പാലക്കാട്: പല്ലശനയില്‍ വധൂവരൻമാരുടെ തലകൾ കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വനിതാ കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വധുവരന്മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദമ്പതിമാരുടെ തലകൂട്ടിയിടിപ്പിച്ച പ്രതി സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് വന്നുകയറുന്ന സമയത്താണ് സച്ചിന്റെയും വധു സജ്‌ലയുടെയും തലകള്‍ തമ്മില്‍ പിറകില്‍ നിന്നയാള്‍ കൂട്ടിയിടിപ്പിച്ചത്.
ബലം പ്രയോഗിച്ച് തലകള്‍ കൂട്ടിമുട്ടിച്ചത് വധൂവരന്‍മാരുടെ പിന്നില്‍ നിന്ന അയല്‍വാസിയായിരുന്നു. അപ്രതീക്ഷിതമായ ഈ കൂട്ടിയിടിപ്പിക്കലില്‍ വേദനകൊണ്ട പുളഞ്ഞ സജ്‌ല കരഞ്ഞുകൊണ്ടാണ് സച്ചിന്റെ വീട്ടിലേക്ക് കയറിയത്. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: