ഇന്‍ഡോര്‍: സിനിമകള്‍ സാമൂഹികമാറ്റത്തിനുള്ള ഫലപ്രദമായ ഉപാധിയാണെന്നതാണ് കേരള സ്റ്റോറി നല്കുന്ന പാഠമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയിലൂടെ പൊതുസമൂഹത്തോട് പറയുന്നത് അംഗീകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം ആസൂത്രിതമായി പ്രവര്‍ത്തിച്ചത്.
അവര്‍ ഇന്ത്യന്‍ സിനിമയെ ബോളിവുഡില്‍ തളച്ചിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ ‘സാമൂഹിക മാറ്റത്തില്‍ സിനിമയുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുദീപ്‌തോ സെന്‍.
കേരള സ്റ്റോറി ചിത്രീകരണത്തിന് ശേഷം നിയമപരവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങള്‍ വന്നപ്പോള്‍ റിലീസ് ചെയ്യാനാകുമോ എന്ന ഭയം ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ലഭിച്ച പ്രതികരണം ആത്മവിശ്വാസം തരുന്നതാണ്. വലിയ മാറ്റത്തിന്റെ സൂചകമാണ് കേരളസ്റ്റോറിയുടെ വിജയം. നൂറുകോടി സമ്പാദിക്കുന്നതിലല്ല, നൂറുകോടി ജനങ്ങളെ ഉണര്‍ത്തുന്നതിലാണ് കാര്യം. അതില്‍ കേരള സ്റ്റോറി വിജയിച്ചിട്ടുണ്ട്.
കേരളത്തില്‍ കേരള സ്റ്റോറി ഓടിയ തീയറ്ററുകള്‍ ഹൗസ് ഫുള്‍ ആയിരുന്നു. പ്രതിഷേധമുണ്ടെന്ന് പറഞ്ഞ ഹൈദരാബാദില്‍ 23 കോടിയാണ് നേടിയത്, സുദീപ്‌തോ സെന്‍ ചൂണ്ടിക്കാട്ടി. ആരെങ്കിലും നിര്‍ണയിക്കുന്ന അജണ്ടകളല്ല, സമൂഹം നിര്‍ണയിക്കുന്ന അജണ്ടകളാണ് വിജയിക്കുക. ഇന്ത്യയില്‍ നിര്‍മിക്കുന്ന സിനിമകളില്‍ സമൂഹത്തിന്റെ ചിന്ത ദൃശ്യമാകും, ഒരു പ്രത്യയശാസ്ത്രവും അതിനെ സ്വാധീനിക്കില്ല, അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും മരുഭൂമികളില്‍ അടക്കം ചെയ്യപ്പെട്ട ഇന്ത്യന്‍ പെണ്‍മക്കളുടെ വേദന സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് സുദീപ്‌തോ സെന്നിനോട് നന്ദി പറയുന്നുവെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ ദേവേന്ദ്ര മാളവ്യ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിനയ് പിംഗ്ലെ ആമുഖം അവതരിപ്പിച്ചു. ഡാലി കോളജ് മാനേജ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ വിക്രം സിങ് പന്‍വാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: