എന്‍സിപിയില്‍ തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരും നേതാക്കളുമായി അജിത്പവാര്‍ പാര്‍ട്ടിവിട്ട് ബിജെപി-ശിവസേന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതും, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും മഹാരാഷ്ട്രയിലും ദേശീയ രാഷ്ട്രീയത്തിലും പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കും. ബഹുഭൂരിപക്ഷം എംഎല്‍എമാരും അജിത് പവാറിനോടൊപ്പമുള്ളതും, അവരില്‍ എട്ട് പേര് മന്ത്രിമാരായി അധികാരമേറ്റിരിക്കുന്നതും പാര്‍ട്ടി സ്ഥാപകനും ദേശീയ അധ്യക്ഷനുമായ ശരത് പവാറിനെ ഏറെക്കുറെ നിഷ്പ്രഭനാക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു നീക്കം താന്‍ അറിഞ്ഞില്ലെന്ന പവാറിന്റെ പ്രസ്താവന തന്നെ നിസ്സഹായതയ്ക്ക് തെളിവാണല്ലോ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച് ജയിച്ചശേഷം ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ശിവസേനയില്‍നിന്ന് ബഹുഭൂരിപക്ഷം എംഎല്‍എമാരുമായി പുറത്തുവന്ന ഏക്നാഥ് ഷിന്‍ഡേയുടെ നടപടിയോട് സാമ്യമുണ്ട് അജിത് പവാറിന്റെ കളംമാറി ചവിട്ടലിനും. ജനവിധി അനുകൂലമായിരുന്നിട്ടും മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ രൂപംനല്കിയ കോണ്‍ഗ്രസ്സും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടുന്ന മഹാവികാസ് അഖാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത് മുഖ്യമായും അഴിമതി നടത്തുന്നതിനായിരുന്നു. അധികാരമോഹിയും ദുര്‍ബലനുമായ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമ്പോഴും കാര്യങ്ങളെല്ലാം തീരുമാനിച്ചത് കോണ്‍ഗ്രസ്സും എന്‍സിപിയുമായിരുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍കൊണ്ട് ഉദ്ദവ് കുടുംബവും അനുചരന്മാരും തൃപ്തരായി. ഇതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് ഏകനാഥ് ഷിന്‍ഡെ ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയായത്. ഇതേ പാതയാണ് അജിത് പവാറും തെരഞ്ഞെടുത്തത്.
എന്‍സിപിയിലെ പിളര്‍പ്പ് മഹാവികാസ് അഖാഡി സഖ്യത്തിനേറ്റ തിരിച്ചടിയെക്കാള്‍ മറാത്ത കരുത്തനായി അറിയപ്പെടുന്ന ശരത് പവാറിനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും കൗശലക്കാരനും, സ്വാര്‍ത്ഥനും അധികാര ദുര്‍മോഹിയുമായ നേതാവാണ് ശരത് പവാര്‍. കോണ്‍ഗ്രസ്സുകാരനായിരുന്ന പവാര്‍ സോണിയയുടെ വിദേശവംശ പ്രശ്നം ഉയര്‍ത്തി പാര്‍ട്ടി വിട്ട് രൂപീകരിച്ചതാണ് എന്‍സിപി. പിന്നീട് ഇതേ സോണിയയുമായി യാതൊരു തത്വദീക്ഷയുമില്ലാതെ പവാര്‍ കൈകോര്‍ത്തു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും മുന്നേറ്റത്തില്‍ ഒറ്റപ്പെട്ടുപോയ പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവായി വിലസുകയായിരുന്നു. കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന് അധികാരം ലഭിക്കാനുള്ള സാധ്യത തീരെയില്ലാതിരുന്നിട്ടും, അങ്ങനെയൊന്ന് സംഭവിക്കുമെന്ന് സങ്കല്പ്പിക്കുകയും അപ്പോള്‍ തനിക്ക് പ്രധാനമന്ത്രിയാവാമെന്നും കരുതി നടക്കുകയായിരുന്നു പവാര്‍. ഈ ലക്ഷ്യം വച്ച് പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റുകയും ചെയ്തു. പതിറ്റാണ്ടുകളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ തഴഞ്ഞ് മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ഈ ഏകാധിപത്യത്തെ മറച്ചുപിടിക്കാനും അണികളെ കബളിപ്പിച്ച് പിന്തുണ ഉറപ്പിക്കാനും ഒരു രാജി നാടകവും പവാര്‍ നടത്തി. ഇതിലൂടെ മരുമകനായ അജിത് പവാറിനെ ഒറ്റപ്പെടുത്തുകയെന്നതും ദുഷ്ടലാക്കായിരുന്നു. ഈ കുതന്ത്രം പാര്‍ട്ടി തിരിച്ചറിഞ്ഞു എന്നതിനു തെളിവാണ് അജിത് പവാറിന് ലഭിച്ചിരിക്കുന്ന പിന്തുണ. പാര്‍ട്ടിയില്‍ വിശ്വസ്തനും വലംകയ്യായി പ്രവര്‍ത്തിച്ചിരുന്നയാളുമായ പ്രഫുല്‍ പട്ടേലും, ഛഗന്‍ ഭുജ്ബലിനെപ്പോലുള്ള മറ്റ് നേതാക്കളും പവാറിനെ കൈവിട്ടത് ഇതിന് തെളിവാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ താഴെയിറക്കുമെന്ന അവകാശവാദവുമായി അധികാരമോഹികളും അഴിമതിക്കാരുമായ ഒരുപറ്റം നേതാക്കള്‍ വിശാലസഖ്യത്തിനു ശ്രമിക്കുമ്പോഴാണ് അവര്‍ക്ക് ഇങ്ങനെയൊരു പ്രഹരമേറ്റിരിക്കുന്നത്. ഇതിനുവേണ്ടി പാട്നയില്‍ യോഗം ചേരുകയുണ്ടായി. എന്നാല്‍ പ്രതിപക്ഷ ഐക്യത്തെക്കാള്‍ അനൈക്യത്തിന്റെ ശബ്ദങ്ങളാണ് ഈ നേതാക്കള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നത്. അടുത്തയോഗം സിംലയില്‍ ചേരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, അത് ബെംഗളൂരുവിലായിരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചത് കല്ലുകടി പുറത്തുകൊണ്ടുവന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സ്വന്തം തട്ടകത്തില്‍ തന്നെ പവാറിനെ അനുയായികള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. കര്‍ണാടകയില്‍ അധികാരം ലഭിച്ചതിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച് എന്തൊക്കെയോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന കെ.സി. വേണുഗോപാലിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മഹാരാഷ്ട്രയിലെ തിരിച്ചടി ഒരിക്കലും മറക്കാത്ത പാഠമായിരിക്കും. ഇനി ആരൊക്കെ സ്വന്തം ക്യാമ്പിലുണ്ടാവുമെന്നോര്‍ത്ത് പല പ്രതിപക്ഷ നേതാക്കള്‍ക്കും പരിഭ്രമം തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷത്തെ നയിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വന്തം എംഎല്‍എമാരെയും എംപിമാരെയും ഒറ്റക്കൊറ്റയ്ക്ക് കാണുകയാണത്രേ. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഭിന്നധ്രുവങ്ങളില്‍ നില്ക്കുന്ന കര്‍ണാടകയിലെ കാര്യം എന്താകുമെന്ന് കണ്ടറിയണം. അവിടെയും മഹാരാഷ്ട്ര ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെ രാഷ്ട്രീയം മൗലികമായി മാറിയിരിക്കുന്നു. അധികാരത്തിനു പുറത്തായിരിക്കുന്ന കോണ്‍ഗ്രസ് കുടുംബാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ മോഹിക്കുന്നത് വെറുതെയാണ്. മഹാരാഷ്ട്രയും ഇതാണ് ബോധ്യപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: