സുനീഷ് മണ്ണത്തൂര്‍
മലയാള സിനിമയില്‍ ആദ്യമായി ഒരു വനിത സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം ‘ഡാര്‍ക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’ ചലച്ചിത്രാനുഭവത്തിന്റെ വേറിട്ട കാഴ്ചകളുമായി തിയ്യേറ്ററുകളിലെത്തി പ്രേക്ഷകരുടെ അംഗീകാരം നേടിയിരിക്കുന്നു.
കണ്ണൂര്‍ സ്വദേശിയായ വിദ്യാ മുകുന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളാ-കര്‍ണാടക വനാതിര്‍ത്തിയിലുള്ള ഒരു ഗ്രാമവും, അവിടുത്തെ കൊടും കാടും പുഴകളും ഉള്‍പ്പെടെ അതിമനോഹരമായ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ ഇതുവരെ പറയാത്ത ഒരു കഥയും ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ചേര്‍ന്ന് ആദ്യവസാനം വരെ പ്രേക്ഷകരെ ആവേശഭരിതരാക്കും. ചിത്രത്തിന്റെ സംവിധായികയായ വിദ്യാ മുകുന്ദനും ഏറെ സന്തോഷത്തിലാണ്. സിനിമാ ജീവിതത്തിന്റെ അനുഭവങ്ങള്‍ അവര്‍ ജന്മഭൂമിയോടായി പങ്കുവച്ചു.
- മലയാള സിനിമാ മേഖലയില്‍ ആദ്യമായിട്ടാണ് ഒരു വനിതാ സംവിധായിക ക്രൈം ത്രില്ലര്‍ ഒരുക്കുന്നത്. ഈ ഒരു നേട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു?
നേട്ടം എന്ന് പറയുവാന്‍ പറ്റുമോയെന്ന് എനിക്ക് അറിയില്ല. ആദ്യമായിട്ടാണ് ഒരു വനിതാ സംവിധായിക മലയാളസിനിമയില്‍ ക്രൈം സിനിമ ചെയ്യുന്നതെന്ന ചിന്ത എനിക്ക് ഇല്ലായിരുന്നു. സിനിമ പൂര്‍ത്തീകരിച്ചതിനുശേഷമാണ് ഈ ഒരു കാര്യം തന്നെ ഉയര്‍ന്നുവന്നത്. എനിക്ക് അതില്‍ വളരെ സന്തോഷമുണ്ട്.
സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യം ചെയ്യാനിരുന്ന സിനിമ ഇതായിരുന്നില്ല. ആദ്യ സിനിമ രണ്ടര മണിക്കൂറുള്ള സിനിമ ആയിരുന്നു. ഇത് ഒരു ചെറിയ സിനിമയാണ്. ഒരു എക്സ് പീരിയന്‍സ് കൂടി ആകട്ടെ എന്ന് വിചാരിച്ചു. ചെറിയ സിനിമ ആളുകളെ ബോറടിപ്പിക്കാതെ ചെയ്യണമെന്ന് ആഗ്രഹിച്ചു. ആദ്യം ലൊക്കേഷന്‍ കണ്ടെത്തുക എന്നാതായിരുന്നു എന്റെ ജോലി. എനിക്ക് അറിയുന്ന എന്റെ നാടായ വായ്ക്കമ്പ ആയിരുന്നു ലൊക്കേഷന്‍. ഇത് ഒരു ഫോറസ്റ്റ് വില്ലേജ് ആണ്. ആ ലൊക്കേഷന്‍ പറ്റിയ ഒരു കഥ കണ്ടെത്തിയപ്പോള്‍ അത് ഒരു ക്രൈം ത്രില്ലര്‍ ആയി മാറി. പക്ഷേ അത് ഇങ്ങനെ ഒരു ചിത്രമാകുമെന്ന് അറിയില്ലായിരുന്നു.
- ‘ഡാര്‍ക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്.’വളരെ വ്യത്യസ്തവും നിഗൂഢതകള്‍ നിറഞ്ഞതുമായ ഈ ഒരു പേരിലേക്ക് സിനിമ എത്തിയത് എങ്ങനെ?
പേരിലെത്തിയത് കഥ എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും രഹസ്യങ്ങളുണ്ട്. അത് മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാനോ ഭീഷണിപ്പെടുത്തി പുറത്തെടുക്കുവാനോ സാധിക്കില്ല. ചിത്രത്തില്‍ ഒരു രഹസ്യഭാവം ഉള്ളതുകൊണ്ടും അതിന് ഒരു ഇരുളിമ ഉള്ളതുകൊണ്ടുമാണ് ഈ പേര് ഇട്ടത്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണെന്നും, അതിനെ ഏതു ബന്ധത്തിലാണെങ്കിലും മാനിക്കേണ്ടതാണെന്നുമുള്ള സന്ദേശം ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
- ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത തലത്തിലാണ് താങ്കള്‍ ഈ ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. എന്തെല്ലാം പ്രൊഫഷണല്‍ അനുഭവങ്ങള്‍ താങ്കള്‍ക്ക് സഹായകരമായി?
ഏതൊരു സിനിമയും പോലെ ഒരു ടീം വര്‍ക്കിന്റെ ഫലം ആണ് ഇതും. ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം, മ്യൂസിക് ആല്‍ബങ്ങള്‍ എന്നിവ ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റും സംവിധാനവും ചെയ്തിട്ടുണ്ട്. അത് സഹായകമായി. എന്റെ മനസ്സില്‍ ഉള്ള വിഷ്വല്‍സ് പറഞ്ഞാല്‍ അത് അതേ രീതിയില്‍ ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ സാധിക്കുന്ന ക്യാമറാമാന്, അതുപോലെ മറ്റ് ടെക്നിഷ്യന്‍സ് ഇവരെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നു. അത് എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു.
- തിയേറ്ററുകളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പടത്തിന്റെ സ്വീകാര്യതയല്ലേ ഇതിലൂടെ വ്യക്തമായത്?
മലയാളത്തിലെ ഒരു ട്രന്റ് അനുസരിച്ച് പുതുമുഖങ്ങളെവച്ചുള്ള സിനിമയ്ക്ക് ആദ്യദിവസം ആളില്ലാതെ വരികയും, രണ്ടോ മൂന്നോ ദിവസം ഓടി അഭിപ്രായം അറിഞ്ഞശേഷം, ആളുകള്‍ തീയേറ്ററുകളില്‍ എത്തുകയും ആണ് പതിവ്. ആ നിലയ്ക്ക് നോക്കിയാല്‍ ഈ സിനിമ ചിലയിടങ്ങളില്‍ രണ്ട് വാരം വരെ ഓടി. ചിലസ്ഥലങ്ങളില്‍ ആളുകള്‍ക്ക് എത്താനുള്ള സമയം പോലും തീയേറ്ററുകള്‍ നല്‍കിയില്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. എന്നാല്‍ മറ്റുചില സ്ഥലങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.
- ചെലവ് കുറഞ്ഞ ഒരു സിനിമ ഒരുക്കിയപ്പോള്‍ ഇത് പടത്തിന്റെ പ്രചാരണത്തിന് മങ്ങലേല്‍പ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നോ?
സിനിമയില്‍ കണ്ടന്റ് ആണ് ഏറ്റവും പ്രധാനമെങ്കിലും താരങ്ങളെ കണ്ടിട്ടാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരുന്നത്. അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഞാന്‍ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് ഒരു വലിയ താരനിരയുള്ള സിനിമ ആയിരുന്നു. അതിന് കുറച്ച് ഡിലേ വന്നതുകൊണ്ടാണ് ഞാന്‍ ഈ ചിത്രം ചെയ്തത്. വളരെ ചെറിയ ബഡ്ജറ്റില്‍, താരങ്ങളില്ലാതെ, കൂടുതല്‍ പുതുമുഖങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്, ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്ത ചെറിയ സിനിമ, മടുപ്പുണ്ടാക്കാത്ത വിധത്തില്‍ കാഴ്ചക്കാരിലേക്കെത്തിക്കുക എന്നേ ആഗ്രഹിച്ചുള്ളൂ. ഇതില്‍ അഭിനയിച്ചിരിക്കുന്നതില്‍ പലരും തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളും സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ളവരും ആണ്.
- സിനിമയ്ക്ക് പുറമെ കലാ സാംസ്കാരിക മേഖലകളിലും താങ്കള്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ?
2020-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്നും ‘മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം’ എന്ന വിഷയത്തില്‍ ഫെല്ലോഷിപ്പ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഫണ്ടമെന്റല്‍സ് ഇന്‍ ഫിലിം ഡയറഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
നിറം മറന്ന് ശലഭം, സമ്മോഹനം എന്നീ മ്യൂസിക്ക് ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിമായ ‘റെസ്യൂര്‍ എന്നിവയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 2012 ല്‍ ‘ഞാനറിയാതെ’ എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഗവണ്മെന്റ് സ്കൂളുകള്‍ക്ക് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഡിസൈന്‍ ചെയ്തു. ഇത് വലിയ വാര്‍ത്തയായതോടെ ഗാര്‍ഡിയനിലും മുബൈ മിററിലും എന്നെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. പരസ്യ ചിത്രങ്ങള്‍ക്കും ടി വി പ്രോഗ്രാമുകള്‍ക്കും കോസ്റ്റ്യൂം ചെയ്തത് കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റൈലിസ്റ്റായും ഉണ്ടായിരുന്നു.
- കുടുംബത്തില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്?
നല്ല പിന്തുണ ആണുള്ളത്. ഓരോ വ്യക്തിയും അവരുടെ പ്രൊഫഷനെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം. എന്റെ കുടുംബത്തില്‍ ഞങ്ങള്‍ രണ്ട് പേരും പരസ്പരം പ്രൊഫഷനെ അംഗീകരിക്കുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: