തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ബുധനാഴ്ച തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച നിലവില്‍ അവധിയാണ്.
വ്യാഴാഴ്ച മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. ബുധനാഴ്ച കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകള്‍ക്കും അലേര്‍ട്ടാണ്. വ്യാഴാഴ്ചയ്‌ക്കുശേഷം മഴയ്‌ക്ക് ശക്തികുറയാനാണ് സാധ്യത.
മലപ്പുറം അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 2.30-നാണ് സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേര്‍ക്കായി സ്‌കൂബ ടീമടക്കം തെരച്ചില്‍ നടത്തി വരികയാണ്.
ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും ഇവര്‍ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് 1.6 മീറ്റര്‍ ഉയര്‍ന്നതായി കേന്ദ്ര ജല കമ്മിഷന്‍. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നല്‍കാറുള്ള ഉയരം.
ഇടുക്കി അണക്കെട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ് 2308.54 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2344.04 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 35.5 അടി വെള്ളം കഴിഞ്ഞവര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ കൂടുതലുണ്ടായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 62.6 മില്ലി മീറ്റര്‍ മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെവരെ പെയ്തത്. ചൊവ്വാഴ്ച ഒരടി വെള്ളം മാത്രമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്.
കഴിഞ്ഞവര്‍ഷം ജൂലായ് നാലിന്ന് ഒറ്റദിവസത്തെ മഴയില്‍ നാലടി വെള്ളം ഉയര്‍ന്നു. മഴ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവായതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതന്നെ നില്ക്കുകയാണ്. അണക്കെട്ടിലേക്ക് കാര്യമായ നീരൊഴുക്കില്ല. ജലദൗര്‍ലഭ്യംമൂലം 3.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമാണ് പ്രതിദിനം ഇടുക്കി അണക്കെട്ടില്‍നിന്നുള്ള ജലമുപയോഗിച്ച് ഉത്പാദിപ്പിക്കുന്നത്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി.
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയര്‍ന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാര്‍ഡുകളില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: