കൊടുങ്ങല്ലൂര്‍: സിപിഎം ഭരിക്കുന്ന താലൂക്ക് വനിതാ വികസന സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. എടവിലങ്ങ് കാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ വനിതാ സഖാവിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. 15 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സഹകരണ ഓഡിറ്റ് വിഭാഗം സംഘത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകു. സിപിഎം എടവിലങ്ങ് ഈസ്റ്റ് ബ്രാഞ്ച് അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശിന്റെ ഭാര്യയുമായ മഞ്ജുവിന്റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സഹ. സംഘം സെക്രട്ടറി ഉള്‍പ്പെടെ ഭരണസമിതിയെ നോക്കുകുത്തിയാക്കിയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ലഘു സമ്പാദ്യപദ്ധതി, സ്ഥിര നിക്ഷേപം തുടങ്ങിയവക്കായി പിരിച്ചെടുത്ത പണമാണ് തട്ടിയെടുത്തതെന്നാണ് അറിയുന്നത്. സ്വര്‍ണ പണയത്തിലും ഒട്ടേറെ തിരിമറി നടന്നതായി സംശയിക്കപ്പെടുന്നു.
ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടും വനിതാ ജീവനക്കാരിക്കെതിരായോ സംഘം ഭരണസമിതിക്കെതിരെയോ പോലീസ് കേസെടുത്തിട്ടില്ല. സിപിഐക്കെതിരെ മത്സരിച്ചാണ് സിപിഎം ഈ സംഘത്തിലെ ഭരണം നേടിയത്. ഭരണ സ്വാധീനമുപയോഗിച്ച് തട്ടിപ്പ് തേച്ചുമായ്ക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: