ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 7,8 തീയതികളില്‍ ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.
ഗോരഖ്പൂര്‍, വാരണാസി, റായ്പൂര്‍, വാറംഗല്‍, ബിക്കാനീര്‍ എന്നീ അഞ്ച് നഗരങ്ങളിലായി ഒരു ഡസനോളം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഏകദേശം 50,000 കോടി രൂപയുടെ 50 പദ്ധതികളുടെ അനാച്ഛാദനവും സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
7 ന് റായ്പൂരില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഒന്നിലധികം പദ്ധതികള്‍ സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. റായ്പൂര്‍-വിശാഖപട്ടണം ഇടനാഴിയുടെ വിവിധ ഭാഗങ്ങളിലെ ആറുവരി പാത ശിലാസ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് പൊതുയോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുന്ന മോദി അവിടെ മതഗ്രന്ഥങ്ങളുടെ പ്രസാധകരായ ഗീതാ പ്രസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
പിന്നാലെ പ്രധാനമന്ത്രി തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെത്തും.വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ ജംഗ്ഷന് മുതല്‍ സോണ്‍ നഗര്‍ വരെയുള്ള പുതിയ ചരക്ക് ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. എന്‍ എച്ച് 56(വാരണാസി – ജൗന്‍പൂര്‍) നാലുവരിയായി വീതികൂട്ടുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. മണികര്‍ണിക ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട് എന്നിവയുടെ നവീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
ഈ മാസം എട്ടിന് പ്രധാനമന്ത്രി വാരാണസിയില്‍ നിന്ന് തെലങ്കാനയിലെ വാറങ്കലിലേക്ക് പോകും. നാഗ്പൂര്‍-വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും. എന്‍എച്ച്-563ന്റെ കരിംനഗര്‍-വാറങ്കല്‍ ഭാഗത്തെ നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും.വാറങ്കലില്‍ പൊതുയോഗത്തിലും പങ്കെടുക്കും.വാറങ്കലില്‍ നിന്ന് പ്രധാനമന്ത്രി മോദി ബിക്കാനീറിലേക്ക് പോകും. അവിടെ അദ്ദേഹം ഒന്നിലധികം പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഹരിത ഊര്‍ജ ഇടനാഴിയുടെ ഒന്നാം ഘട്ടത്തിന് വേണ്ടിയുള്ള അന്തര്‍സംസ്ഥാന പ്രസരണ ലൈനും അദ്ദേഹം നാടിന് സമര്‍പ്പിക്കും. ബിക്കാനീര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പിന്നീട് പൊതുയോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: