കേരളത്തിലെ അതിപുരാതന ക്ഷേത്രസങ്കേതങ്ങളുടെയും ആരാധനാലയങ്ങളുടെയും ചരിത്രം പറയുന്ന രഞ്ജിനി വിനോദിന്റെ വ്ളോഗുകള്‍ നൂറാം എപ്പിസോഡിലേക്ക് കടക്കുന്നു. ക്ഷേത്രവിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതിലുപരിയായി ആ പ്രദേശത്തിന്റെ ദൃശ്യഭംഗി കൂടി നേരിട്ട് കാണുന്നതിലും മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത് ജനങ്ങളില്‍ എത്തിക്കുന്നതുമാണ് ഈ വ്ളോഗുകളുടെ പ്രത്യേകത. ഒപ്പം ചരിത്രം, ഐതിഹ്യം, ആരാധനാരീതികള്‍, പ്രദേശവാസികളുടെ അനുഭവങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിച്ചു തീര്‍ക്കുന്നു.
ആരാധനാലയങ്ങളിലൂടെയുള്ള യാത്രകള്‍ക്കൊപ്പം കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയില്‍, തനി നാടന്‍ രീതിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം ലളിതമായി വിവരിച്ചുകൊണ്ടാണ് പ്രേക്ഷക മനസില്‍ ഈ വ്ളോഗുകള്‍ സ്ഥാനം പിടിക്കുന്നത്. ക്ഷേത്രങ്ങളുടെ പവിത്രതയ്ക്ക് ഒട്ടുംതന്നെ കോട്ടം വരുത്താതെ മനോഹരമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവയിലെ ചരിത്രാഖ്യാനത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ചരിത്രത്തോടും പഴമയോടുമുള്ള താല്‍പ്പര്യമാണ് ക്ഷേത്രങ്ങള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചതെന്ന് രഞ്ജിനി. ഭര്‍ത്താവ് വിനോദ് നാരായണനാണ് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗും വിവരണവും ഉള്‍പ്പെടെ എല്ലാ സാങ്കേതിക ജോലികളും രഞ്ജിനി തന്നെ ചെയ്യുന്നു എന്നറിയുമ്പോള്‍ ഈ സംരംഭത്തോട് അവര്‍ക്കുള്ള പ്രതിബദ്ധത വ്യക്തമാകും.
കൊവിഡ്കാലം വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാനുള്ള സമയമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രഞ്ജിനിയെ കലയും കവിതയും മാത്രമല്ല സാംസ്കാരിക പ്രവര്‍ത്തനമെന്ന ചിന്തയില്‍ എത്തിച്ചത്. ഒരു കൗതുകമായി ആരംഭിച്ചതാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇവരുടെ പരീക്ഷണം. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കഴിഞ്ഞതോടെ തനിക്ക് സമൂഹത്തില്‍ ആത്മീയ സൗരഭ്യം പരത്താനും കഴിയുമെന്ന് രഞ്ജിനി തെളിയിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രസങ്കേതങ്ങളുടെ വിശേഷങ്ങളാണ് ഇവര്‍ അതിനായി തെരഞ്ഞെടുത്തത്. അടുത്തമാസം നൂറാമത് ക്ഷേത്രത്തെക്കുറിച്ചുള്ള വ്ളോഗ് ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഓരോ ക്ഷേത്രവും നമുക്ക് നല്‍കുന്നത് വ്യത്യസ്തമായ ആത്മീയ അനുഭവങ്ങളാണ്. ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോയേക്കാവുന്നതും പഴമ്പാട്ടുകളില്‍ എവിടെയോ കേട്ടു മറന്ന കഥകളും രഞ്ജിനി യൂട്യൂബ് ചാനലിലൂടെ നമുക്ക് മുന്നില്‍ എത്തിക്കുന്നു.
കേരളത്തിലെ പതിനൊന്നോളം ജില്ലകളില്‍ സഞ്ചരിച്ച് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വ്ളോഗുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കും പോകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്കും അവയെക്കുറിച്ച് വ്യക്തമായ ധാരണ പകര്‍ന്നു നല്‍കുകയാണ് ഇവരുടെ ഓരോ വ്ളോഗും. ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും വ്യക്തമായി പ്രതിപാദിക്കുന്നതാണ് രഞ്ജിനി വിനോദ് ബ്ലോഗിന്റെ സവിശേഷത. അടിസ്ഥാനപരമായി സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇവര്‍ ആത്മീയ മേഖലയും തന്റെ പിടിയില്‍ ഒതുങ്ങുമെന്ന് തെളിയിക്കുന്നു. പുറത്തിറക്കിയ ക്ഷേത്ര വ്ളോഗുകളെ കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. രണ്ടാമത്തെ പുസ്തകം ഓഗസ്റ്റില്‍ പുറത്തിറങ്ങും.
രഞ്ജിനിയുടെ വ്ളോഗുകള്‍ അടിസ്ഥാനമാക്കി ഒരുക്കിയ ക്ഷേത്രനടകളിലൂടെ എന്ന പുസ്തകം തൃശൂര്‍ തെക്കേനട ബ്രഹ്മസ്വം മാനേജര്‍ വടക്കുമ്പാട്ട് നാരായണന് നല്കി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദയാണ് പുറത്തിറക്കിയത്. ഓരോ ക്ഷേത്രത്തിന്റെയും ചരിത്രപശ്ചാത്തലവും ആധികാരിക വിവരങ്ങളുമാണ് ജനങ്ങളില്‍ എത്തിക്കുന്നതെന്ന് രഞ്ജിനി സാക്ഷ്യപ്പെടുത്തുന്നു. പ്രേക്ഷകര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പുതുമയും വൈവിധ്യവുമുള്ള വ്ളോഗുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് രഞ്ജിനിയും ഭര്‍ത്താവ് വിനോദ് പി. നാരായണനും.
തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ അതിപുരാതനവും ഐതിഹ്യങ്ങള്‍ നിറഞ്ഞതുമായ ക്ഷേത്രങ്ങളെ കുറിച്ചാണ് ഇവരുടെ വീഡിയോകളില്‍ ഏറെയും. തൃക്കൂര് മഹാദേവനെ കുറിച്ചുള്ള ആദ്യ ചിത്രീകരണത്തോടെയാണ് മഹാക്ഷേത്രങ്ങളുടെ വിശാലമായ ആത്മീയ ഭൂമിയിലേക്ക് അവര്‍ കടന്നത്. ചിത്രീകരണം ഒഴികെ എല്ലാ ജോലികളും രഞ്ജിനി സ്വന്തമായി തന്നെ നിര്‍വഹിക്കുന്നു. ചരിത്രമുറങ്ങുന്ന പഴമയുടെ നാട്ടുവഴികളിലൂടെ ഇനിയും ഏറെ ദൂരം പോകാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. അറിയപ്പെടാത്ത പുണ്യ പുരാതന ഭൂമിയും ക്ഷേത്രങ്ങളും തേടിയുള്ള രഞ്ജിനിയുടെ യാത്ര തുടരുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: