മുംബൈ: പാര്‍ട്ടിക്കുള്ളിലെ ഇത്രയും വലിയ അടിയൊഴുക്ക് കാണാന്‍ കഴിയാത്ത ശരത് പവാര്‍ മരുമകന് അജിത് പവാര്‍ ബിജെപി-ഏക് നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായെന്നറിഞ്ഞ് ശരിക്കും ഞെട്ടി. കാരണം പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയായി മകളെ വാഴിച്ചപ്പോഴും കാര്യമായ എതിര്‍പ്പൊന്നും അജിത് പവാര്‍ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ അത് ഇത്രയും വലിയ പൊട്ടിത്തെറിയ്ക്ക് മുന്‍പുള്ള ശാന്തതയായിരുന്നു എന്ന് ശരത് പവാര്‍ അറിഞ്ഞിരുന്നില്ല.
സ്വന്തം വീട്ടിലെ അടിയൊഴുക്കുകള്‍ കാണാന്‍ കഴിഞ്ഞില്ല
82കാരനായ പവാറിനൊപ്പം നിന്നാല്‍ ഭാവിയില്ലെന്ന് മറ്റ് എന്‍സിപി അംഗങ്ങള്‍ കരുതുന്നു. കാരണം പവാറിന്റെ മകള്‍ സുപ്രിയ സുലേയ്ക്ക് പാര്‍ട്ടി യന്ത്രം ചലിപ്പിക്കാനുള്ള ശേഷിയില്ല. അതാണ് ഛഗന്‍ ഭുജ് ഭല്, ദിലീപ് വാല്‍സെ പാട്ടില്‍, ധനഞ്ജയ് മുണ്ടെ എന്നിവരെപ്പോലുള്ള എന്‍സിപിയിലെ സീനിയര്‍ നേതാക്കള്‍ അജിത് പവാറിനൊപ്പം നിലകൊള്ളുന്നത്.എന്‍സിപി നേതാവായ ഹസ്സന് മുഷറഫ് വരെ അജിത് പവാറിനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം അടുത്ത പ്രതിപക്ഷ യോഗം ബെംഗളൂരില്‍ നടക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപനം നടത്തുമ്പോഴും സ്വന്തം വീടിനുള്ളിലെ അടിയൊഴുക്കുകള്‍ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ബീഹാറിലെ പട്നയില്‍ നടന്ന പ്രതിപക്ഷ ഐക്യത്തില്‍ മോദി ഉല്‍ക്കണ്ഠാകുലനാണെന്നും എകീകൃത പൗരനിയമത്തിന്റെ പേരിലും മണിപ്പൂര്‍ വിഷയത്തിലും മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം നടത്തുമ്പോഴും സ്വന്തം പാര്‍ട്ടി അടിയോടെ ഒലിച്ചുപോവുകയാണെന്ന് ശരത് പവാര്‍ അറിഞ്ഞില്ല. 82ാം വയസ്സില്‍ താന്‍ കെട്ടിയുയര്‍ത്തിയ പാര്‍ട്ടിയുടെ നാശം കാണുകയാണ് ശരത് പവാര്‍.
ഇത് ഗുഗ്ലിയല്ല, മോഷണമാണെന്നാണ് പ്രധാനമന്ത്രി മോദിയോടുള്ള പ്രതികരണമെന്ന നിലയില്‍ ശരത് പവാര്‍ പറഞ്ഞത്. റെബല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തട്കാരെയെയും ഏല്പിച്ചെങ്കിലും അവര്‍ ജോലി നിര്‍വ്വഹിക്കാത്തതിനാല്‍ താന്‍ തന്നെ അജിത് പവാര്‍ ഉള്‍പ്പെടെയുള്ള റെബല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ശരത് പവാറിന്റെ ഒടുവിലത്തെ പ്രതികരണം.
അജിത് പവാറിനൊപ്പം എന്‍സിപിയുടെ 40 എംഎല്‍എമാരും 6 എംഎല്‍സിമാരും കൂട്ടായുണ്ട്. ഇതോടെ ശരത് പവാര്‍ പക്ഷം ന്യൂനപക്ഷമായി. ശരത് പവാറിനൊപ്പം ആകെ 13 എംഎല്‍എമാരേ ഉള്ളൂ. എന്‍സിപിയ്ക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇത് എംഎല്‍എമാരുെട സ്വന്തമായ തീരുമാനമാണെന്നായിരുന്നു എന്‍സിപി വക്താവായ മഹേഷ് തപാസെ പ്രതികരിച്ചത്.
288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ഇപ്പോള്‍ 285 പേരാണ് ഉള്ളത്. ശിവസേന എംഎല്‍എ രമേഷ് ലാട്കെ മരണപ്പെട്ടു. രണ്ട് എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്കും അനില്‍ ദേശ്മുഖും ഇപ്പോള്‍ ജയിലിലാണ്. അജിത് പവാര്‍ 40 എംഎല്‍എമാരോടൊപ്പം എത്തിയതോടെ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡേ സഖ്യത്തിന്റെ സംഖ്യാബലം 170ല്‍ നിന്നും 210 ആയി ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്ത് ആകെ ഉദ്ധവ് താക്കറേ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി എന്നിവ ചേര്‍ന്ന് ആകെ 75 എംഎല്‍എമാരേ ഉല്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: