തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം കൊടുത്ത നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. കൂടുതല്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തി. അക്കാദമി പ്രസിഡന്റും സെക്രട്ടറിയും രാജിവെക്കണമെന്നും പരസ്യം പിന്‍വലിച്ച് പുതിയ പുറംചട്ടയോടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും നിരവധി പേര് ആവശ്യപ്പെട്ടു.
അക്കാദമിക്കയച്ച കത്തില്‍ പ്രസിഡന്റ് സച്ചിദാനന്ദന് ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് സാഹിത്യ വിമര്‍ശം പത്രാധിപര്‍ സി .കെ. ആനന്ദന് പിള്ള ആവശ്യപ്പെട്ടു. ഇത് നാണക്കേടാണെന്ന് പ്രശസ്ത കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്നല്ല വേണ്ടിയിരുന്നത് കാരണഭൂതന് ലോകത്തിനു മാതൃക എന്ന് നല്‍കണമായിരുന്നു എന്ന് അഡ്വ. എ. ജയശങ്കര്‍ പരിഹസിച്ചു. വിമര്‍ശനവും പരിഹാസവും ശക്തമാകുമ്പോഴും അക്കാദമി അനങ്ങാപ്പാറ നയം തുടരുകയാണ്. പുസ്തകം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സെക്രട്ടറി സി .
പി. അബൂബക്കര്‍. സച്ചിദാനന്ദനാകട്ടെ സംഭവത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കിലും തള്ളിപ്പറയാനോ തിരുത്തല്‍ നിര്‍ദേശിക്കാനോ തയ്യാറായിട്ടില്ല. അത്തരം നടപടിയിലേക്ക് കടന്നാല്‍ പിണറായിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും അതൃപ്തി നേരിടേണ്ടി വരുമോ എന്ന ഭയമാണ് സച്ചിദാനന്ദനും ഭരണസമിതിയിലെ മറ്റംഗങ്ങള്‍ക്കും എന്നും ആക്ഷേപമുണ്ട്. ഇടത് സഹയാത്രികരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പോലും അക്കാദമി നടപടിയില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: