തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായുള്ള അഴിമതിആരോപണങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാണ് തലസ്ഥാനമാറ്റം ആവശ്യപ്പെട്ടുള്ള സ്വകാര്യബില്ല് ചര്‍ച്ചയാക്കുന്നതെന്ന് യുവമോര്‍ച്ച. തലസ്ഥാനമാറ്റം ആവശ്യപ്പെട്ട് ഹൈബി ഈഡന് പാര്‍ലമെന്റില്‍ സ്വകാര്യബില്ല് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഹൈബി ഈഡന്റെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.
തലസ്ഥാനമാറ്റം ആവശ്യപ്പെടുന്ന ഹൈബി ഈഡന് ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെയെന്ന് ആര്.എസ്.രാജീവ് പറഞ്ഞു. മോന്‍സണില്‍ നിന്ന് പണംവാങ്ങിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും കൈതോലപ്പായയില്‍ പണം കടത്തിയ സിപിഎം നേതാക്കളുടെയും അഴിമതി ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് തടയാനാണ് തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്. തലസ്ഥാനത്തിന്റെ വികസനം മുടക്കുക എന്ന ലക്ഷ്യവും ഈ ചര്‍ച്ചകള്‍ക്കു പിന്നിലുണ്ട്. തലസ്ഥാനവികസനം മുടക്കിയതില്‍ ശശിതരൂര്‍ എംപിയും ഇടതുവലതു മുന്നണികളുമാണെന്നും ആര്.എസ്.രാജീവ് പറഞ്ഞു. തലസ്ഥാനവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റിപദ്ധതി ഇഴഞ്ഞു നീങ്ങുന്നത് ഇവരുടെ പിടിപ്പുകേടുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതി 2017 ഓടെ പൂര്‍ത്തിയായെന്നും ആര്.എസ്.രാജീവ് പറഞ്ഞു.
മാര്‍ച്ചിനോടനുബന്ധിച്ച് ഹൈബി ഈഡന്റെ കോലം കത്തിച്ചു. ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ശിവശങ്കരന്, യുവമോര്‍ച്ച നേതാക്കളായ അഭിജിത്, ഷിജു, രാമേശ്വരം ഹരി, മണിനാട് സജി, ശ്രീലാല്‍, അമൃത പ്രതീഷ്, വിനോദ്, റെജിന്‍, ശ്യാം ബൈജു, തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: