പാലക്കാട്: പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. വധൂവരന്മാരുടെ അയൽവാസിയായ സുഭാഷിനെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹോപദ്രവമേല്‍പ്പിക്കല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്തായിരുന്നു സംഭവം. അയൽവാസിയായ സുഭാഷ് അപ്രതീക്ഷിതമായി പുറകിൽ നിന്നും ഇരുവരുടേയും തലകൾ കൂട്ടിമുട്ടിക്കുകയായിരുന്നു.
ആചാരമെന്ന പേരിലാണ് തലമുട്ടിച്ചതെന്ന് ആദ്യം പറയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് വധൂവരന്മാരെ വേദനിപ്പിക്കാനുദ്ദേശിച്ച് മനപൂര്‍വ്വം ചെയ്തതാണെന്ന് തിരിച്ചറിയുകയായിരുന്നു . ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് യാഥാര്‍ത്ഥ്യം പുറത്തായത്. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു. അത്രയ്ക്ക് ആഘാതം നല്കുന്ന രീതിയിലാണ് ശക്തമായി ഇരുവരുടെയും തല അയല്‍വാസിയായ സുഭാഷ് കൂട്ടിമുട്ടിച്ചത്. സംഭവത്തില്‍ വീഡിയോ തന്നെ വലിയ തെളിവായി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമ്മര്ദ്ദമേറിയതോടെ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടേണ്ടിവന്നു. വനിത കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ പൊലീസിന് കേസെടുക്കേണ്ടി വന്നത്. എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: