കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിലെ പലഭാഗങ്ങളിളും കനത്ത മഴയാണ്. മീനച്ചിലാർ കരകവിയും എന്ന സ്ഥിതിയിലായി. ഞായർ രാത്രി ആരംഭിച്ച മഴ ശക്തി കുറഞ്ഞും കൂടിയും പെയ്തൊഴിയാതെ നിൽക്കുന്നു. ഇന്നലെ രാവിലെ മുതൽ മഴ ശക്തമായതോടെ മണിമലയാർ, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് ഉയർന്നു. പലയിടങ്ങളിലും മരങ്ങൾ വീണു നാശനഷ്ടം ഉണ്ടായി. എരുമേലി മണിപ്പുഴയിൽ നടപ്പാലം തകർന്നു.
ളാലം തോട്, മീനച്ചിൽ തോട്, പൊന്നൊഴുകും തോട്, വള്ളിച്ചിറ തോട് തുടങ്ങിയ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. മുൻ വർഷങ്ങളിൽ പാലായിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതിനാൽ വ്യാപാരികളും ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: