അമയന്നൂര്‍: മഴ കനക്കുമ്പോള്‍ വരകുമല മഹാത്മാഗാന്ധി കോളനി നിവാസികളുടെ നെഞ്ചില്‍ വെള്ളത്തിനൊപ്പം തീയാണ് ഉയരുന്നത്. ഓരോ മഴക്കാലവും അവരെ സംബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പലായനത്തിന്റേതാണ്. ഇക്കുറിയും അതിന് മാറ്റമില്ല.
35 ഓളം പട്ടിക ജാതി-പട്ടിക വര്‍ഗ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അയര്‍ക്കുന്നം ഗവ.എല്‍പി സ്കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. വര്‍ഷങ്ങളായി ഇതേ ദുരിതം പേറിയാണ് കോളനി നിവാസികളുടെ ജീവിതം. ഇവര്‍ക്കായി ഫ്ളാറ്റ് നിര്‍മിക്കുന്ന കാര്യം നേരത്തെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സന്നദ്ധരായിരുന്നില്ല. മരം കയറ്റം പ്രധാന ഉപജീവനമാര്‍ഗമാക്കിയ കോളനി നിവാസികളെ സംബന്ധിച്ച് മഴക്കാലം ദുരിതകാലമാണ്.
വാലേമറ്റം പാടത്തിനോട് ചേര്‍ന്നുള്ള കൈത്തോടിന്റെ ആഴം കൂട്ടി, ജലസേചന പദ്ധതി പ്രകാരം കല്ലുകെട്ടി പൊക്കിയാല്‍ വെള്ളപ്പൊക്ക ദുരിതത്തിന് അല്പം ആശ്വാസം ആകുമെന്ന് പഞ്ചായത്ത് അംഗം മോനിമോള്‍ ജയമോന് ജന്മഭൂമിയോട് പറഞ്ഞു. ജലസേചന വകുപ്പിന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് കോളനി നിവാസികളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. കൊവിഡിന് മുമ്പ് 10,000 രൂപയുടെ സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. ഇപ്പോള്‍ അതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: