ദീപ്തി എം. ദാസ്
കൊച്ചി: പ്ലാസ്റ്റിക് പന്തുകൊണ്ട് പാടത്ത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ വയനാടന്‍ പെണ്‍കുട്ടി. പല എതിര്‍പ്പുകളെയും പ്രതിസന്ധികളെയും മറികടന്ന് കേരളത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ ട്വന്റി20 ടീമില്‍ ഇടം നേടിയ ആദ്യ പെണ്‍കുട്ടിയെന്ന ബഹുമതി. വയനാട് മാനന്തവാടി ചോയിമൂല എന്ന ഗ്രാമത്തില്‍ കളിച്ചുതുടങ്ങിയ മിന്നു മണി ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത് കേരളത്തിന് അഭിമാനമാണ്. ടീമില്‍ ചേരുന്നതിനായി മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയിലെത്തിയ മിന്നു മണി ജന്മഭൂമിയോടു സംസാരിക്കുന്നു.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ആദ്യമായി ഇടം നേടിയ പെണ്‍കുട്ടിയെന്ന ടൈറ്റില്‍. എന്താണ് അതറിഞ്ഞ നിമിഷം മനസ്സിലേക്ക് വന്നത്?
വളരെ സന്തോഷവും അഭിമാനവും തോന്നിയ മുഹൂര്‍ത്തമായിരുന്നു. ജീവിതാനുഭവങ്ങളുടെ ഒരുപാട് എരിവും ചവര്‍പ്പും മറികടന്നു നേടിയതായതുകൊണ്ടുതന്നെ ഈ നേട്ടത്തിന് മധുരവും കൂടുതലാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നുളളത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, അങ്ങനെയൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ക്രിക്കറ്റിനോടുളള ഇഷ്ടം തുടങ്ങിയത് എങ്ങനെ? എപ്പോള്‍ മുതലാണ് ക്രിക്കറ്റാണ് കരിയര്‍ എന്ന് മനസ്സിലാക്കിയത്?
ചെറുപ്പം മുതലേ പാടത്തും വയലിലും ആണ്‍കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്. അവരുടെ കൂടെ കളിച്ചുകളിച്ച് എപ്പോഴോ അത് എന്റെ ഹൃദയത്തിന്റെ ഭാഗമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠിപ്പിക്കുന്ന എല്‍സമ്മ ടീച്ചറാണ് എന്റെ കഴിവു തിരിച്ചറിഞ്ഞു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചായ ഷാനവാസ് സാറിന് പരിചയപ്പെടുത്തി കൊടുത്തത്. സാര്‍ അസോസിയേഷനില്‍ ബന്ധപ്പെട്ട് അസോസിയേഷന് സെക്രട്ടറി നാസര്‍ സാറിന് പരിചയപ്പെടുത്തി. സാറാണ് വയനാട് ജില്ലാ ടീമിലേക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള വിമെന്‍സ് ക്രിക്കറ്റ് അക്കാദമിയിലേക്കും സെലക്ഷന് കിട്ടാന്‍ സഹായിച്ചത്. അവിടെന്ന് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഇത് ഒരു പ്രൊഫഷനാക്കി മാറ്റിയത്.
എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?
ആദ്യമൊന്നും വീട്ടുകാര്‍ പിന്തുണച്ചിരുന്നില്ല. പെണ്‍കുട്ടിയാണ്, ക്രിക്കറ്റ് ഒക്കെ ആണ്‍കുട്ടികളുടെ കളിയാണ് എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നീട് ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൈവരിച്ചു തുടങ്ങിയപ്പോഴാണ് സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
ഇന്ത്യന്‍ വനിത ടീമിലെയും പുരുഷ ടീമിലെയും ഇഷ്ടതാരം ആരാണ്?
അങ്ങനെ ഒരാളെ മാത്രമായിട്ട് ഇഷ്ടതാരമെന്ന് പറയാന്‍ പറ്റില്ല. എല്ലാവരുടെയും കളി കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. അത് നിരീക്ഷിച്ച് മനസ്സിലാക്കി അവരില്‍നിന്ന് പഠിക്കുകയാണിപ്പോള്‍. കളിയെക്കാള്‍, കളിക്കിടയിലെ സമ്മര്‍ദങ്ങളെ താരങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണ്ടു പഠിക്കാനാണ് എനിക്കു കൂടുതലിഷ്ടം. അത് ഗുണം ചെയ്യാറുമുണ്ട്.
ബെംഗളൂരു ക്യാംപിലെ അനുഭവങ്ങള്‍?
ടാര്‍ഗറ്റഡ് പ്ലെയേഴ്സ് എന്നായിരുന്നു ക്യാംപിന്റെ പേര്. ഇന്ത്യന്‍ ടീമിലേക്കുള്ള എല്ലാവരും ആ ക്യാംപില്‍ ഉണ്ടായിരുന്നു. ഫിറ്റ്നസിനാണ് ക്യാംപില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഫിറ്റ്നസ് ടെസ്റ്റ് എടുത്തപ്പോള്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള ഫിറ്റ് പ്ലെയേഴ്സിനെക്കാളും നല്ല രീതിയില്‍ ചെയ്യാനും ടെസ്റ്റ് പാസാകാനും സാധിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗറുമായി സംസാരിക്കാന്‍ സാധിച്ചത് വലിയ പ്രചോദനമായി.
ബാറ്റിങ് ആണോ ബൗളിങ് ആണോ കൂടുതല്‍ ഇഷ്ടം?
പറയുമ്പോള്‍ അവിശ്വസിക്കരുത്. എനിക്കു ബൗളിങ്ങിനെയും ബാറ്റിങ്ങിനെയുംകാള്‍ ഇഷ്ടം ഫീല്‍ഡിങ്ങാണ്. ചെറുപ്പം മുതല്‍ പാടത്ത് ചേട്ടന്മാരുടെ കൂടെ കളിക്കുമ്പോള്‍ അവര്‍ ഫീല്‍ഡിങ്ങിനാണ് നിര്‍ത്തിയിരുന്നത്. ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ സമ്മതിച്ചിരുന്നില്ല. അങ്ങനെ ഫീല്‍ഡിങ് ചെയ്താണ് ബോളിനോടുള്ള പേടി മാറി കൈവഴക്കം നേടിയത്.
വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിച്ചല്ലോ? അനുഭവങ്ങള്‍
ഏറ്റവും സന്തോഷം ആദ്യ സീസണില്‍ത്തന്നെ ഫൈനല്‍ കളിക്കാന്‍ സാധിച്ചുവെന്നതാണ്. ക്രിക്കറ്റിന്റെ വലിയ ലോകത്തേക്കുള്ള എന്റെ ആദ്യ കാല്‍വയ്പായിരുന്നു ആ സെലക്ഷന്. മെഗ് ലാനിങ്, ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കളിക്കാനായി. ആദ്യം ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ടീമംഗങ്ങളുമായി നല്ല സൗഹൃദമുണ്ടായി. മെഗ് ലാനിങ്ങും ഷെഫാലി വര്‍മയുമൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അതൊക്കെ വലിയ അനുഭവമായാണ് കാണുന്നത്.
മുംബൈ വിമാനം പിടിക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു തിരക്കിട്ടു യാത്രയാവുകയാണ് മിന്നു മണി. മിന്നട്ടെ ഈ സഫല യാത്ര!
പ്രതികരിക്കാൻ ഇവിടെ എഴുതുക: