ഭരണഘടന അനുശാസിക്കുന്ന വിധം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു ഭരണകൂടം അതിന് കടകവിരുദ്ധമായി നിയമവാഴ്ച അട്ടിമറിക്കുന്നതിന്റെ എക്കാലത്തെയും ഉദാഹരണമാണ് നിയമസഭയില്‍ ഇടതു എംഎല്‍എമാര്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസും പ്രോസിക്യൂഷനും വിചാരണക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് അത്യന്തം കാപട്യപൂര്‍ണമായ നടപടി ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം. സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കം കൂടുതല്‍ വസ്തുതകളില്‍ അന്വേഷണം വേണമെന്നും, അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ വിചാരണ നിര്‍ത്തിവയ്‌ക്കണമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വാദം ആത്മാര്‍ത്ഥതയില്ലാത്തതും, നിയമവാഴ്ചയെ പരിഹസിക്കുന്നതുമാണ്. നിയമത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി നീതി നടപ്പാവാതിരിക്കാനുള്ള ശ്രമമാണിത്. എംഎല്‍എമാരായ ഇ.എസ്.ബിജിമോളും ഗീതാ ഗോപിയും സമാനമായ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതിനു പിന്നാലെയുള്ള ക്രൈംബ്രാഞ്ചിന്റെ ഇതേ ആവശ്യം രാഷ്‌ട്രീയവും ഭരണപരവുമായ ഗൂഢാലോചനയ്‌ക്ക് തെളിവാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടാവണം, കോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനമാണ് ക്രൈംബ്രാഞ്ചിന് നേരിടേണ്ടിവന്നത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നതിന് എന്താണ് ഉറപ്പെന്ന കോടതിയുടെ ചോദ്യത്തിന് ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും മറുപടിയുണ്ടായില്ല. പകരം അപേക്ഷയിലെ ഈ വാചകം തിരുത്തുമെന്നാണ് പറഞ്ഞത്. ഇതുതന്നെ കള്ളത്തരത്തിന് തെളിവാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സോളാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയ്‌ക്കകത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. കസേരകള്‍ ഇളക്കിയെടുത്ത് മറിച്ചിട്ടും, കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തും അഴിഞ്ഞാടിയ ഇവര്‍ സഭാതലം യുദ്ധക്കളമാക്കുകയായിരുന്നു. ലോകം മുഴുവന്‍ കാണുന്നവിധം ഈ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ എങ്ങനെയെങ്കിലും രക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. വിചാരണയും വിധിപ്രഖ്യാപനവും തടഞ്ഞില്ലെങ്കില്‍ കേസിലെ പ്രതികളായ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ കെ.ടി. ജലീലും ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്. അയോഗ്യരാവുന്ന ഇവര്‍ രാജിവയ്‌ക്കേണ്ടിവരും. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കോടതിയെ കബളിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ അന്വേഷണം എന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. ജനപ്രതിനിധികള്‍ നിയമനിര്‍മാതാക്കളാണ്. അവര്‍ നിയമവാഴ്ചയുടെ ഘാതകരാവുന്നത്, അതും നിയമനിര്‍മാണ സഭയില്‍, ജനാധിപത്യത്തെ പ്രഹസനമാക്കും.
ഏഴ് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗ്നമായ അധികാര ദുരുപയോഗത്തിലൂടെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും ലൈഫ് പാര്‍പ്പിട പദ്ധതി കേസിലുമൊക്കെ ആരോപണവിധേയനായ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് നിയമപ്രകാരമുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കേസുകളില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും പോലെ മുഖ്യമന്ത്രിയും ജയിലില്‍ കിടക്കുമായിരുന്നു. പോലീസിനെ സ്വകാര്യ സേനയെപ്പോലെ ഉപയോഗിക്കുന്ന ഇങ്ങനെയൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടില്ല. തന്നെ വഴിവിട്ട് സഹായിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് സേവനത്തില്‍നിന്ന് പിരിയുമ്പോള്‍ വലിയ സ്ഥാനമാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തുകയാണ്. സര്‍വീസിലുള്ളവര്‍ക്ക് തെറ്റായ പ്രവൃത്തികള്‍ ചെയ്യാന്‍ ഇതൊരു പ്രലോഭനവുമാകുന്നു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി സര്‍ക്കാരിനകത്തും പുറത്തുമായി ഒരു ദൂഷിതവലയം രൂപപ്പെട്ടിരിക്കുന്നു. ഇവര്‍ എന്തു കടുംകയ്യും ചെയ്യും. നിയമം ഒരു പ്രതിബന്ധമായി ഇവര്‍ കാണുന്നില്ല. നിയമസഭയിലെ അക്രമക്കേസ് അട്ടിമറിക്കുന്നതിലും ഇതേ മാര്‍ഗമാണ് പിന്തുടരുന്നത്. എതിരായി വിധി പറയുന്ന ന്യായാധിപന്മാരെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ തണലില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ നടത്തുകയാണല്ലോ. നിയമസഭയില്‍ അക്രമപ്പേക്കൂത്ത് നടത്തിയവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അധികാര ദുരുപയോഗത്തിലൂടെ കോടതി നടപടികളെ മറികടക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: