കൊച്ചി: കേസുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തടവുപുള്ളികളെ കാണാനെത്തുമ്പോള്‍ ജയില്‍ അധികൃതര്‍ മതിയായ പരിഗണന നല്‍കണമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തടവുപുള്ളികളെ കാണാനെത്തുന്ന അഭിഭാഷകരെ അനാവശ്യമായി തടയരുതെന്ന് വ്യക്തമാക്കി ജയില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനായി ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ജയില്‍ ഡിജിപിക്കു നല്കാന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തടവുപുള്ളിയെ സന്ദര്‍ശിക്കാന്‍ അനുമതി വാങ്ങിയെത്തുന്ന അഭിഭാഷകരെ ജയിലിന്റെ ഗേറ്റില്‍ അനാവശ്യമായി തടഞ്ഞു നിറുത്തുകയും കൂടിക്കാഴ്ച അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കോടതി ഭാവിയില്‍ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവില്‍ വ്യക്തമാക്കി. കണ്ണിന്റെ ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്ന ഹര്‍ജി നല്കാന് വക്കാലത്ത് ഒപ്പിട്ടു വാങ്ങാന്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന ആട് ആന്റണിയെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെതിരെ അഭിഭാഷകനായ തുഷാര്‍ നിര്‍മ്മല്‍ സാരഥി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആട് ആന്റണി ജയില്‍ അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് തനിക്ക് 70 ശതമാനം കാഴ്ച നഷ്ടമായെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന് അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിക്ക് കത്തയച്ചിരുന്നു. എട്ടു വര്‍ഷമായി തടവുശിക്ഷയനുഭവിക്കുന്ന തനിക്ക് പരോള്‍ അനുവദിക്കുകയോ തടവില്‍ ചികിത്സ ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: