Categories: India

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വീണ്ടും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍

ദിന്‍ഹതയിലെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം അപ്പപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രി ദിന്‍ഹത മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Published by

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കടുക്കവേ സംഘര്‍ഷം വ്യാപകമായ വടക്കന്‍ ജില്ലകളിലും സമാധാനദൗത്യവുമായി ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് എത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. അക്രമബാധിതമായ കൂച്ച് ബെഹാര്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി നേരിട്ട് ഇടപെട്ടത്  ജനങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നു.

ദിന്‍ഹതയിലെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം അപ്പപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രി ദിന്‍ഹത മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു ടിഎംസി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവും ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂച്ച് ബിഹാര്‍ സര്‍ക്യൂട്ട് ഹൗസില്‍ ക്യാമ്പ് ചെയ്ത് ഗവര്‍ണര്‍ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിന്‍ഹ, എസ.പി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്രമസമാധാനം പുനഃസ്ഥാപിക്കാനും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍ കഴിയുന്ന ദിന്‍ഹാതയിലെ ആശുപത്രി ഗവര്‍ണര്‍ സന്ദര്‍ശിച്ചു, ഡോക്ടര്‍മാരുമായി സംസാരിച്ച് മികച്ച ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ഇടപെട്ടു. സംഘര്‍ഷം നടന്ന അതിര്‍ത്തിഗ്രാമങ്ങളും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും അടിയന്തര നടപടി ഉറപ്പു നല്‍കുകയും ചെയ്തു. തങ്ങളുടെ ഏക പ്രതീക്ഷ ഇപ്പോള്‍ രാജ്ഭവനിലാണെന്ന് സാധാരണ ജനങ്ങള്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ പരാതി പരിഹരിക്കാന്‍ രാജ്ഭവനില്‍ തുറന്ന സമാധാന മുറിയും (പീസ് റൂം) ദ്രുത പരാതിപരിഹാര സെല്ലും (റാപ്പിഡ് റെസ്‌പോണ്‍സ് സെല്‍)  24ഃ7 ഫോണ്‍ നമ്പറും മികച്ച ഫലം നല്‍കുന്നതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കെല്ലാം അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. പരാതികള്‍ അടിയന്തരമായി പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്ഭവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പരിഷത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 74,000 സീറ്റുകളിലേക്ക് ജൂലൈ 8 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 5.67 കോടി ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക