കാബൂള്‍: താലിബാന്റെ ഭരണം അഫ്ഗാന് സ്ത്രീകള്‍ക്ക് നരകതുല്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിനും ജോലി ചെയ്യുന്നതിനുമുള്ള വിലക്ക് അവരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. അഫ്ഗാനിസ്ഥാന് ആസ്ഥാനമായുള്ള ഖാമ പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാന് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശ്ശബ്ദമാക്കപ്പെട്ടിരിക്കുകയാണ്. അവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നിരിക്കുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. മനുഷ്യത്ത്വവിരുദ്ധമായ പ്രവര്‍ത്തനമാണ് താലിബാനു കീഴില്‍ നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന അവസരങ്ങള്‍ നല്‍കുന്നില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും സംഘടന പറഞ്ഞു.
അഫ്ഗാന് സ്ത്രീകളുടെ നിരാശാജനകമായ സാഹചര്യം പ്രകടമാക്കികൊണ്ടും സ്ത്രീകളെയും പെണ്‍കുട്ടികളെയും പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതും സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തിരുന്നു. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തോളമായി അഫ്ഗാന് സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങളോട് താലിബാന് അക്രമത്തിലൂടെ പ്രതികരിച്ചതായി സംഘടന പറഞ്ഞുവെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊതുജനാഭിപ്രായത്തിന് വിരുദ്ധമായി, താലിബാന് നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ അഫ്ഗാന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്ഥിതി തികച്ചും തൃപ്തികരമാണെന്നും അവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഖാമ പ്രസ് റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: