഞാവാതം വളരെയകലെ ചിതറിച്ചീടുന്നു. അതുലമായ പരംപദം പ്രാപിക്കാനിച്ഛിക്കുന്നവന്‍ നല്ലവണ്ണം ബുദ്ധിയെ മുമ്പില്‍ ലാളിക്കണം; ഫലത്തെയാഗ്രഹിക്കുന്ന കൃഷീവലന്‍ നിലത്തെ നന്നായി മുമ്പില്‍ ഉഴുതീടുകവേണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക