സജിചന്ദ്രന്‍
നെയ്യാര്‍ഡാം: നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാനായില്ല. കേടായ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം ഒരെണ്ണം പുതുക്കി തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ പുതുക്കി പണിത ബോട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മാസങ്ങളായി ബോട്ട് സര്‍വീസ് മുടങ്ങി കിടക്കുന്നത്. പല തവണ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും നിഷേധാത്മക നിലപാടാണെന്ന പരാതിയിലാണ് ജീവനക്കാര്‍. ബോട്ടുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഡിടിപിസിയാകട്ടെ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പരാതി.
നിലവില്‍ നെയ്യാര്‍ ഡാമില്‍ സര്‍വീസ് നടത്താന്‍ ഒരു ബോട്ട്് പോലുമില്ല. ബോട്ടുകള്‍ പണി നടത്തി ഫിറ്റ്‌നസ് നടപടികള്‍ പൂര്‍ത്തിയാക്കാത്തത് വലിയ അനാസ്ഥയാണെന്ന് സഞ്ചാരികളും നാട്ടുകാരും പറയുന്നു. സീസണിലും അവധിക്കാലത്തും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെത്തുന്നവര്‍ ബോട്ടുസവാരി നടത്താനാകാതെ നിരാശരായി മടങ്ങുകയാണ്.
നെയ്യാര്‍ഡാമിലെത്തുന്നവര്‍ പ്രധാനമായും ബോട്ടുസവാരി, സഫാരി പാര്‍ക്കിലേക്കുള്ള യാത്ര എന്നിവയാണ് ലക്ഷ്യമിടുന്നത്. വനം വകുപ്പിന്റെ 22 സീറ്റുള്ള ബോട്ട് നേരത്തെ കട്ടപ്പുറത്തായി. ഡിടിപിസിയുടെ ബോട്ടുകളാണ് പിന്നീട് സര്‍വീസ് നടത്തിയിരുന്നത്. കാല്‍ ലക്ഷത്തോളം രൂപ മിക്ക ദിവസങ്ങളിലും വരുമാനം ലഭിച്ചിരുന്ന സര്‍വീസാണ് നിന്നത്. ആറുപേര്‍ക്ക് കയറാവുന്ന രണ്ട് സഫാരി ബോട്ടും മൂന്നുപേര്‍ക്കുള്ള ഒരു, സ്പീഡ് ബോട്ടും അഞ്ചു പേര്‍ക്കുള്ള സെമി സ്പീഡ്‌ബോട്ടും, 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘അമരാവതി’ യുമായി അഞ്ച് ബോട്ടുകളാണ് നെയ്യാര്‍ഡാം ഡിടിപിസിയുടേതായി സര്‍വീസ് നടത്തിയിരുന്നത്. ഇരട്ട എന്‍ജിനുള്ള അമരാവതി അറ്റകുറ്റപ്പണികള്‍ക്കായി ഒതുക്കിയിരിക്കുകയാണ്. എന്‍ജിന്‍ തകരാര്‍ കാരണം സെമി സ്പീഡ് ബോട്ടും മാറ്റി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ മറ്റുള്ള സെമി സ്പീഡ് ബോട്ടുകള്‍ക്ക് തുറമുഖ വകുപ്പ് വിലക്കും വന്നു. വിലക്ക് നീക്കി രണ്ട് സഫാരി ബോട്ടുകള്‍ ഓടിത്തുടങ്ങിയതിനിടെയാണ് വീണ്ടും തകരാറിലായത്. അറ്റകുറ്റപണികള്‍ക്കും തകരാര്‍ പരിഹരിക്കാനുമായി കൊണ്ടുപോയ ഈ ബോട്ടുകളാണ് മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനും സര്‍ക്കാര്‍ നോമിനിയായി എത്തുന്ന സെക്രട്ടറിയുമാണ് ഡിടിപിസി ഭാരവാഹികള്‍.
ജില്ലയിലെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഇടപെടണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്. അഞ്ച് വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ബോട്ട് സര്‍വീസിലെ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: