ബംഗളുരു : ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി, ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ നാലാമത് സമ്മേളനം ബെംഗളൂരുവില്‍ ആരംഭിച്ചു. പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചത് ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയുടെ നേട്ടങ്ങള്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി എത്തിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യവത്കരണം മൂലം ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയില്‍ വിജയകരമായ സംഭാവന നല്കി 140 സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയതായി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. ചാന്ദ്രയാന്‍, ഗഗന്യാന് പദ്ധതികളിലൂടെ ഇന്ത്യ ഇന്ന് ഈ മേഖലയിലെ ഒരു മുന്‍നിര രാഷ്ട്രമാണ്.
ബഹിരാകാശ മേഖല ഇന്ന് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാണെന്നും ഉഭയകക്ഷി, ബഹുമുഖ സഹകരണത്തിലൂടെ രാജ്യങ്ങള്‍ക്ക് നേട്ടങ്ങള്‍ പങ്കിടാമെന്നും കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിംഗ് പ്രസംഗത്തില്‍ പറഞ്ഞു. അടുത്തിടെ അവതരിപ്പിച്ച ഇന്ത്യന്‍ ബഹിരാകാശ നയം സ്വകാര്യ മേഖലയിലെ 400 കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒയുടെ വിജയത്തെ അദ്ദേഹം പ്രശംസിച്ചു.
‘പുതിയ ബഹിരാകാശ യുഗത്തിലേക്ക്’ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ ദേശീയ ബഹിരാകാശ ഏജന്‍സി മേധാവികള്‍, ജി 20 രാജ്യങ്ങളിലെ ബഹിരാകാശ വ്യവസായ പ്രമുഖര്‍, വിവിധ അതിഥി രാജ്യങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: