മനോജ് പൊന്‍കുന്നം
ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങള്‍ സപ്തപുരികള്‍ എന്നറിയപ്പെടുന്നു. അയോദ്ധ്യ, മഥുര, മായ, കാശി, കാഞ്ചി, അവന്തിക, ദ്വാരക എന്നിവയാണ് അവ.
മായ എന്നത് ഹരിദ്വാറിനെയും അവന്തിക, ഉജ്ജയിനിയെയും സൂചിപ്പിക്കുന്നു. അതേസ്ഥാനമാണ് ഭാരതീയര്‍ പുരിക്കും നല്കിയിരിക്കുന്നത്. സപ്തപുരികളില്‍ വെച്ച് മരിച്ചാല്‍ മോക്ഷം പ്രാപിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. അവയ്‌ക്കൊപ്പം നില്‍ക്കുന്ന പുണ്യനഗരമാണ് പുരി. നമ്മുടെ ദേശീയഗാനത്തില്‍ പരാമര്‍ശിക്കുന്ന ഉത്കലദേശമാണ് ഇന്ന് ഒഡിഷ എന്നറിയപ്പെടുന്നത്. വിശ്വപ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന പുരി നഗരം ഒഡിഷയിലാണ്.
ഭാരതരാജാവിന്റെയും സുനന്ദയുടെയും പുത്രനായ ഇന്ദ്രദ്യുമ്‌നമഹാരാജാവാണ് പുരി ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവര്‍മനാണ് പുരിയില്‍ പുരുഷോത്തമ ജഗന്നാഥക്ഷേത്രം ഒരു മഹാക്ഷേത്രമായി പുനര്‍നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായി.
പുരിയിലെ ജഗന്നാഥ ക്ഷേത്രം ഇന്ത്യയിലെതന്നെ വൈഷ്ണവരുടെ നാല് മഹത്തായ ക്ഷേത്രങ്ങളില്‍ (ചാര്‍ധാം) ഒന്നായി കണക്കാക്കുന്നു. ഒരു തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച ക്ഷേത്രത്തിന്റെ പ്രസക്തിയും കാലക്രമേണ വര്‍ദ്ധിച്ചു.
പിന്നീട് മുഗളര്‍, മറാഠകള്‍, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിങ്ങനെ ഒഡീഷ പിടിച്ചടക്കിയ എല്ലാവരും ക്ഷേത്രത്തിനു മേലുള്ള നിയന്ത്രണം ആര്‍ജ്ജിക്കാന്‍ ശ്രമിച്ചിരുന്നു. തങ്ങളുടെ ഭരണം തദ്ദേശീയര്‍ അംഗീകരിക്കുന്നതിന് ഇതൊരു ആവശ്യമാണെന്ന് അവര്‍ കരുതി.
ക്ഷേത്രത്തിന്റെ മദ്ധ്യഭാഗത്തുള്ള വലിയ ഗോപുരം ഭാരതീയ വാസ്തുശില്പ കലയുടെ മകുടോദാഹരണമാണ്. ഈ ഗോപുരത്തിനു മുകളിലായി ഒരു ചക്രം സ്ഥാപിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സുദര്‍ശനചക്രമായാണ് വിശ്വാസികള്‍ ചക്രത്തെ കണക്കാക്കുന്നത്.
സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ കാണാറുള്ളതുപോലെ നാല് മണ്ഡപങ്ങളാണ് ഈ ക്ഷേത്രത്തിനുമുള്ളത്.
വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഗര്‍ഭഗൃഹം, ഭക്തര്‍ക്ക് പ്രാര്‍ഥിക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കുമായുള്ള മണ്ഡപം, കമനീയമായ തൂണുകള്‍ ഉള്ള നൃത്തമണ്ഡപം, കഴകക്കാര്‍ക്കുള്ള മണ്ഡപം എന്നിവയാണവ.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പ്രവേശനാനുമതിയില്ലാത്ത സന്ദര്‍ശകര്‍ക്ക് അടുത്തുള്ള രഘുനന്ദന്‍ ലൈബ്രറിയുടെ മേല്‍ക്കൂരയില്‍ നിന്ന് ക്ഷേത്രവും പരിസരവും വീക്ഷിക്കുകയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ കാണുന്ന ജഗന്നാഥന്റെ ചിത്രത്തിന് ആദരവ് അര്‍പ്പിക്കുകയും ചെയ്യാം.
പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത ചില നിഗൂഢതകള്‍ ആശ്ചര്യപ്പെടുത്തുന്നവയാണ്. ഏതാണ്ട് നാല്‍പ്പത്തിയഞ്ചു നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരം വരും ക്ഷേത്ര ഗോപുരത്തിന്. ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ സുദര്‍ശനചക്രം വിചിത്രമാണ്. അത് നഗരത്തിന്റെ ഏത് ദിശയില്‍ നിന്നു നോക്കിയാലും നമുക്ക് അഭിമുഖമായി കാണാം.
നിഴലില്ലാഗോപുരം
അത്ഭുതപ്പെടുത്തുന്ന മറ്റൊരുകാര്യം ഗോപുരത്തിന് നിഴലില്ല എന്നതാണ്. ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയത്തൊന്നും ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കില്ല.
ഗോപുരത്തിന്റെ മുകളിലെ പതാക എന്നും മാറും. പൂജാരി ദിവസവും ഗോപുരമുകളില്‍ കയറി അത് മാറുന്ന പതിവിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടത്രേ. അത്ഭുതമെന്തെന്നാല്‍ ഈ പതാക എപ്പോഴും കാറ്റിനു വിപരീതദിശയിലായിരിക്കും പറക്കുന്നത് എന്നതാണ്.
കടലോരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ നാല് വാതിലുകളില്‍ പ്രധാനപ്പെട്ടത്, സിംഹദ്വാരം എന്ന് അറിയപ്പെടുന്നു. ഇരമ്പിയാര്‍ക്കുന്ന കടലിന്റെ ശബ്ദം, സിംഹദ്വാരത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ കേള്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ക്ഷേത്രത്തിന് പുറത്തു കടന്നുകഴിയുമ്പോള്‍ അത് വീണ്ടും ശ്രവിക്കാം. ഭാരതീയ വാസ്തുശില്‍പ്പ ചാതുരിയുടെ പ്രാഗല്ഭ്യവും കരവിരുതുമാണ് ഇതിനുപിന്നില്‍ എന്ന് വിശ്വസിച്ചാലും മറ്റു ചില കാര്യങ്ങള്‍ക്ക് ഉത്തരമില്ല. ക്ഷേത്ര ഗോപുരം സ്ഥിതിചെയ്യുന്നത് വിമാനയാത്രക്ക് വിലക്കുള്ള സ്ഥലത്തല്ല, എന്നാല്‍ വിമാനങ്ങള്‍ ക്ഷേത്രത്തിനുമുകളിലൂടി പറക്കാറില്ല. അതുമാത്രമല്ല വിചിത്രം, പക്ഷികളും ക്ഷേത്രത്തിന് മുകളിലൂടെ പറക്കാറില്ല.
പുരി ക്ഷേത്രത്തിലെ മഹാപ്രസാദം മറ്റൊരത്ഭുതമാണ്. എല്ലാ ദിവസവും ഒരേ അളവിലാണ് പ്രസാദമൂട്ടിനുള്ള ഭക്ഷണം തയാറാക്കുക. എന്നാല്‍ എത്രയധികം തിരക്ക് കൂടിയാലും കുറഞ്ഞാലും ഉണ്ടാക്കുന്ന ഭക്ഷണം കൃത്യമായി എല്ലാവര്‍ക്കും ലഭിക്കും, ഒരിക്കലും മിച്ചം ഉണ്ടാവുകയുമില്ല. ഏതാണ്ട് അറുന്നൂറ് പാചകക്കാരുണ്ടാവും ദിവസവും പ്രസാദം തയാറാക്കാന്‍.
പുരിയിലെ രഥോത്സവം
പ്രസിദ്ധമാണ് പുരി രഥോത്സവം. ആഷാഢമാസത്തിലാണ് (ജൂണ്‍, ജൂലൈ മാസങ്ങളില്‍) രഥോത്സവം നടക്കുന്നത്. ക്ഷേത്രവിഗ്രഹങ്ങള്‍ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തില്‍ നിന്ന് ഏതാണ് രണ്ടൂ മൈല്‍ ദൂരെയുള്ള ‘ഗുണ്ടിച്ച ബാരി’എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്‌ച്ചക്കു ശേഷം വിഗ്രഹങ്ങള്‍ തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടൂ വരുന്നു.
ഗോകുലത്തില്‍ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓര്‍മ്മിക്കുന്ന ഒരു ചടങ്ങാണ് ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടി ഉയരമുള്ള ഭീമന്‍ രഥത്തിലാണ് കൃഷ്ണവിഗ്രഹം കൊണ്ടൂപോകുന്നത്. 16 ചക്രങ്ങളുള്ള രഥത്തിന്റെ ഓരോ ചക്രത്തിനും 7 അടി വ്യാസം കാണും. ആയിരക്കണക്കിന് പേര്‍ ഈ വന്‍രഥങ്ങളെ തള്ളുകയും ഇതില്‍ ബന്ധിച്ചിരിക്കുന്ന കയറുകള്‍ വലിക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു. രണ്ടു മൈല്‍ ദൂരമുള്ള യാത്ര രണ്ടു ദിവസം വരെ നീളാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലില്‍ താഴ്ന്നു
പോകുന്നതിനാല്‍ യാത്ര കൂടുതല്‍ ദുഷ്‌കരമാകും. എന്നാല്‍ ഇന്ന് അതിവിശാലമായ വീഥികളാണ് രഥോത്സവത്തിനായി തയാറാക്കിയിട്ടുള്ളത്. രഥോത്സവം ഇല്ലാത്തപ്പോള്‍ വീഥികളുടെ ഇരുവശവും വഴിവാണിഭക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും.
തദ്ദേശീയരുടെ ഉത്സവമാണെങ്കിലും രഥോത്സവത്തിന് ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ എല്ലാ ദേശങ്ങളില്‍നിന്നും ഇവിടെയെത്തി പങ്കെടുക്കാറുണ്ട്.
ആദിശങ്കരനാല്‍ സ്ഥാപിതമായ നാലു മഠങ്ങളില്‍ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിര്‍മഠ് എന്നിവയാണ് മറ്റു മഠങ്ങള്‍. ഒന്നരലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന നഗരമാണ് പുരി. പറയത്തക്ക വ്യവസായങ്ങളൊന്നും ഈ നഗരത്തിലില്ല. തീര്‍ത്ഥാടനത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ ജീവിതവൃത്തി കഴിക്കുന്നത്.
ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനം പ്രതി വന്നു പോകുന്ന പുരിയിലെ ഗോള്‍ഡന്‍ ബീച്ചും ഏറെ പ്രസിദ്ധമാണ്.
ക്ഷേത്രോല്പത്തി
ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് കഥകള്‍ പലതാണ്. എങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള കഥ ഇങ്ങനെ:
വിശ്വവസു എന്ന ഗോത്രത്തലവന്‍ മഹാവിഷ്ണുവിന്റെ ചൈതന്യം ആവാഹിച്ച ഒരു ഇന്ദ്രനീല വിഗ്രഹം നിഗൂഢമായി ആരാധിക്കുന്ന കാര്യം ഇന്ദ്രദ്യുമ്‌ന മഹാരാജാവ് അറിയാനിടയായി. ഭഗവാന്റെ തേജസ് നേരില്‍ കാണാനും ഭഗവാനെ ആരാധിച്ചു മോക്ഷം നേടാനും രാജാവ് അതിയായി ആഗ്രഹിച്ചു. ആ വിഗ്രഹം എവിടെയാണെന്ന് കണ്ടെത്താന്‍ അദ്ദേഹം തന്റെ സദസ്സിലെ വിദ്യാപതി എന്ന ബ്രാഹ്മണനെ നിയോഗിച്ചു. തന്റെ നിശ്ചയദാര്‍ഢ്യവും കൗശലവും ഉപയോഗിച്ചു ബ്രാഹ്മണന് അത് കണ്ടെത്തി. അദ്ദേഹം വിവരം അതീവസന്തോഷത്തോടെ രാജാവിനെ അറിയിച്ചു.
എന്നാല്‍ പരിവാരസമേതനായി എത്തിയ രാജാവിന് വിഗ്രഹം ദര്‍ശിക്കാന്‍ കഴിഞ്ഞില്ല, ബ്രാഹ്മണന്‍ പറഞ്ഞ അടയാളങ്ങള്‍ അപ്പോഴേയ്‌ക്കും അപ്രത്യക്ഷമായിരുന്നു. ദുഃഖിതനും നിരാശനുമായ രാജാവ് എല്ലാം മറന്ന് പ്രാര്‍ത്ഥനാനിരതനായി, ഏകാഗ്രതയോടെ ഏറെക്കാലം വിഷ്ണുഭഗവാനെ തപസ്സുചെയ്തു. തപസ്സിനോടുവില്‍ അദ്ദേഹം ഒരു അശരീരി കേട്ടു. താമസിയാതെ വിശിഷ്ടമായ ഒരു ഒരു മരത്തടി കടലില്‍ പ്രത്യക്ഷമാവുമത്രേ. അതില്‍ വിഷ്ണുരൂപം തീര്‍ത്ത്, തീരത്തുകാണുന്ന കുന്നില്‍ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ച് ആരാധിക്കാനായിരുന്നു അശരീരി.
രാജാവ് അതീവ സന്തുഷ്ടനായി. മരത്തടിക്കായി അദ്ദേഹം അന്വേഷണമരംഭിച്ചു. രാജ്യത്തുണ്ടായ ഒരു പ്രളയത്തിനൊടുവില്‍ കടലില്‍ നിന്നും അദ്ദേഹത്തിന് ഈവിധമുള്ള ഒരു മരത്തടി ലഭിച്ചു. അതില്‍ ജഗന്നാഥന്റെ വിഗ്രഹം തീര്‍ക്കുന്നതിനായി ഇന്ദ്രദ്യുമ്‌നന്‍ പ്രഗത്ഭരായ തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാല്‍ ആ തച്ചന്മാരുടെ ഉളികള്‍ക്ക് ഈ മരത്തടിയെ ഭേദിക്കാനായില്ല.
രാജാവ് വിഷണ്ണനായി, പ്രാര്‍ത്ഥനാനിരതനായി. തുടര്‍ന്ന് അവിടെ പ്രത്യക്ഷപ്പെട്ട ഒരു തച്ചന്‍ താന്‍ ആ തടിയില്‍ ഭഗവാന്റെ രൂപം നിര്‍മ്മിക്കാം എന്ന് വാക്കുകൊടുക്കുന്നു, രാജാവ് അതിന് സമ്മതിക്കുന്നു. പണി തീരുന്നതുവരെ തന്നെ ആരും ശല്യപ്പെടുത്തരുത് എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് തച്ചന്‍ ആ മരക്കഷണവുമായി പണിപ്പുരയില്‍ കയറി കതകടച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതായപ്പോള്‍ രാജ്ഞിക്ക് ആധിയായി, അവരുടെ നിര്‍ബന്ധപ്രകാരം രാജാവ് ആ മുറി തുറക്കുവാന്‍ അജ്ഞാപിച്ചു. ആ മരത്തടിയുടെ സ്ഥാനത്ത് ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും മൂന്ന് വിഗ്രഹങ്ങള്‍ കാണപ്പെട്ടു. എന്നാല്‍ തച്ചനെ അവിടെയെങ്ങും കാണുവാന്‍ കഴിഞ്ഞിതുമില്ല. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം സാക്ഷാല്‍ വിശ്വകര്‍മ്മാവ് തച്ചന്റെ വേഷത്തില്‍ അവിടെയെത്തി വിഗ്രഹങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: