ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവകാശപ്പെടുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലും പിളര്‍പ്പെന്ന സൂചനകള്‍ ശക്തം. നിതീഷ് കുമാറില്‍ അതൃപ്തിയുള്ള വലിയൊരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍.
ഇക്കാര്യം സ്ഥിരീകരിച്ച് ബിജെപി എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി രംഗത്തെത്തി. ജെഡിയുവില്‍ വലിയ ഭിന്നതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിളര്‍പ്പൊഴിവാക്കാന്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലെത്താന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ബിജെപി സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനൊപ്പം സര്‍ക്കാരുണ്ടാക്കിയത്.
ബീഹാറില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത വര്‍ധിച്ചതായും നിതീഷിന്റെ പാര്‍ട്ടിയില്‍ വലിയ ഭിന്നതയാണെന്നും ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന് പറഞ്ഞു. നിതീഷ് കാലാവധി തികയ്ക്കാന്‍ സാധ്യതയില്ലെന്നും പാസ്വാന് തുടര്‍ന്നു. ജെഡിയുവിലെ നിരവധി എംഎല്‍എമാര്‍ ലോക് ജനശക്തിയുമായി സമ്പര്‍ക്കത്തിലാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് 10 സീറ്റുപോലും കിട്ടില്ലെന്നുറപ്പാണ്, പാസ്വാന് പറയുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പൊഴിവാക്കാന്‍ രണ്ടു ദിവസമായി നിതീഷ് കുമാര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുവെന്നാണ് റിപ്പോര്‍ട്ട്.
ബീഹാറില്‍ ആര്‍ജെഡി-ജെഡിയു സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോപിച്ചു. മഹാരാഷ്ട്രയ്ക്കു പിന്നാലെ ബീഹാറിലും സഖ്യസര്‍ക്കാരിനെതിരേ നീക്കം നടക്കുകയാണ്. എംഎല്‍എമാരെ കൂറുമാറ്റുകയെന്നത് സാധാരണമായി. എന്നാല്‍ ബീഹാറില്‍ ആര്‍ജെഡി-ജെഡിയു സഖ്യം ശക്തമായി തുടരുമെന്നും ലാലു അവകാശപ്പെട്ടു.
നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വലിയ പ്രശ്നങ്ങളാണെന്നും നിരവധി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ രാംദാസ് അത്താവലെ പറഞ്ഞു.
യുപിയില്‍ സമാജ്വാദി പാര്‍ട്ടിയിലും പിളര്‍പ്പുണ്ടാകും. അഖിലേഷ് യാദവുമായി ഭിന്നതയുള്ള എംഎല്‍എമാര്‍ ജയന്ത് ചൗധരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായും രാംദാസ് അത്താവലെ തുടര്‍ന്നു. മഹാരാഷ്ട്ര, ബീഹാര്‍, യുപി എന്നിവിടങ്ങളിലെ പ്രധാന പ്രാദേശിക പാര്‍ട്ടികളിലെ ഭിന്നത ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുന്ന കോണ്‍ഗ്രസിന് കനത്ത പ്രഹരമായി.
പാര്‍ട്ടികളിലെ ഭിന്നത രൂക്ഷം; പ്രതിപക്ഷ യോഗം നീട്ടിവച്ചു
ന്യൂദല്‍ഹി: എന്‍സിപിയിലെ പിളര്‍പ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനീക്കത്തെ ഗുരുതരമായി ബാധിച്ചു. കൂടുതല്‍ പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത രൂക്ഷമായെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഷിംലയില്‍ നിശ്ചയിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നീട്ടിവച്ചു. 13, 14 തീയതികളിലെ യോഗമാണ് മാറ്റിയത്. 17, 18 തീയതികളില്‍ ബെംഗളൂരുവില്‍ യോഗം നടക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും ഉറപ്പില്ല.
പാട്നയിലെ പ്രതിപക്ഷ യോഗത്തിനു ശേഷം അടുത്ത യോഗം സംബന്ധിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് പ്രഖ്യാപിച്ചത്. ഷിംലയിലെ യോഗത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ സ്വന്തം പാര്‍ട്ടിതന്നെ കൈയില്‍ നിന്നു പോയ അവസ്ഥയിലാണ് ശരദ് പവാര്‍. ഇതിനിടെ, ബീഹാറില്‍ ജെഡിയുവില്‍ നിന്നു ഭിന്നതകളുടെ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: