ചെറുതുരുത്തി: ആറങ്ങോട്ടുകരയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി. അയ്യപ്പനാണ് വിജിലന്‍സിന്റെ പിടിയിലായത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയാണ് ഇദ്ദേഹം. തിരുമിറ്റകോട് പുവ്വത്തിങ്കല്‍, കുഞ്ഞുവിന്റെ മകന്‍ അബ്ദുള്ളക്കുട്ടി എന്നയാള്‍ സ്ഥലത്തിന്റെ ആര്‍ഒആര്‍ ലഭിക്കുന്നതിനായി വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി അയ്യപ്പന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ വില്ലേജ് ഓഫീസില്‍ പരാതിക്കാരന്റെ കൂടെ വിജിലന്‍സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. വിജിലൻസ് ഫിനോൾഫ്‌തലിൻ പുരട്ടി നൽകിയ നോട്ടാണ് അബ്ദുള്ളക്കുട്ടി അയ്യപ്പന് നൽകിയത്. ഇതറിയാതെ അയ്യപ്പന്‍ ഇയാളില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. പിടിയിലായ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് പൊട്ടിക്കരഞ്ഞതായും പറയുന്നുണ്ട്. പ്രമോഷനോടെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്ന സമയത്താണ് കൈക്കൂലി കേസില്‍ ഇയാള്‍ അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: