കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍: ചിത്രകലാ വൈഭവത്താല്‍ ലോകം കീഴടക്കിയ ചിത്രകാരന് രാജാ രവിവര്‍മയെ കേരള ലളിത കലാ അക്കാദമി അവഗണിക്കുമ്പോഴും കിളിമാനൂരിലെ സാംസ്ക്കാരിക നിലയത്തില്‍ നിയമനങ്ങള്‍ നടത്താന്‍ തിരക്കുപിടിച്ച നീക്കങ്ങള്‍. അപൂര്വചിത്രങ്ങളടക്കം നശിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ടാര്പ്പോളിന് വലിച്ചുകെട്ടി തത്കാലത്തേക്ക് ചോര്‍ച്ച അടച്ച് വിവാദം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന അതേ അക്കാദമിയാണ് ഭരണകക്ഷിക്കാരെ തിരുകിക്കയറ്റാന്‍ ദിവസവേതനക്കാരെ തേടി അപേക്ഷ ക്ഷണിച്ചത്.
കിളിമാനൂരിലെ സാംസ്ക്കാരിക നിലയത്തില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം കഴിഞ്ഞത്. കണ്ണൂര്‍ ശ്രീകണ്ഠപുരത്തേക്കും കിളിമാനൂരിലേക്കും ഓരോ സ്റ്റുഡിയോ അസിസ്റ്റന്റിനെയും കിളിമാനൂരിലേക്ക് മാത്രം കുക്ക് കം വാച്ച്മാന്, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ ഒഴിവിലേക്കുമാണ് അക്കാദമി അപേക്ഷ ക്ഷണിച്ചത്. ശ്രീകണ്ഠപുരത്ത് ഒരു കുക്കിന്റെയും എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരു ഡിസൈനറുടെയും ഒഴിവുകളിലേക്കും ആളെ വിളിച്ചിരുന്നു.
കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി ചോര്‍ന്നൊലിച്ചും നില മുഴുവന്‍ കാടുകയറി നശിച്ചും കിടന്നിട്ട് തിരിഞ്ഞു നോക്കാത്ത ലളിതകലാ അക്കാദമി അക്കാര്യത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താതെ നിയമനത്തിന് തിരക്കുകൂട്ടുന്നതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
കിളിമാനൂരില്‍ നിലവില്‍ രണ്ടു ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തിലുണ്ട്. നൂറുകണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍ എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തും പിഎസ്സി പരീക്ഷകളെഴുതിയും തൊഴിലില്ലാതെ അലയുമ്പോഴാണ് ദിവസ വേതന അടിസ്ഥാനത്തിലെ ഈ നിയമനങ്ങള്‍. സിപിഎം താത്പര്യമനുസരിച്ചാണ് പുതിയ നിയമനങ്ങളെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: