കോഴിക്കോട്: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം. വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലുമാണ് അവധിയെന്നും ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറും വ്യക്തമാക്കി.
അതേസമയം കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് തകര്‍ന്നു. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്. വടകര താലൂക്ക് ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മതില് ആണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്.
കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: