മണികണ്ഠന് കുറുപ്പത്ത്
കാഞ്ഞാണി: മഴ കനത്താല്‍ അന്തിക്കാട് കല്ലിടവഴി റോഡിലൂടെ മുട്ടറ്റം വെള്ളത്തില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികളും നാട്ടുകാരും നനഞ്ഞ് കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് ഇത്തവണയും പതിവു തെറ്റാതെ മുങ്ങിക്കിടക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാന്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്.
പഞ്ചായത്തിലെ 2 സ്കൂളുകള്‍ക്ക് സമീപമാണ് റോഡില്‍ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നത്. സ്കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇത് മൂലം ഏറെ വലയുന്നത്. മുന്‍കാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇടത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്. കല്ലിടവഴി പ്രദേശത്തു നിന്നുള്ള വെള്ളം പടിയത്തുള്ള ഇറിഗേഷന്‍ കനാലിലെത്തും. ഇവിടെ നിന്ന് ശ്രീരാമന്‍ചിറ വഴി കനോലി കനാലിലേക്കാണ് അധികജലം ഒഴുകിയെത്തുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തി തന്റെ പറമ്പിലൂടെയുള്ള കാന വഴി വെള്ളം ഒഴുക്കിവിടുന്നത് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുണ്ട്. എല്ലാ വര്‍ഷവും കളക്ടര്‍ ഇടപെട്ടാണ് വെള്ളം ഒഴുക്കിവിട്ട് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുന്നത്.
അടച്ചിട്ട കാന തുറന്ന് വെള്ളം ഒഴുക്കിവിട്ടതിന് 2 ജനപ്രതിനിധികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തരുതെന്ന കോടതി വിധി ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് കാന അടച്ചുകെട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്കൂളിന് സമീപത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ എല്‍.പി. സ്കൂളിന് പുറകു വശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഡെങ്കിപ്പനിയും, പനി മരണങ്ങളും ഉയരുമ്പോള്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
നീരൊഴുക്ക് തടഞ്ഞത് വിനയായി
(ഗോകുല്‍ കരിപ്പിള്ളി, ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി )
പരമ്പരാഗതമായി മഴവെള്ളം പല സ്വകാര്യ വ്യക്തികളുടെയും പറമ്പുകളിലൂടെയാണ് ഒഴുകി കനോലി കനാലില്‍ എത്തുന്നത്. ഇതിനായുള്ള ചാലില്‍ ഒരു സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി തന്റെ പറമ്പിലൂടെ വെള്ളം ഒഴുകുന്നത് തടഞ്ഞതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ഇപ്പോഴും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. മഴക്കാലം തീരുന്നത് വരെ ഇതുവഴി യാത്ര ദുരിതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: