തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്കുവാനും അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതല്‍ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ആശാ സംഗമത്തോടനുബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന്റെ ആശ കരുതല്‍ ഡ്രഗ് കിറ്റ് മന്ത്രി പുറത്തിറക്കിയിരുന്നു. താഴെത്തട്ടില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ആശവര്‍ക്കര്‍മാര്‍. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 26,125 ആശമാര്‍ പ്രവര്‍ത്തിച്ചുവരുന്നു.
പാരസെറ്റമോള്‍ ഗുളിക, പാരസെറ്റമോള്‍ സിറപ്പ്, ആല്‍ബെന്‍ഡാസോള്‍, അയണ്‍ ഫോളിക് ആസിഡ് ഗുളിക, ഒആര്‍എസ് പാക്കറ്റ്, പൊവിഡോണ് അയോഡിന്‍ ഓയിന്റ്മെന്റ്, പൊവിഡോണ് അയോഡിന്‍ ലോഷന്‍, ബാന്‍ഡ് എയ്ഡ്, കോട്ടണ്‍ റോള്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ പത്തിനമാണ് ആശാ കരുതല്‍ കിറ്റിലുണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികള്‍ക്ക് മരുന്നിന്റെ ആദ്യ ഡോസ് നല്കിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ, കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫര്‍ ചെയ്യേണ്ടതാണ്.
കെ.എം.എസ്.സി.എല്‍. മുഖേന ആരോഗ്യ സ്ഥാപനങ്ങളിലേക്കാണ് ആശാ കരുതല്‍ ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്.എന്‍. സ്റ്റോക്കില്‍ എടുത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം ആശമാര്‍ മുഖാന്തിരം ഫീല്‍ഡില്‍ ഉപയോഗിക്കേണ്ടതുമാണ്. കിറ്റില്‍ ഉള്‍പ്പെടുത്തിയ സാമഗ്രികളില്‍ കുറവ് വരുന്നതിന് അനുസരിച്ച് മാതൃസ്ഥാപനത്തില്‍ നിന്നും സ്റ്റോക്ക് പുന: സ്ഥാപിക്കേണ്ടതാണ്. മരുന്നിന്റെ അളവ്, മരുന്നുകള്‍ ഉപയോഗിക്കേണ്ട വിധം എന്നിവയെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആശമാര്‍ കൃത്യമായി പാലിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: