ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ സാധാരണജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പോരാട്ടമായിരുന്നു കുറിച്യ കലാപം. പഴശ്ശിസമരങ്ങളിലെ യോദ്ധാക്കളുടെ അവസാന സമരം. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും കോളനി വിരുദ്ധ ഗിരിവര്‍ഗ്ഗ സമരം. ബ്രിട്ടീഷുകാരുടെ ക്രൂരത ഏറ്റവും അധികം നേരിടേണ്ടിവന്ന ഗോത്രസമൂഹത്തില്നിന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖശ്രീ ആകുന്നു. വയനാട് ഒണ്ടയങ്ങാടി സ്വദേശിനി മിന്നു മണി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമില്‍. കായിക രംഗത്ത് ഏറ്റവും അധികം മണികിലുക്കം കേള്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍, ദേശീയ ടീമില്‍ അംഗത്വം എന്നത് അപൂര്‍വതയാണ്. അതാണ് സാധാരണ മലയാളി പെണ്‍കുട്ടിക്ക് സാധ്യമായിരിക്കുന്നത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യവനിത താരമായിരിക്കുന്നു മിന്നു മണി.
വടക്കേയിന്ത്യന്‍ ലോബിയുടെ കൈകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് എന്ന ആക്ഷേപം മലയാളികള്‍ പണ്ടേ പറയുന്നതാണ്. കേരളത്തില്‍ നിന്നാരും ദേശീയ ടീമില്‍ ഇടം നേടാത്തതായിരുന്നു കാരണമായി എടുത്തുകാട്ടുന്നതും. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും നിരവധിപേര്‍ ദേശീയ ടീമീല്‍ ഇടം പിടിച്ചെങ്കിലും മുംബെ ലോബി, വടക്കേ ഇന്ത്യന്‍ ലോബി എന്ന ആക്ഷേപം മലയാളികള്‍ നിര്‍ത്തിയിരുന്നില്ല. ശ്രീശാന്തിന് പുറത്തേക്ക് പോകേണ്ടി വന്നപ്പോഴും സഞ്ചു സാംസന്റെ ടീം പ്രവേശനം താമസിച്ചപ്പോഴുമൊക്കെ അവഗണനയുടെ കഥകള്‍ക്കാണ് നിറംപിടിപ്പിച്ചത്. അതിലൊന്നും കഴമ്പില്ലന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ബിസിസിഐ നേതൃത്വം. പുരുഷ ടീമില്‍ സഞ്ജു സാംസണും വനിതാ ടീമില്‍ മിന്നു മണിയും ഇന്ത്യന്‍ ടീമിന്റെ പാടണിയും. കഴിവു തെളിയിച്ച് ദേശീയ ടീമില്‍ ഇടം നേടിയവരാണ് ഇരുവരും. തലതൊട്ടപ്പന്മാര് ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കയറിച്ചെല്ലാനാകും എന്നു തെളിയിക്കുകയാണ് ഇരുവരും. ക്രിക്കറ്റ് വരേണ്യ വര്‍ഗ്ഗത്തിന്റെ കളി എന്ന ആക്ഷേപത്തിനും മറുപടിയാണ് മത്സ്യതൊഴിലാളി കുടുംബാംഗമായ സഞ്ജുവും ഗോത്രവിഭാഗത്തില്‍പെട്ട മിന്നുമണിയും.
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി സംസാരിക്കുന്നതുപോലും അനുവദിക്കാതിരുന്ന കുടുംബപശ്ചാത്തലത്തില്‍ നിന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചാണ് മിന്നു ക്രിക്കറ്റ് പഠിച്ചത്. പത്താം വയസ്സില്‍ വീടിനടുത്തുള്ള നെല്‍വയലില്‍ ക്രിക്കറ്റ് കളി തുടങ്ങി. ഇടപ്പാടി സര്‍ക്കാര്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നതോടെയാണ് കളി കാര്യമായത്. 16-ാം വയസില്‍ കേരള ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയ മിന്നുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്. വനിത ഓള് ഇന്ത്യ ഏകദിന ടൂര്‍ണമെന്റിന്റെ കഴിഞ്ഞ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ മിന്നു ബോളുകൊണ്ടും തിളങ്ങി. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 246 റണ്‍സ് അടിച്ചെടുത്ത താരം 12 വിക്കറ്റുകളും നേടിക്കൊണ്ടാണ് ഓള് റൗണ്ടര്‍ മികവ് അടിവരയിട്ടത്. വനിത ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ താര ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സി മിന്നുവിനെ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറ്റം നടത്തിയ താരത്തിന് ആകെ മൂന്ന് മത്സരങ്ങളിലാണ് അവസരം ലഭിച്ചത്. 2019 ല്‍ ഇന്ത്യന്‍ എ ടീമിനൊപ്പം ബംഗ്ളാദേശില്‍ കളിച്ച പരിചയമുള്ള മിന്നുമണിക്ക് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാനാകുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കായിക കേരളത്തിനും ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെ ആഹല്ദിക്കാം, ടിനു യോഹന്നാന്, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്….. എന്നിവര്‍ക്കു പിന്നാലെ മിന്നുമണിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: