തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ എക്സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഷീലയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഷീലയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും സ്കൂട്ടറും ഇതുവരെ വിട്ടുനല്കിയിട്ടില്ല.
കുറ്റവിമുക്തയാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല സണ്ണി പറഞ്ഞു. എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ച എക്സൈസ് ഉദ്യോഗസ്ഥന് പറഞ്ഞതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ്വെച്ചത് എന്നതെല്ലാം അറിയണം. തനിക്ക് നീതി കിട്ടണമെന്നും ഷീല പറഞ്ഞു.
അതേസമയം വ്യാജ ലഹരിക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സസ്പെന്‍ഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥന് കെ. സതീഷ് പ്രതികരിച്ചു. അന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് വിശ്വാസം. അന്ന് കേസെടുത്തില്ലെങ്കില്‍ താന്‍ കുടുങ്ങുമായിരുന്നുവെന്നും സതീഷ് പറഞ്ഞു. സാധനം നിങ്ങളുടെ കൈയില്‍ നിന്ന് കിട്ടിയ സ്ഥിതിക്ക് കേസ് വിടാന്‍ പറ്റില്ല. വിട്ടുകഴിഞ്ഞാല്‍ ഞാന്‍ പൈസ വാങ്ങി കേസ് ഒഴിവാക്കിയെന്ന് പരാതിക്കാര്‍ പറയും. അതിനാല്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ആരുമില്ല, ഒന്നും അറിയില്ല എന്നായിരുന്നു അവരുടെ മറുപടി. സാമ്പിളെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് സ്റ്റാമ്പ് പരിശോധനയ്ക്ക് അയച്ചത്. ഒരു ലിക്വിഡ് ഇതിന്റെ അകത്ത് ഒഴിക്കുകയാണ്. ഇത് ആവിയായി പോകുന്ന സാധനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അന്ന് മൂന്നര മണി മുതല്‍ ഒമ്പതു മണി വരെയാണ് അവര്‍ തന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. കേസെടുത്ത് കൈമാറിയശേഷം ബാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു അവര്‍. അസി. എക്സൈസ് കമ്മീഷണറുടെ അടുത്താണ് അവര്‍ സംശയമുള്ളതൊക്കെ പറയുന്നത്. എന്റെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ല’, സതീഷ് പറഞ്ഞു. അതേസമയം, ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് സതീഷ് ഉറപ്പിച്ചു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: