ആലപ്പുഴ: ഇതപര്യന്തമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ യെില്വേസ്റ്റഷനുകളില് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി അതിവേഗ വികസനമാണ് റെയില്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്നത്. റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ പലതവണ സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സച്ചിന്ദര്‍ മോഹന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ആലപ്പുഴ, കായംകുളം റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ആലപ്പുഴ, കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ എട്ടുകോടി രൂപ വീതം ചെലവഴിച്ചാണ് നവീകരിക്കുന്നത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്ററുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്രവേശന കവാടം, പ്ലാറ്റ്ഫോം ഷെല്‍റ്റര്‍ എന്നിവ നിര്‍മ്മിക്കും. നിലവില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലായി പുതിയ ലിഫ്റ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവ ഉടന്‍ തുറന്ന് നല്‍കും. സ്റ്റേഷന് സൗന്ദര്യവത്ക്കരിക്കും. പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ശുചിമുറികള്‍, കഫറ്റീരിയ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.
കുടിവെള്ളത്തിനുള്ള ക്രമീകരണം, പ്ളാറ്റ്ഫോമിലെ കോച്ചുകളുടെ സ്ഥാനമറിയാനുള്ള ഡിജിറ്റല്‍ സംവിധാനം തുടങ്ങിയവ ഏര്‍പ്പെടുത്തും. മേല്‍നടപ്പാലം തുറന്നതും യാത്രക്കാര്‍ക്ക് ആശ്വാസമായി. എസ്കലേറ്ററും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ആധുനിക സംവിധാനങ്ങളോടെയുള്ള വിശ്രമമുറി യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമമുറിയില്‍ എസി സൗകര്യം ഉണ്ട്. പുഷ്ബാക്ക് കസേരകളാണ് ഒരുക്കിയിട്ടുള്ളത്. ടിവി, പുസ്തകങ്ങള്‍, മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിന് 30 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്, കൂടാതെ ചായയും പലഹാരങ്ങളും ലഭിക്കും. ഇതിന് പ്രത്യേകം പണം നല്‍കണം.
തീരദേശ റെയില്‍പ്പാതയുടെ എറണാകുളം മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗം ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: