ഡോ.അനില്‍കുമാര്‍ വടവാതൂര്‍
ചെന്നായ് ഒരു ക്രൂരമൃഗമാകുന്നു. അത് നാട്ടില്‍ കടന്ന് വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു. കാട്ടിലെ സാധുമൃഗങ്ങളുടെ വംശം മുടിപ്പിക്കുന്നു. അതിനാല്‍ ചെന്നായ്ക്കളെ കൊന്നൊടുക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. അങ്ങനെയാണ് അമേരിക്കയിലെ കര്‍ഷകര്‍ ചെന്നായ്ക്കളെ വേട്ടയാടാന്‍ തുടങ്ങിയത്. അവര്‍ കാട് കയ്യേറി വിസ്തൃതമായ മേച്ചില്പുറങ്ങള് വെട്ടി ഒരുക്കിയപ്പോള്‍ കാലികള്‍ക്ക് ഭീഷണിയായി ചെന്നായ്ക്കളെത്തി. കാടിനുള്ളില്‍ തോക്കുകള്‍ ഇടതടവില്ലാതെ ഗര്‍ജിച്ചു. തോക്കില്‍ തീരാത്തതിനെ കെണിവച്ചു. എന്നിട്ടും കിട്ടാത്തതിനെ വിഷംവച്ചു.
കന്നുകാലി റാഞ്ചുകളോട് ചേര്‍ന്നുകിടക്കുന്ന അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ സംഭവിച്ചത് അതാണ്. മേച്ചില്‍ തോട്ടങ്ങളുടെ ഉടമകളും നാട്ടുകാരും കാട് കടക്കുന്നവരുമൊക്കെ ചേര്‍ന്ന് യെല്ലോ സ്റ്റോണിലെ ചെന്നായ്ക്കളെ മുഴുവന്‍ കൊന്നുവീഴ്ത്തി. നാട്ടുമൃഗങ്ങളെയും കാട്ടില്‍ വളരുന്ന സാധുമൃഗങ്ങളെയും ചെന്നായുടെ ‘ദുഷ്ട’ ആധിപത്യത്തില്‍നിന്ന് രക്ഷിച്ചു. 1872ല്‍ ആവശ്യത്തിലേറെ ചെന്നായ്ക്കളുണ്ടായിരുന്ന ആ സംരക്ഷിത വനത്തില്‍ 1970 ല്‍ ഒരൊറ്റ ചെന്നായ് പോലുമുണ്ടായിരുന്നില്ല.
ചെന്നായ്ക്കള്‍ കാടൊഴിഞ്ഞപ്പോള്‍ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മാറ്റങ്ങളായിരുന്നു. നാഷണല്‍ പാര്‍ക്കിന്റെ ജൈവഘടന തന്നെ താറുമാറായി. സംതുലനം തകര്‍ന്നു. പുല്ലുതിന്നു ജീവിക്കുന്ന കേഴമാനും കലമാനും മുയലുമൊക്കെ അതിവേഗം പെറ്റുപെരുകി കാട് നിറഞ്ഞു. അവ കാട്ടിനുള്ളിലെ പുല്ലുകള്‍ മുഴുവനും ബാക്കി വയ്ക്കാതെ തിന്നുതീര്‍ത്തു. അമിതമായ മേച്ചിലില്‍ യെല്ലോസ്റ്റോണില്‍ മണ്ണൊലിപ്പ് വര്‍ധിച്ചു. ആയിരക്കണക്കിന് മാനും മുയലുമൊക്കെ അവ പുല്ലിനു പുറമെ ചെറുമരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും പുതുനാമ്പുകള്‍ പോലും തിന്നുതീര്‍ത്തു. അരളി വര്‍ഗത്തില്‍ പെട്ട വില്ലോമരങ്ങളും കുറ്റിയറ്റ അവസ്ഥയിലായി. അവയുടെ പൂവും കായുംകൊണ്ട് ജീവിക്കുന്ന സോങ് ബേര്‍ഡുകളെ കണികാണാന്‍ പോലും കിട്ടാത്ത സ്ഥിതി. പുല്ലും പൂമരങ്ങളും വിട്ടൊഴിഞ്ഞ പുഴയോരങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഇടിഞ്ഞുതാഴ്ന്നു. അണക്കെട്ട് നിര്‍മാതാക്കളായ ബീവറുകള്‍ക്ക് ജീവിതം വഴിമുട്ടി. ഇടിഞ്ഞു തകര്‍ന്ന നദിയോരത്ത് ചിറകെട്ടാനാവാതെ അവ നിസ്സഹായരായി നിന്നു.
ഒരു പ്രദേശത്തിന്റെ ജൈവഘടനയില്‍ പുറത്തുനിന്നുള്ള സസ്യങ്ങളും മൃഗങ്ങളും ആക്രമണകാരികളായി നുഴഞ്ഞുകയറുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ അധീനതയിലുള്ള ഗുവാം ദ്വീപില്‍ കടല്‍ കടന്നെത്തിയ മരപ്പാമ്പുകള്‍ പ്രകൃതിയെ അപ്പാടെ മാറ്റിമറിച്ചതു തന്നെ ഉദാഹരണം. മൗറീഷ്യസിലെ പറക്കാനറിയാത്ത ഡോഡോ പക്ഷികളെ ചുട്ടുകൊന്ന് കുലം മുടിച്ചത് അവയുടെ വംശനാശം വരുത്തിയതിനെ തുടര്‍ന്നുണ്ടായ ദുരവസ്ഥ. ഡോഡോകളെ മുച്ചൂടും മുടിച്ച് കൊന്ന് തിന്ന് മൗറീഷ്യസിനെ പാരിസ്ഥിതിക ദുഃഖത്തിലാക്കിയത് യൂറോപ്പില്‍ നിന്നുള്ള കയ്യേറ്റക്കാരായിരുന്നു.
1950 അപ്പോഴേക്കും യെല്ലോ സ്റ്റോണ്‍ പാര്‍ക്കിലെ ചെന്നായ്ക്കള്‍ക്ക് വംശനാശം ഭവിച്ചതായാണ് കരുതുന്നത്. തുടര്‍ന്ന് അവയെ വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന വര്‍ഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിനുശേഷമാണ് ചെന്നായ്ക്കളെ കാട്ടില്‍ മടക്കിയെത്തിക്കണമെന്ന ആവശ്യം ശക്തമായത്. ആ ആവശ്യത്തെ കാലിവളര്‍ത്തല്‍ ലോബി പല്ലും നഖവുംകൊണ്ട് എതിര്‍ത്തു. കോടതി വിധികള്‍കൊണ്ട് തടയാന്‍ ശ്രമിച്ചു. 1991 ല്‍ ചെന്നായ്ക്കളെ മടക്കിക്കൊണ്ടുവരാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പണം അനുവദിച്ചതോടെയാണ് ലോകത്തിലെ ‘ഏറ്റവും വലിയ’ പുനര്‍ വന്യവത്കരണത്തിന് ശ്രമം തുടങ്ങിയത്. പടിഞ്ഞാറന്‍ കാനഡയില്‍നിന്ന് യെല്ലോ സ്റ്റോണ്‍ നാഷനല്‍ പാര്‍ക്കിലെത്തിയത് 31 ചെന്നായ്ക്കള്‍. 1995 ജനുവരി 12 ആദ്യ സംഘം ചെന്നായ്ക്കളെ കയറ്റിയെത്തിയ ട്രക്കിന് പരിസ്ഥിതി പ്രേമികള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഘട്ടംഘട്ടമായി ചെന്നായ്ക്കള്‍ എത്തിയതോടെ 8991 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ടെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിന്റെ സ്വഭാവം തന്നെ മാറിത്തുടങ്ങി.
നീണ്ട 20 വര്‍ഷങ്ങള്‍. ചെന്നായ്ക്കള്‍ പെറ്റുപെരുകി. ഇരതേടി അവ പാര്‍ക്കില്‍ പാഞ്ഞുനടന്നു. മാനും മുയലും കലമാനുമൊക്കെ ഇരകളായതോടെ മേച്ചില്‍ മൃഗങ്ങളുടെ എണ്ണം കുറഞ്ഞു. മൊട്ടയായ മേച്ചിലിടങ്ങളില്‍ പല്ലുകള്‍ മുളച്ചു. പുല്ലുകളും ചെറുമരങ്ങളും വളര്‍ന്നതോടെ മണ്ണിടിച്ചിലും മണ്ണൊലിപ്പും കുറഞ്ഞു. ബീവറുകള്‍ മടങ്ങിയെത്തി. ചിറകെട്ടിത്തുടങ്ങി. വില്ലോമരങ്ങള്‍ പൂത്തുലഞ്ഞതോടെ തേന്‍ കുടിയിന്മാരെത്തി. പിന്നാലെ കരടികളും ചെറുകുറുക്കന്മാരും കാടുതേടി വന്നു. ചെന്നായ് ഭക്ഷിച്ച മാനുകളുടെ ഉച്ചിഷ്ടം തേടി കഴുകന്മാരും യെല്ലോ സ്റ്റോണിലെത്തി. വന്യമൃഗങ്ങളെത്തിയതോടെ ഇരകളുടെ സ്വഭാവത്തിലും ജീവിതരീതികളിലും മാറ്റം വന്നു. ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിന്നൊഴിയാന്‍ മാനുകള്‍ അപകടം കുറഞ്ഞ വന മേഖലകളിലേക്ക് പിന്‍വാങ്ങി.
ചെന്നായ്ക്കള്‍ വന്നപ്പോള്‍ കാടിനുണ്ടായ വമ്പന്‍ മാറ്റത്തെ അത്ഭുതാവഹമെന്നാണ് വനശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. വേട്ടക്കാരുടെയും ഇരകളുടെയും സംതുലനം യെല്ലോ സ്റ്റോണിനെ ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റി. പ്രകൃതിയെ വീണ്ടെടുക്കുന്നതിന്റെ ഉദാത്തമാതൃകയാണിതെന്ന് യെല്ലോ സ്റ്റോണ്‍ വൈല്‍ഡ് ലൈഫ് പ്രൊജക്ടിന്റെ സീനിയര്‍ വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റായ ഡോംഗ് സ്മിത്ത് വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. കാടിന്റെ വിളികേട്ട് വന്നെത്തിയ ചെന്നായ്ക്കളുടെ കഥ നിരവധി ഡോക്യുമെന്ററികള്‍ക്കും വിഷയമായി. അതില്‍ പ്രധാനമാണ് ബ്രിട്ടീഷ് എഴുത്തുകാരന് ജോര്‍ജ് മോണ്‍ബിയോട്ട് സംവിധാനം ചെയ്ത ‘ഹൗ വുള്‍ഫ്സ് ചേഞ്ച് റിവേഴ്സ്’ എന്ന ചിത്രം. അതില്‍ ജോര്‍ജ് മോണ്‍ബിയോട്ട് പറയുന്ന ഒരു വാചകത്തിന് ഏറെ പ്രസക്തിയുണ്ട്. ”ചെന്നായ്ക്കള്‍ നിരവധി മൃഗങ്ങളെ കൊന്നൊടുക്കുമെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ അവ നിരവധി മൃഗങ്ങള്‍ക്ക് ജീവന് പ്രദാനം ചെയ്യുമെന്ന കാര്യം വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ…”
ആക്രമണകാരികള്‍ക്കും കടന്നുകയറ്റക്കാര്‍ക്കും മുന്നില്‍ തലകുനിച്ച് നശിക്കാന്‍ നിന്നുകൊടുത്ത മൃഗങ്ങളുടെ കഥ ലോകത്തിന്റെ ഏതു ഭാഗത്തും നമുക്ക് കേള്‍ക്കാനാവും. പക്ഷേ വംശം തുടച്ചുനീക്കാന്‍ വന്ന മനുഷ്യന്റെ ഹുങ്കിനെ തോല്‍പ്പിച്ച വന്യജീവികളുടെ കഥ തികച്ചും അപൂര്‍വം. ആസ്ട്രേലിയയിലെ എമു പക്ഷികളുടെ കഥയാണത്. പറക്കാന്‍ കഴിവില്ലാത്ത, അതിവേഗം ഓടാന്‍ കഴിവുള്ള പടുകൂറ്റന്‍ പക്ഷികളാണ് എമു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ പടയാളികളെ പുനരധിവസിപ്പിക്കാന്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കണ്ടെത്തിയത് ഒരു ലക്ഷത്തോളം ഹെക്ടര്‍ വനം. ആ വനമത്രയും എമു പക്ഷികളുടെ വിഹാരകേന്ദ്രം.
വിമുക്തഭടന്മാര് കൃഷിയിറക്കിയ ഗോതമ്പും ചോളവുമൊക്കെ എമുപക്ഷികള് തിന്നുമുടിച്ചു. ഗോതമ്പ് പാടങ്ങള്‍ ചവിട്ടിനികത്തി. പരാതി വന്നപ്പോള്‍ പട്ടാളത്തെ അയച്ച് എമുപക്ഷികളെ കൊന്നുകളയാനാണ് ആസ്ട്രേലിയന്‍ പ്രതിരോധമന്ത്രി സര് ജോര്‍ജ് പിയേഴ്സ് ഉത്തരവിട്ടത്. 1932 നവംബര്‍ രണ്ടിന് വെടി തുടങ്ങി. ആദ്യവട്ടം പതിനായിരം റൗണ്ട് വെടിക്കോപ്പ്. ഫലം തോല്‍വി. സാഹചര്യങ്ങള്‍ മണത്തറിഞ്ഞ എമു കൂട്ടമായി വെടിയുണ്ടകളില്‍ നിന്നൊഴിഞ്ഞു. യന്ത്രത്തോക്ക് ഘടിപ്പിച്ച കവചിത വാഹനങ്ങള്‍ക്കും എമുവിനെ കൊന്നൊടുക്കാനായില്ല. തോല്‍വി സമ്മതിച്ച പാര്‍ലമെന്റ് എമുവിന്റെ അതിന്റെ വഴിക്ക് വിടാന്‍ തീരുമാനിച്ചു. വന്യമൃഗങ്ങളുടെ ആദ്യത്തെ നിശ്ശബ്ദ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: