കല്‍പ്പറ്റ: ഫുട്ബോളില്‍ തുടങ്ങി ക്രിക്കറ്റിലെത്തിയ ജീവിതമാണ് മിന്നു മണിയുടേത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ഈ വയനാട്ടുകാരി കളിച്ചു കയറുമ്പോള്‍ അത് കേരളത്തിനാകെ അഭിമാനം. വനിതാ ദേശീയ ടീമിലെത്തുന്ന ആദ്യ മലയാളി താരമെന്ന പകിട്ടുമുണ്ട് അതിന്.
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീമിലാണ് മിന്നു ഇടം നേടിയത്. ഇടം കൈ ബാറ്റിങ്ങും, വലം കൈ സ്പിന്നിങ്ങുമായുള്ള ഓള്‍റൗണ്ട് മികവാണ് മിന്നുവിനെ ദേശീയ ടീമിലെത്തിച്ചത്. മിന്നു ഇന്ന് മുബൈയില്‍ 18 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. നാളെ ടീം ബംഗ്ലാദേശിലേക്ക് തിരിക്കും.
പതിനാറാം വയസിലായിരുന്നു കേരള ടീമിലേക്കുള്ള മിന്നുവിന്റെ അരങ്ങേറ്റം. കഴിഞ്ഞ സീസണ് വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനായി എട്ട് കളിയില്‍ 246 റണ്‍ സും 12 വിക്കറ്റും കൈക്കലാക്കി. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ എ, ബി ടീമുകളുടെ ഭാഗമായി. ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ 30 ലക്ഷം രൂപക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി.
വയനാട് മാനന്തവാടിക്കടുത്ത് എടപ്പടിയാണ് മിന്നുവിന്റെ സ്വദേശം. വനവാസി ദമ്പതികളായ സി.കെ. മണിയുടെയും വസന്തയുടെയും മൂത്തമകള്‍. ചെറുപ്പത്തില്‍ കൊയ്ത്തൊഴിഞ്ഞ പാടത്ത് ഫുട്ബോള്‍ കളിയായിരുന്നു പ്രധാന വിനോദം. സമപ്രായക്കാരായ ആണ്‍കുട്ടികളെ വെല്ലുന്ന പ്രകടനമായിരുന്നു മിന്നുവിന് അന്നെന്ന് പിതാവ് പറയുന്നു. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ക്രിക്കറ്റ് മോഹം ഉണ്ടായത്. മികച്ച അത്ലറ്റായിരുന്ന മിന്നുവിനോട് ക്രിക്കറ്റില്‍ ഒരു കൈ നോക്കാന്‍ സ്കൂളിലെ കായിക അധ്യാപിക എല്‍സമ്മ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഒമ്പതില്‍ പഠിക്കുമ്പോള്‍ തൊടുപുഴയിലെ കെസിഎ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം. പിന്നീട് തിരുവനന്തപുരം, വയനാട് കൃഷ്ണഗിരി സ്റ്റേഡിയം എന്നിവിടങ്ങളിലും പരിശീലനം നേടി. ചലഞ്ചേഴ്സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ബ്ലൂ ടീമിലുമെത്തി. പിന്നെ സീനിയര്‍ ക്രിക്കറ്റില്‍ ദക്ഷിണ മേഖലയ്ക്കായും കളിച്ചു. കെസിഎയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സഹോദരി മിനിത മാനന്തവാടി ഗവണ്മെന്റ് കോളജില്‍ ബികോം വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: