മുംബൈ:ശരത് പവാര്‍ വിളിച്ചുകൂട്ടിയ എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്ത എംഎല്‍എ ദേവേന്ദ്ര ഭൂയാര്‍ അജിത് പവാര്‍ ക്യാമ്പില്‍ ബുധനാഴ്ച വൈകുന്നേരം എത്തി. ഇതോടെ അജിത് പവാര്‍ ക്യാമ്പാണ് കൂടുതല്‍ ശക്തമെന്ന ധാരണ പരന്നിരിക്കുകയാണ്. മിക്കവാറും ജീവിതത്തില്‍ ഏറ്റവും വലിയ തോല്‍വി ശരത് പവാര്‍ ഏറ്റുവാങ്ങുമെന്നാണ് വിലയിരുത്തലുകള്‍.
അജിത് പവാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ 32 എംഎല്‍എമാര്‍ പങ്കെടുത്തുവെന്ന് പറയുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ എടുക്കുന്നതിന് മുന്‍പ് തന്നെ തങ്ങളോടൊപ്പം 40 എംഎല്‍എമാരുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.40ലധികം പേര് തങ്ങളോടൊപ്പമുണ്ടെന്ന് അജിത് പവാര്‍ ക്യാമ്പില്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്ന ഛഗന്‍ ഭുജ് ബല് പറയുന്നു.
താന്‍ വിളിച്ചുകൂട്ടിയ പ്രവര്‍ത്തക സമിതിയില്‍ 18 പേര് പങ്കെടുത്തുവെന്നാണ് ശരത് പവാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വൈബി ചവാന് സെന്ററില്‍ നടന്ന യോഗത്തില്‍ 14 എംഎല്‍എമാര്‍ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിയും എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ, അനില്‍ ദേശ് മുഖ്, ജയന്ത് പാട്ടീല്‍ എന്നീ നേതാക്കള്‍ മാത്രമേ ഇപ്പോള്‍ ശരത് പവാറിനൊപ്പം ഉള്ളൂ. 1999ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം ഏറ്റവും വലിയ വെല്ലുവിളിയാണ് ശരത് പവാര്‍ നേരിടുന്നത്.
ആകെ 53 എംഎല്‍എമാരാണ് എന്‍സിപിയ്ക്കുള്ളത്. ഇതില്‍ കൂറുമാറ്റ നിരോധനനിയമം മൂലം അയോഗ്യരാകാതിരിക്കണമെങ്കില് എംഎല്‍എമാരും എംഎല്സിമാരുമായി 36 പേരെയെങ്കിലും അജിത് പവാര്‍ കാണിക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: