ഇസ്ലാമബാദ്: ഐഎംഎഫില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമായി പാക്കിസ്ഥാന്. ആഗോള വായ്പക്കാരുമായുള്ള തീരുമാനത്തിനു പിന്നാലെ അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ 3 ബില്യണ്‍ യുഎസ് ഡോളറിന്റെ പുതിയ വായ്പ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കടക്കാരനാകുകയാണ് രാജ്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1947നു ശേഷം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന് 2023 മാര്‍ച്ച് 31ന് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ അറേഞ്ച്മെന്റ് പ്രകാരം അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ മൂന്നു ബില്യണ്‍ യുഎസ് ഡോളര്‍ കൂടി ലഭിക്കുമ്പോള്‍ പാകിസ്ഥാന് ഈ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മാറും. എട്ട് മാസത്തെ കാലതാമസത്തിന് ശേഷമാണ് ഐഎംഎഫ് ബോര്‍ഡിന്റെ അംഗീകാരത്തിനായി രാജ്യം കാത്തുനില്‍ക്കുന്നത്.
നേരത്തെ, ഐഎംഎഫില്‍ നിന്നുള്ള വായ്പയുടെ കാര്യത്തില്‍, 46 ബില്യണ്‍ യുഎസ് ഡോളറുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തും, 18 ബില്യണ്‍ യുഎസ് ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും, 12.2 ബില്യണ്‍ ഡോളറുമായി ഉക്രെയ്ന് മൂന്നാം സ്ഥാനത്തും, 8.2 ബില്യണ്‍ ഡോളറുമായി ഇക്വഡോര്‍ നാലാം സ്ഥാനത്തും, 7.4 ബില്യണ്‍ ഡോളറുമായി പാകിസ്ഥാന് അഞ്ചാം സ്ഥാനത്തുമായിരുന്നു. 10.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പകള്‍ സ്വീകരിക്കുന്നത്തോടെ പാകിസ്ഥാന് ഇക്വഡോറിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ ഐഎംഎഫ് വായ്പക്കാരനാകും.
ഉക്രെയ്നിലെ യുദ്ധവും ആഭ്യന്തര വെല്ലുവിളികളും കാരണം പണമില്ലാത്ത പാകിസ്ഥാന് പേയ്മെന്റ് ബാലന്‍സ് പ്രതിസന്ധി നേരിടുകയാണ്. ആകെ 93 രാജ്യങ്ങള്‍ക്ക് ഐഎംഎഫ് കടം നല്‍കിയിട്ടുണ്ടെങ്കിലും പാകിസ്ഥാന് ഉള്‍പ്പെടെയുള്ള പത്തു രാജ്യങ്ങള്‍ക്കാണ് കടത്തിന്റെ 71.7 ശതമാനവും നല്‍കിയിട്ടുള്ളത്. ഏഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഐഎംഎഫ് കടം വാങ്ങുന്ന രാജ്യകൂടിയാണ് പാകിസ്ഥാന് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാന് സമ്പദ്വ്യവസ്ഥ താഴേക്ക് കൂപ്പുക്കുത്തുകയാണ്. ഇത് അനിയന്ത്രിതമായ പണപ്പെരുപ്പത്തിന്റെ രൂപത്തില്‍ പാവപ്പെട്ട ജനങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ജീവിതം അസാധ്യമാക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിനാശകരമായ വെള്ളപ്പൊക്കവും ഉക്രെയ്നിലെ യുദ്ധത്തെ തുടര്‍ന്നുള്ള ചരക്ക് വിലക്കയറ്റവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ പാക്കിസ്ഥാന് സമീപകാലത്ത് അഭിമുഖീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: