മുംബയ്: ഗോണ്ട്വാന സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ പഠനത്തില്‍ കാട്ടിയ മികവ് പ്രശംസനീയമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.സ്ത്രീ ശാക്തീകരണത്തിന്റെ ദിശയിലുള്ള സുപ്രധാന ചുവടുവയ്പാണ് ഇതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ഗോണ്ട്വാന സര്‍വകലാശാലയുടെ പത്താമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ധാരാളം പെണ്‍കുട്ടികള്‍ ബിരുദവും സ്വര്‍ണ മെഡലുകളും നേടുന്നതിലൂടെ മറ്റ് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.ബിരുദധാരികളില്‍ 45 ശതമാനവും സ്വര്‍ണമെഡല്‍ നേടിയവരില്‍ 61 ശതമാനവും പെണ്‍കുട്ടികളായിരുന്നു.
ഈ മേഖലയിലെ വനവിഭവങ്ങള്‍, ധാതു വിഭവങ്ങള്‍, ആദിവാസി സമൂഹത്തിന്റെ കല, പ്രാദേശിക കല, സംസ്കാരം എന്നിവയുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടി ഗോണ്ട്വാന സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതില്‍ രാഷ്ട്രപതി സംതൃപ്തി രേഖപ്പെടുത്തി. ഗോണ്ട്വാന സര്‍വകലാശാല വിദ്യാഭ്യാസത്തിലൂടെ ആദിവാസി, അധഃസ്ഥിത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.ഗഡ്ചിറോളിയിലുള്ള ഗോണ്ട്വാന സര്‍വകലാശാലയില്‍ നിരവധി ആദിവാസി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇന്ന് നടന്ന ബിരുദദാന ചടങ്ങില്‍ 3,200 ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബൈസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രശാന്ത് ബൊക്കറെ എന്നിവര്‍ പങ്കെടുത്തു.
പരീക്ഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗോണ്ട്വാന സര്‍വകലാശാലയില്‍ മുള കരകൗശല വസ്തുക്കള്‍, ഫോറസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാലയില്‍ ഗോത്ര ഗവേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ആദിവാസി ഭൂരിപക്ഷ ജില്ലകളുടെ വികസനത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: